അഹമ്മദാബാദ്: അവസാന രണ്ട് പന്തിൽ സിക്സും ഫോറും നേടിയാണ് രവീന്ദ്ര ചെന്നൈ സൂപ്പർ കിങ്സിന് അഞ്ചാം ഐപിഎൽ കിരീടം നേടിക്കൊടുത്തത്. തിങ്കളാഴ്ച അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ അവസാന പന്ത് വരെ ആവേശം നീണ്ട മത്സരത്തിലാണ് ജഡേജയുടെ മികവിൽ ഗുജറാത്ത് ടൈറ്റൻസിനെ തോൽപിച്ച് ചെന്നൈ കപ്പുയർത്തിയത്.
വിജയറൺ നേടിയശേഷം ജഡേജ നേരെ ഓടിയെത്തിയത് ക്യാപ്റ്റൻ ധോണിയുടെ അടുത്തേക്ക്. ചെന്നൈ ആരാധകര്‍ സന്തോഷത്താൽ വിതുമ്പുന്ന കാഴ്ചകളായിരുന്നു പിന്നീട് കണ്ടത്. ജഡേജയെ എടുത്തുയര്‍ത്തി കെട്ടിപ്പിടിച്ച് ധോണി സ്നേഹം പ്രകടിപ്പിച്ചു.
അതിനുശേഷം ഭാര്യയുടെ സമീപത്തെത്തിയ ജഡേജ റിവാബയെ കെട്ടിപ്പിടിച്ച് സ്നേഹം പ്രകടിപ്പിച്ചു. ഗുജറാത്തിലെ ബിജെപി എംഎൽഎ കൂടിയാണ് റിവാബ ജഡേജ.
“എന്റെ സ്വന്തം കാണികൾക്ക് മുന്നിൽ അഞ്ചാം കിരീടം നേടാൻ സാധിച്ചത് അതിശയകരമായി തോന്നുന്നു. സിഎസ്‌കെയെ പിന്തുണയ്ക്കാൻ ആരാധകര്‍ വലിയ തോതിൽ എത്തിയിരുന്നു. ഈ ജനക്കൂട്ടം അതിശയിപ്പിക്കുന്നതാണ്. രാത്രി വൈകുവോളം മഴ പെയ്തിറങ്ങാൻ അവർ കാത്തിരുന്നു. സിഎസ്കെ ആരാധകരോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഈ വിജയം ഞങ്ങളുടെ ടീമിലെ സ്പെഷ്യലായ എംഎസ് ധോണിക്ക് സമർപ്പിക്കാൻ ആഗ്രഹിക്കുന്നു. എന്ത് വന്നാലും ബാറ്റ് വീശണം എന്ന് വെറുതെ ചിന്തിച്ചു. അതെ എന്തും സംഭവിക്കാം. മോഹിതിന് പതുക്കെ പന്തെറിയാൻ കഴിയുമെന്നതിനാൽ ഞാൻ സ്ട്രെയിറ്റായി അടിക്കാൻ നോക്കുകയായിരുന്നു. സിഎസ്കെയുടെ ഓരോ ആരാധകർക്കും അഭിനന്ദനങ്ങൾ. നിങ്ങൾക്കാവുന്ന രീതിയിൽ ആഹ്ലാദിക്കുക” ജഡേജ പറഞ്ഞു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ