'ആദ്യ പന്ത് ആരെറിഞ്ഞാലും ഞാന്‍ സിക്‌സര്‍ പറത്തുമായിരുന്നു', വെളിപ്പെടുത്തലുമായി ഇഷാന്‍ കിഷന്‍

Last Updated:

ആദ്യ പന്ത് ആര് എറിഞ്ഞാലും താന്‍ സിക്‌സര്‍ അടിക്കുമെന്ന് ബാറ്റിംഗിന് ഇറങ്ങുന്നതിനു മുമ്പ് തന്നെ ടീമംഗങ്ങളോട് പറഞ്ഞിരുന്നുവെന്ന് ഇഷാന്‍ വെളിപ്പെടുത്തി.

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിനിടെ ഇഷാൻ കിഷൻ
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിനിടെ ഇഷാൻ കിഷൻ
ശ്രീലങ്കയ്ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം ശിഖാര്‍ ധവാന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം നേടിയിരിക്കുകയാണ്. സീനിയര്‍ താരങ്ങളില്ലാതെ ഇറങ്ങിയ ഇന്ത്യ അനായാസമായിത്തന്നെ ആതിഥേയരെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 36.4 ഓവറില്‍ വിജയലക്ഷ്യം മറികടന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ജയത്തോടെ മൂന്ന് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ 1-0ന് ഇന്ത്യ മുന്നിലെത്തി.
നായകന്‍ ശിഖാര്‍ ധവാന്റെയും അരങ്ങേറ്റ താരം ഇഷാന്‍ കിഷന്റെയും തകര്‍പ്പന്‍ അര്‍ദ്ധസെഞ്ച്വറി പ്രകടനങ്ങളാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. 95 പന്തില്‍ നിന്നും ആറ് ബൗണ്ടറികളും ഒരു സിക്‌സറും സഹിതം പുറത്താകാതെ 86 റണ്‍സാണ് ധവാന്‍ അടിച്ചു കൂട്ടിയത്. 42 പന്തില്‍ എട്ട് ബൗണ്ടറികളും രണ്ട് സിക്‌സറും അടക്കം 59 റണ്‍സാണ് ഇഷാന്‍ കിഷന്‍ നേടിയത്. ഏകദിനത്തില്‍ ഇഷാന്‍ കിഷന്റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇന്നലത്തേത്.
advertisement
ആദ്യ അന്താരാഷ്ട്ര ടി20 മത്സരത്തിലെ പോലെ തന്നെ നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തിയാണ് ഇഷാന്‍ കിഷന്‍ തന്റെ ഏകദിന അരങ്ങേറ്റവും ആര്‍ഭാടമാക്കിയത്. മത്സര ശേഷം സഹതാരം യുസ്വേന്ദ്ര ചഹലിന്റെ യൂട്യൂബ് ചാനലായ ചഹല്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ആദ്യ പന്ത് ആര് എറിഞ്ഞാലും താന്‍ സിക്‌സര്‍ അടിക്കുമെന്ന് ബാറ്റിംഗിന് ഇറങ്ങുന്നതിനു മുമ്പ് തന്നെ ടീമംഗങ്ങളോട് പറഞ്ഞിരുന്നുവെന്ന് ഇഷാന്‍ വെളിപ്പെടുത്തി. 'സാഹചര്യങ്ങളെല്ലാം എനിക്ക് അനുകൂലമായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ മുഴുവനും ഞാന്‍ വിക്കറ്റിനു പിന്നില്‍ നില്‍ക്കുകയായിരുന്നു. അത്‌കൊണ്ട് തന്നെ പിച്ചിന്റെ സ്വഭാവം നന്നായിട്ട് മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചു. ബൗളര്‍മാര്‍ക്ക് പിച്ചില്‍ നിന്ന് കാര്യമായി സഹായമൊന്നും ലഭിക്കുന്നില്ലെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ ബാറ്റിംഗിന് ഇറങ്ങുന്നതിന് മുമ്പ് തന്നെ ആദ്യ പന്ത് സിക്‌സര്‍ അടിക്കുമെന്ന് ഡ്രസിംഗ് റൂമില്‍ വച്ച് മറ്റു ടീമംഗങ്ങളോട് പറഞ്ഞിരുന്നു,' ഇഷാന്‍ കിഷന്‍ പറഞ്ഞു.
advertisement
ജന്മദിനത്തില്‍ ഏകദിന അരങ്ങേറ്റം നടത്തിയ ഇഷാന്‍ കിഷന്‍ അരങ്ങേറ്റ ടി20യിലും ഏകദിനത്തിലും അര്‍ധ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് ഇഷാന്‍ കിഷന്‍. 33 പന്തില്‍ ഇഷാന്‍ അര്‍ധ സെഞ്ച്വറി നേടി. അരങ്ങേറ്റ ഇന്ത്യക്കാരന്റെ വേഗമേറിയ രണ്ടാമത്തെ അര്‍ധസെഞ്ച്വറിയാണിത്. 26 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ക്രുണാല്‍ പാണ്ഡ്യയാണ് തലപ്പത്ത്. അരങ്ങേറ്റത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ഇഷാന്‍ കിഷന്‍. 1997ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ സാബ കരീം ഈ നേട്ടത്തിലെത്തിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ആദ്യ പന്ത് ആരെറിഞ്ഞാലും ഞാന്‍ സിക്‌സര്‍ പറത്തുമായിരുന്നു', വെളിപ്പെടുത്തലുമായി ഇഷാന്‍ കിഷന്‍
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement