ആറ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഐഎസ്എല്ലിൽ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. 2014-ലും 2016-ലും കയ്യെത്തുംദൂരത്ത് നഷ്ടമായ ഐഎസ്എൽ കിരീടം ഇക്കുറി നേടാനുറച്ചാകും ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക. ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ പ്രവേശത്തോടൊപ്പം ഐഎസ്എൽ ഫൈനലിൽ കാണികളെ അനുവദിച്ചിട്ടുണ്ടെന്നത് ആരാധകരുടെ സന്തോഷം ഇരട്ടിയാക്കുന്നുണ്ട്. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി മൂലം കഴിഞ്ഞ രണ്ട് സീസണുകളിലെ മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് നടന്നിരുന്നത്. കോവിഡ് വ്യാപനം കുറഞ്ഞു തുടങ്ങിയതോടെ ക്രിക്കറ്റ് മത്സരങ്ങൾക്ക് കാണികളെ പ്രവേശിപ്പിച്ച് തുടങ്ങിയിരുന്നെങ്കിലും ഐഎസ്എല്ലിൽ കാണികൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഇതിനെതിരെ വലിയ പ്രതിഷേധങ്ങളും ഉയർന്നിരുന്നു. എന്നാൽ കോവിഡിന്റെ വ്യാപനം ഗണ്യമായി കുറഞ്ഞതോടെ ഐഎസ്എൽ സംഘാടകർ ലീഗിലെ ഫൈനൽ മത്സരത്തിന് കാണികൾക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഞായറാഴ്ച 20 ന് വൈകീട്ട് ഗോവയിലെ ഫറ്റോർദ സ്റ്റേഡിയത്തിൽ വെച്ചാണ് കലാശപ്പോര് നടക്കുക. ആദ്യ സെമി മത്സരത്തിൽ ജംഷഡ്‌പൂരിനെ മറികടന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിലെ ആദ്യ ഫൈനലിസ്റ്റുകൾ ആയിരിക്കുകയാണ്. ഫൈനലിലേക്ക് യോഗ്യത നേടിയതിന് പിന്നാലെ മത്സരം കാണാനും ടീമിനെ പിന്തുണയ്ക്കാനും ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ച് ‘മഞ്ഞപ്പട’യെ ഫറ്റോർദയിലേക്ക് ക്ഷണിച്ച് കഴിഞ്ഞു. നീണ്ട ഇടവേളയ്ക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ എത്തിയത് ആഘോഷമാക്കുന്ന ഓരോ ബ്ലാസ്റ്റേഴ്‌സ് ആരാധകനും ഫൈനൽ മത്സരത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ്. എല്ലാവരും ഫറ്റോർദയിലെ സ്റ്റേഡിയത്തിൽ അവരുടെ സ്വന്തം ടീമിന്റെ മത്സരം നേരിട്ട് കാണാനാകുമോ എന്ന ആകാംക്ഷയിലാണ്. ഫൈനൽ മത്സരത്തിന്റെ ടിക്കറ്റുകൾ എങ്ങനെ ലഭിക്കും, ടിക്കറ്റുകൾ പൂർണമായും വിറ്റുകഴിഞ്ഞോ എന്നിങ്ങനെയുള്ള ഒരുപാട് ചോദ്യങ്ങളാണ് അവർ ഉന്നയിക്കുന്നത്. കലാശപ്പോരിനുള്ള ടിക്കറ്റുകൾ കിട്ടാനുള്ള വഴികൾ ഇതാ.
കലാശപ്പോരിന്റെ 50% ടിക്കറ്റുകളും ഇതിനോടകം വിറ്റു കഴിഞ്ഞതായാണ് സംഘാടകർ പറയുന്നത്. ഇതിൽ 90% ടിക്കറ്റുകളും ബ്ലാസ്റ്റേഴ്‌സ് ആരാധകരാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഈ സീസണിലെ കലാശപ്പോരിന് യോഗ്യത നേടുന്ന രണ്ടാമത്തെ ടീമിനെ ഇന്ന് എടികെ മോഹൻ ബഗാൻ –ഹൈദരാബാദ് എഫ്‌സി പോരാട്ടത്തിലൂടെ അറിയുമെങ്കിലും ഈ മത്സരത്തിന് മുൻപ് തന്നെ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റു തീർക്കാനാണ് സംഘാടകർ ഒരുങ്ങുന്നത്. രണ്ടാം ഫൈനലിസ്റ്റിനെ അറിയും മുൻപ് തന്നെ ഓൺലൈൻ ടിക്കറ്റ് വിൽപനയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നതായിരിക്കും. ഇന്ന് ഉച്ചയ്ക്ക് ശേഷം ഓൺലൈൻ ടിക്കറ്റ് വിൽപന പുനഃരാരംഭിക്കുമെന്നാണ് സംഘാടകർ അറിയിപ്പ് നൽകുന്നത്.
Also read- ISL | കേരള ബ്ലാസ്റ്റേഴ്സ് ഫൈനലില്‍; വാസ്‌കോയില്‍ വമ്പ്കാട്ടി മഞ്ഞപ്പട
ഫറ്റോർദ സ്റ്റേഡിയത്തിൽ ഓഫ്‌ലൈൻ ടിക്കറ്റ് വിൽപനയും നടക്കുന്നുണ്ട്. നിശ്ചിത എണ്ണം ടിക്കറ്റായിരിക്കും ഇവിടെ വിൽക്കുക. ഇന്ന് തന്നെ കലാശപ്പോരിന്റെ ഏകദേശം എല്ലാ ടിക്കറ്റുകളും വിറ്റുപോകുമെന്ന് ഉറപ്പായിട്ടുണ്ട്. സെമിയിൽ ജയിക്കുന്ന ടീം, ഹൈദരാബാദായാലും കൊൽക്കത്തയായാലും ഇവരുടെ ആരാധകർക്കും കുറച്ച് ടിക്കറ്റുകൾ മാറ്റിവെച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
19,000 പേർക്ക് മാത്രം ഇരിക്കാൻ കഴിയുന്ന ഫറ്റോർദ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിനായി ആകെ 18,000ത്തോളം ടിക്കറ്റുകളാണ് വിൽപനയ്ക്ക് വെച്ചത്. അതിൽ 7000 ത്തോളം ടിക്കറ്റുകൾ വിറ്റു കഴിഞ്ഞു. ബാക്കിയുള്ളവയിൽ 4000ത്തോളം ടിക്കറ്റുകൾ ടൂർണമെന്റിന്റെ പാർട്‌ണേഴ്‌സ് സ്പോൺസർമാര്‍ എന്നിവർ ഉൾപ്പെടെ കോംപ്ലിമെന്ററിയാണ്. ശേഷിക്കുന്ന 7000 ടിക്കറ്റുകളിൽ ഭൂരിഭാഗവും ബ്ലാസ്റ്റേഴ്സ് ആരാധകർതന്നെ സ്വന്തമാക്കുമെന്നാണ് കരുതുന്നത്.
ഫൈനലിനുള്ള ടിക്കറ്റുകൾ bookmyshow.com വഴി ആരാധകർക്ക് സ്വന്തമാക്കാവുന്നതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Isl, ISL 2021-22, Kerala blasters