ലോഡ്സിലെ ഐതിഹാസിക വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ മൂന്നാം ടെസ്റ്റ് മത്സരത്തിനിറങ്ങിയ ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടിയാണ് ലീഡ്സില്‍ നേരിട്ടത്. മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഇന്ത്യയെ ഇന്നിങ്സിനും 76 റണ്‍സിനുമാണ് തോല്‍പ്പിച്ചത്. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇന്ത്യയും ഇംഗ്ലണ്ടും ഓരോ കളികള്‍ വീതം ജയിച്ച് സമനില പാലിക്കുകയാണ്. ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഇതുവരെ കഴിഞ്ഞ മൂന്ന് ടെസ്റ്റുകളിലും അനാവശ്യ ഷോട്ടുകള്‍ക്ക് ശ്രമിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്കെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓള് റൗണ്ടര്‍ ഇര്ഫാന് പഠാന് രംഗത്തെത്തുകയാണ്. ഓഫ് സ്റ്റമ്പിന് പുറത്തു വരുന്ന പന്തുകളില്‍ ഷോട്ടുകള്‍ക്ക് ശ്രമിച്ച് വിക്കറ്റ് കീപ്പര്‍ക്കോ, സ്ലിപ്പിലോ ക്യാച്ച് നല്കി മടങ്ങുന്നതിനെയാണ് പഠാന് പ്രധാനമായും വിമര്‍ശിക്കുന്നത്.
ബോളര്‍മാര്‍ക്കു മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള അമിത വ്യഗ്രതയാണ് ഇംഗ്ലണ്ടില്‍ വിരാട് കോഹ്ലിയുടെ മോശം ഫോമിന് കാരണമെന്ന് ഇര്ഫാന് പഠാന് പറഞ്ഞു. ആകാശ് ചോപ്രയുമായി അദ്ദേഹത്തിന്റെ യുട്യൂബ് ചാനലിനായി നടത്തിയ സംഭാഷണത്തിലാണ് പഠാന് ഇക്കാര്യം പറഞ്ഞത്. 'കോഹ്ലി ആധിപത്യം സ്ഥാപിക്കാന്‍ നോക്കുന്നത് ഓഫ് സ്റ്റമ്പിന് പുറത്ത് ഡെലിവറി കളിക്കാന്‍ ശ്രമിച്ചാണ്. എന്നാല്‍ സാങ്കേതികതയെക്കാള്‍ ആക്രമണാത്മക ചിന്തയാണ് അദ്ദേഹത്തിന്റെ പ്രശ്നങ്ങള്‍ക്ക് കാരണം. അയാള്‍ക്ക് റണ്‍സ് നേടേണ്ടതുണ്ടെന്നും അറിയാം. എന്നാല്‍ അമിത പ്രതീക്ഷകള്‍ അവനെ സ്വതന്ത്രമായി നീങ്ങാന്‍ അനുവദിക്കുന്നില്ല'- ഇര്ഫാന് വിശദമാക്കി.
സമാന അഭിപ്രായവുമായി മുന്‍ ഇന്ത്യന്‍ നായകന് സുനില്‍ ഗവാസ്കറും എത്തിയിരുന്നു. ഓഫ് സ്റ്റമ്പിന് പുറത്തു വരുന്ന പന്തുകളില്‍ ഷോട്ടുകള്‍ക്ക് ശ്രമിച്ച് വിക്കറ്റ് കീപ്പര്‍ക്കോ, സ്ലിപ്പിലോ ക്യാച്ച് നല്കി മടങ്ങുന്ന വിരാട് കോഹ്ലി പിന്നെയും നിരാശപ്പെടുത്തി എന്നാണ് ഗവാസ്കര്‍ പറയുന്നത്. അതേസമയം, ക്രീസിന് പുറത്തു നിന്ന് കോഹ്ലി ബാറ്റു ചെയ്യുന്നതില്‍ ഒരു തെറ്റുമില്ലെന്നും പക്ഷെ ഓഫ് സ്റ്റമ്പിന് പുറത്തുകൂടെ പോവുന്ന എല്ലാ പന്തും കളിക്കാന്‍ ശ്രമിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രശ്നമെന്നും ഗവാസ്കര്‍ പറഞ്ഞു.
'ഏതൊക്കെ പന്തുകള്‍ കളിക്കണം ഏതൊക്കെ വിടണം എന്ന ഷോട്ട് സെലക്ഷന് നടത്തേണ്ടതുണ്ട്. അക്കാര്യത്തില്‍ കോഹ്ലി വീണ്ടും വീണ്ടും നിരാശപ്പെടുത്തുകയാണ്. ചില പന്തുകള്‍ കളിക്കേണ്ട കാര്യം പോലുമില്ല. നാലാം സ്റ്റമ്പില്‍ വരുന്ന പന്ത് കളിച്ചുവെങ്കില്‍ പോട്ടെയെന്ന് വെക്കാം. ഇത് അഞ്ചും ആറും സ്റ്റംപുകളില്‍ വരുന്ന പന്തുകോള്‍ പോലും കളിക്കാന്‍ ശ്രമിക്കുകയാണ്. അത്തരം പന്തുകളില്‍ ബാറ്റുവെക്കേണ്ട ആവശ്യമേയില്ല. പന്തുകള്‍ കളിക്കാതെ വിടുന്നതില്‍ ഒരു പ്രശ്നവും വിചാരിക്കേണ്ട കാര്യമില്ലെന്ന് കോഹ്ലി മനസിലാക്കണം. കാരണം, ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാര് പോലും ഇംഗ്ലണ്ടില്‍ പലവട്ടം ബീറ്റണാവാറുണ്ട്. ശരീരത്തിനോട് ചേര്‍ന്ന് കളിക്കാന്‍ ശ്രമിച്ചിട്ട് പന്ത് ബീറ്റണാവുന്നതില്‍ തെറ്റില്ല.'- ഗവാസ്കര്‍ കൂട്ടിച്ചേര്‍ത്തു.
കോഹ്ലിയുടെ ഫോമിനേക്കുറിച്ച് വ്യാപക ചര്‍ച്ച ഉയരുന്നതിനിടെയാണ് പഠാന്റെ ഈ തുറന്നുപറച്ചില്‍. ഓഫ് സ്റ്റമ്പിന് പുറത്തേക്ക് പോകുന്ന പന്തുകള്‍ ഷോട്ടിന് ശ്രമിച്ചു പുറത്താക്കുന്നതാണ് ഇംഗ്ലണ്ടില്‍ വിരാട് കോഹ്ലി നേരിടുന്ന പ്രശ്നം. ഒരേ രീതിയിലാണ് ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് വിരാട് വിക്കറ്റ് നല്‍കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.