മഡ്ഗാവ്: ഐഎസ്എല്ലില്‍ (ISL) വിജയവഴിയില്‍ തിരിച്ചെത്തി കേരള ബ്ലാസ്‌റ്റേഴ്‌സ് (Kerala Blasters). നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ (North East United) ഒന്നിനെതിരേ രണ്ടു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. ജയത്തോടെ പോയിന്റ് പട്ടികില്‍ രണ്ടാം സ്ഥാനത്തെത്താനും ബ്ലാസ്റ്റേഴ്സിനായി.
ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നുമായി സ്പാനിഷ് താരം അൽവാരോ വാസ്ക്വസ് (82), 62-ാം മിനിറ്റില്‍ പെരേര ഡിയാസ് എന്നിവരാണ് കേരളത്തിന്റെ വിജയശിൽപികൾ. 70ാം മിനിറ്റില്‍ മത്സരത്തിലെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ആയുഷ് അധികാരി പുറത്തായതിനുശേഷം 10 പേരുമായി കളിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് ജയം പിടിച്ചത്. ഇന്‍ജുറി ടൈമിന്റെ അവസാന മിനിറ്റില്‍ മുഹമ്മദ് ഇര്‍ഷാദിലൂടെ നോര്‍ത്ത് ഈസ്റ്റ് ആശ്വാസ ഗോള്‍ കണ്ടെത്തി.
ആദ്യ മത്സരങ്ങളിലെ കളം നിറഞ്ഞ് കളിക്കുന്ന ബ്ലാസ്‌റ്റേഴ്‌സിനെയല്ല ആദ്യ പകുതിയില്‍ കണ്ടത്. കോവിഡ് ബാധ താരങ്ങളെ ബുദ്ധിമുട്ടിച്ചു എന്നതിന് തെളിവായിരുന്നു ആദ്യ പകുതി. നോര്‍ത്ത് ഈസ്റ്റായിരുന്നു ആദ്യ പകുതിയില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചത്. ഒടുവില്‍ 62ാം മിനിറ്റിലാണ് ബ്ലാസ്‌റ്റേഴ്‌സ് കാത്തിരുന്ന ഗോള്‍ വന്നത്. നിഷു കുമാര്‍ ബോക്‌സിലേക്ക് നീട്ടിയ പന്ത് ഹര്‍മന്‍ജോത് ഖബ്ര ഡിയാസിന് മറിച്ച് നല്‍കി. ഉഗ്രനൊരു ഹെഡറിലൂടെ താരം പന്ത് വലയിലെത്തിക്കുകയായിരുന്നു.
എന്നാല്‍ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി 70ാം മിനിറ്റില്‍ ആയുഷ് അധികാരിക്ക് റഫറി മാര്‍ച്ചിങ് ഓര്‍ഡര്‍ നല്‍കി. സീസണില്‍ ആദ്യമായി 10 പേരായി ചുരുങ്ങിയ ബ്ലാസ്റ്റേഴ്‌സ് പക്ഷേ വിട്ടുകൊടുക്കാന്‍ ഒരുക്കമല്ലായിരുന്നു. 82-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിനെ പോലും ഞെട്ടിച്ച് വാസ്‌ക്വസിന്റെ ഗോളെത്തി. സ്വന്തം പകുതിയില്‍ നിന്ന് പന്ത് ലഭിച്ച വാസ്‌ക്വസ് നോര്‍ത്ത് ഈസ്റ്റ് ഗോള്‍കീപ്പര്‍ സുഭാശിഷ് ചൗധരി സ്ഥാനം തെറ്റിനില്‍ക്കുന്നത് മുതലെടുത്ത് തൊടുത്ത നെടുനീളന്‍ ഷോട്ട് കൃത്യമായി വലയില്‍. സുഭാശിഷ് പന്ത് തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവില്‍ ഇന്‍ജുറി ടൈമിന്റെ അവസാന മിനിറ്റില്‍ ഹെര്‍നന്‍ സന്റാനയുടെ പാസില്‍ നിന്ന് മുഹമ്മദ് ഇര്‍ഷാദ് നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തി.
കോവിഡ് സൃഷ്ടിച്ച ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ്‍സിയോട് എതിരില്ലാത്ത ഒരു ഗോളിനു തോറ്റിരുന്നു. നോർത്ത് ഈസ്റ്റിനെതിരായ വിജയത്തോടെ 13 കളികളിൽനിന്ന് 23 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് വീണ്ടും രണ്ടാം സ്ഥാനത്തേക്ക് കയറി. മുന്നിലുള്ളത് ബ്ലാസ്റ്റേഴ്സിനേക്കാൾ ഒരു കളി കൂടുതൽ കളിച്ച ഹൈദരാബാദ് എഫ്‍സി മാത്രം. 14 കളികളിൽനിന്ന് ഹൈദരാബാദിന് 26 പോയിന്റാണുള്ളത്. സീസണിലെ 10ാം തോൽവി വഴങ്ങിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 10 പോയിന്റുമായി ഏറ്റവും അവസാന സ്ഥാനത്ത് തുടരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.