‘ദ്രാവിഡ ഉത്ക്കല ബംഗ'; ദേശീയഗാനത്തിനിടെ ക്യാമറ രാഹുൽ ദ്രാവിഡിനു നേരെ തിരിച്ചു, ചർച്ചയാക്കി സോഷ്യൽ മീഡിയ
- Published by:Joys Joy
- trending desk
Last Updated:
കളിക്കളത്തിൽ ഇറങ്ങുന്നില്ല എങ്കിലും രാഹുൽ ദ്രാവിഡും ഇന്നലത്തെ കളിയിലെ മുഖ്യ ആകർഷണമായിരുന്നു.
ഇന്ത്യൻ ക്രിക്കറ്റിൽ ധാരാളം ആരാധകരുള്ള താരമാണ് രാഹുൽ ദ്രാവിഡ്. ക്രിക്കറ്റിൽ നിന്നും വിരമിച്ചെങ്കിലും ഇന്ന് ടീമിലുള്ള ഒട്ടുമിക്ക യുവതാരങ്ങൾക്കും പരിശീലനം നൽകി മികച്ച ക്രിക്കറ്ററാക്കി മാറ്റുന്നതിൽ രാഹുൽ ദ്രാവിഡിനുള്ള പങ്ക് വലുതാണ്. ശിഖർ ധവാന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ യുവതാരങ്ങൾ അടങ്ങുന്ന സംഘം ശ്രീലങ്കൻ പര്യടനം നടത്തുമ്പോൾ ടീമിന്റെ ഹെഡ് കോച്ചായി രാഹുൽ ദ്രാവിഡും ഒപ്പമുണ്ട്.
കൊളംബോയിലെ ആർ പ്രേമദാസ് സ്റ്റേഡിയത്തിൽ ഇന്നലെയായിരുന്നു ഇന്ത്യ - ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യമത്സരം. കോഹ്ലി ഉൾപ്പടെയുള്ള മുതിർന്ന താരങ്ങൾ ഇംഗ്ലണ്ട് പര്യടനത്തിലായതിനാൽ യുവതാരങ്ങൾ കൂടുതലുള്ള ടീമാണ് ശ്രീലങ്കൻ പര്യടനം നടത്തുന്നത്. രാഹുൽ ദ്രാവിഡ് ഹെഡ് കോച്ചായുള്ള ടീമാണ് കളത്തിലിറങ്ങുന്നത് എന്നതും ആരാധകരെ ആവേശത്തിലാക്കിയിരുന്നു.
കളിക്കളത്തിൽ ഇറങ്ങുന്നില്ല എങ്കിലും രാഹുൽ ദ്രാവിഡും ഇന്നലത്തെ കളിയിലെ മുഖ്യ ആകർഷണമായിരുന്നു. ഈ ആവേശം ക്യാമറാമാനും ഉൾക്കൊണ്ടിരുന്നുവെന്നാണ് ആരാധകർ കണ്ടെത്തിയിരിക്കുന്നത്. മത്സരത്തിന് മുമ്പുള്ള ഇന്ത്യയുടെ ദേശീയഗാന ആലാപനത്തിനിടെ ‘ദ്രാവിഡ ഉത്ക്കല ബംഗ’ എന്ന വരി എത്തിയപ്പോൾ രാഹുൽ ദ്രാവിഡിലേക്ക് ക്യാമറ തിരിച്ചത് ചൂണ്ടിക്കാട്ടിയാണ് ആരാധകരുടെ വാദം.
advertisement
— CricketMAN2 (@man4_cricket) July 18, 2021
ധാരാളം ക്രിക്കറ്റ് പ്രേമികളാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തത്. ക്യാമറാമാന്റെ നടപടിയെ അഭിനന്ദിച്ചായിരുന്നു ട്വീറ്റുകൾ എല്ലാം. 'ദ്രാവിഡ ഉത്ക്കല ബംഗ' എന്ന് വരി എത്തിയപ്പോൾ രാഹുൽ ദ്രാവിഡിനെ കാണിച്ചത് സമർത്ഥമായ ക്യാമറാവർക്ക് ആയിരുന്നുവെന്ന് ഒരാൾ അഭിപ്രായപ്പെട്ടു. ‘മത്സരത്തിലെ ലൈവ് നിയന്ത്രിച്ചത് ആരാണെന്ന് അറിയില്ല. ആര് തന്നെയായാലും ചെയ്തത് മികച്ച കാര്യമാണ്’ - മറ്റൊരാൾ അഭിപ്രായപ്പെട്ടു. രാഹുൽ ദ്രാവിഡിന്റെ ചിത്രം പങ്കുവെച്ചും ചിലർ ട്വീറ്റ് ചെയ്തു.
advertisement
അതേസമയം, ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ കോച്ചായി അധികം വൈകാതെ തന്നെ രാഹുൽ ദ്രാവിഡ് എത്തുമെന്ന് മുൻ ഇന്ത്യൻ ബാറ്റ്സ്മാനും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം കോച്ചുമായ ഡബ്ല്യു വി രാമൻ അഭിപ്രായപ്പെട്ടു. നിലവിൽ രവിശാസ്ത്രിയാണ് ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം കോച്ച്.
ഏഴു വിക്കറ്റിന്റെ അനായാസജയമാണ് ശ്രീലങ്കയ്ക്ക് എതിരെയുള്ള ആദ്യ ഏകദിനത്തിൽ ഇന്ത്യ നേടിയത്. ശ്രീലങ്ക ഉയർത്തിയ 263 റൺസ് വിജയലക്ഷ്യം 36.3 ഓവറിൽ മൂന്ന് വിക്കറ്റിനാണ് ഇന്ത്യ മറികടന്നത്. ക്യാപ്റ്റൻ ശിഖർ ധവാന്റെ 86 റൺസ്, അരങ്ങേറ്റ മത്സരം കളിക്കുന്ന ഇഷാൻ കിഷന്റെ 59 റൺസ്, പൃഥി ഷായുടെ 43 റൺസ് എന്നിവരുടെ മികച്ച പ്രകടനമാണ് ഇന്ത്യയെ അനായാസ ജയത്തിലേക്ക് നയിച്ചത്.
advertisement
ടോസ് നേടിയ ശ്രീലങ്ക നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് 262 റൺസ് എടുത്തത്. ലങ്കൻ നിരയിൽ നിന്ന് ആരും അർദ്ധ സെഞ്ച്വറി നേടിയില്ല. 43 റൺസ് എടുത്ത് പുറത്താകാതെ നിന്ന ചാമിക കരുണാരതേ ആണ് ശ്രീലങ്കക്ക് വേണ്ടി കൂടുതൽ റൺ നേടിയത്. ഇന്ത്യക്കായി കുൽദീപ്, ദീപക്ക് ചഹാർ, ചഹാൽ എന്നിവർ രണ്ടു വീതം വിക്കറ്റുകൾ വീഴ്ത്തി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 19, 2021 11:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
‘ദ്രാവിഡ ഉത്ക്കല ബംഗ'; ദേശീയഗാനത്തിനിടെ ക്യാമറ രാഹുൽ ദ്രാവിഡിനു നേരെ തിരിച്ചു, ചർച്ചയാക്കി സോഷ്യൽ മീഡിയ