ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിങ്സില്‍ 65.4 ഓവറില്‍ 183 റണ്‍സിന് ആതിഥേയരായ ഇംഗ്ലണ്ട് പുറത്തായിരിക്കുകയാണ്. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ചേര്‍ന്ന് ഇംഗ്ലീഷ് ബാറ്റിങ് നിരയെ തകര്‍ക്കുകയാണ് ഉണ്ടായത്. 108 പന്തില്‍ 11 ഫോറിന്റെ സഹായത്തോടെ 64 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോ റൂട്ടാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്കോറര്‍. ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാല് വിക്കറ്റുകളും മുഹമ്മദ് ഷമി മൂന്ന് വിക്കറ്റുകളും വീഴ്ത്തി.
തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറ കാഴ്ച്ചവെച്ചത്. 66 ആം ഓവറിലെ നാലാം പന്തില്‍ ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബൗളര്‍ ജെയിംസ് ആന്‍ഡേഴ്സണെ പുറത്താക്കിയാണ് ബുംറ ഇംഗ്ലണ്ട് ഇന്നിങ്സ് അവസാനിപ്പിച്ചത്. എന്നാല്‍ അതിനു തൊട്ടുമുന്‍പത്തെ പന്തില്‍ ബുംറയുടെ തകര്‍പ്പന്‍ യോര്‍ക്കര്‍ ആന്‍ഡേഴ്സന്റെ ഷൂവില്‍ കൊള്ളുകയും ഇന്ത്യന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്തതോടെ അമ്പയര്‍ വിക്കറ്റ് വിധിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ആന്ഡേഴ്സണ് അമ്പയറുടെ തീരുമാനം റിവ്യൂ ചെയ്തു. തേര്‍ഡ് അമ്പയരുടെ പരിശോധനയില്‍ അത് ഔട്ടല്ലയെന്ന് തെളിയുകയും ചെയ്തു. ഉടനെ ഇംഗ്ലണ്ട് കാണികള്‍ ആര്‍ത്തുവിളിക്കാന്‍ തുടങ്ങി. എന്നാല്‍ ആ ആഹ്ലാദത്തിന് നിമിഷങ്ങളുടെ ആയുസ്സ് പോലും ഉണ്ടായിരുന്നില്ല.
തൊട്ടടുത്ത പന്തില്‍ ഒരു ബുള്ളറ്റ് യോര്‍ക്കറിലൂടെ ബുംറ ആന്‍ഡേഴ്സണെ ക്ലീന്‍ ബൗള്‍ഡാക്കി ഇംഗ്ലണ്ട് ഇന്നിങ്സ് അവസാനിപ്പിച്ചു. 20.4 ഓവറില്‍ 46 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ ജസ്പ്രീത് ബുംറ നേടി. മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും ഷാര്‍ദുല്‍ താക്കൂര്‍ രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും ഇന്ത്യയ്ക്ക് വേണ്ടി നേടി.
ENGLAND HAS BEEN BOWLED OUT FOR 183!! ☝🏽
This time there is no leg in between 😉
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആതിഥേയര്‍ക്ക് അത്ര ഭേദപ്പെട്ട തുടക്കമല്ല ലഭിച്ചത്. ആദ്യത്തെ ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമായത് ഇംഗ്ലണ്ട് ടീമിന് തിരിച്ചടിയായി മാറി. സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയാണ് ആദ്യത്തെ ഓവറില്‍ വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ടിനെ ഞെട്ടിച്ചത്. ശേഷം ഇംഗ്ലണ്ട് മികച്ച രീതിയിലാണ് മുന്നോട്ട് നീങ്ങിയത്. രണ്ടാം വിക്കറ്റില്‍ 42 റണ്‍സ് നേടിയ സാക്ക് ക്രോളി- ഡൊമിനിക് സിബ്ലേ കൂട്ടുകെട്ടിനെ തകര്‍ത്ത് സിറാജാണ് ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ നല്‍കിയത്. 27 റണ്‍സ് നേടിയ ക്രോളിയെയാണ് സിറാജ് പുറത്താക്കിയത്. ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് 61/2 എന്ന നിലയിലായിരുന്നു.
സ്കോര്‍ 66 എത്തിയപ്പോള്‍ ഓപ്പണര്‍ ഡോം സിബ്ലിയെ മുഹമ്മദ് ഷമി കെ എല്‍ രാഹുലിന്റെ കൈകളില്‍ എത്തിച്ചു. പിന്നീട് ക്രീസിലൊരുമിച്ച നായകന് ജോ റൂട്ടും ജോണി ബെയര്‍സ്റ്റോയും മികച്ച രീതിയില്‍ ഇന്നിങ്സ് മുന്നോട്ട് നയിച്ചു. എന്നാല്‍ സ്കോര്‍ 138ല്‍ നില്ക്കുമ്പോള് ഷമി ബെയര്‍സ്റ്റോയെയും വീഴ്ത്തി. 29 റണ്‍സാണ് ബൈയര്‍സ്റ്റോ നേടിയത്. പിന്നീട് ക്രീസിലെത്തിയ ആര്‍ക്കും തന്നെ ബാറ്റിംഗില്‍ താളം കണ്ടെത്താനായില്ല. ലോറന്‍സ്, ജോസ് ബട്ട്ലര്‍, ഒലി റോബിന്‍സണ്‍ എന്നിവര്‍ ഡക്കായാണ് പുറത്തായത്. സ്കോര്‍ 155ല്‍ എത്തിയപ്പോള്‍ 108 പന്തില്‍ നിന്നും 64 റണ്‍സുമായി നായകന് റൂട്ടും മടങ്ങി.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.