കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം പണിയാനുള്ള നീക്കങ്ങള്‍ സജീവമാക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍. എറണാകുളം ജില്ലയില്‍ സ്റ്റേഡിയം നിര്‍മ്മിക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ താത്പര്യമറിയിച്ച് കെസിഎ പത്രപരസ്യം നല്‍കി. അന്താരാഷ്ട്ര നിലവാരത്തിലുള്ള കളിക്കളം ഒരുക്കുന്നതിന് 20 മുതല്‍ 30 ഏക്കര്‍ സ്ഥലമാണ് ആവശ്യമായിട്ടുള്ളത്. ഭൂമി നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് കെസിഎ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
കേരള ക്രിക്കറ്റ് അസോസിയേഷന് കൊച്ചിയില്‍ സ്വന്തമായി സ്റ്റേഡിയം പണിയാനുള്ള ശ്രമം ആരംഭിച്ചിട്ട് ഏറെക്കാലമായി. നിലവിൽ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾ നടത്തുന്നത്. എന്നാൽ ഇത് കേരള സർവകലാശാലയുടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയമാണ്. സ്റ്റേഡിയം പാട്ടത്തിനെടുത്താണ് കെസിഎ ഇവിടെ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
Also Read-ICC ടെസ്റ്റ്, ഏകദിനം, ടി-20 ടീമുകളിൽ ഇടം നേടി വിരാട് കോഹ്ലി; പിറന്നത് പുതിയ ചരിത്രം
മുന്‍പ് കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തിയിരുന്നെങ്കിലും ഇപ്പോള്‍ പൂര്‍ണമായും ഫുട്‌ബോള്‍ മാത്രമാണ് നടക്കുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടാണ് കലൂര്‍ സ്റ്റേഡിയം. വയനാട് കൃഷ്ണഗിരിയിലും ഇടുക്കി തൊടുപുഴയിലുമെല്ലാം കെ.സി.എ യ്ക്ക് ഗ്രൗണ്ടുകളുണ്ടെങ്കിലും അവയൊന്നും അന്താരാഷ്ട്ര നിലവാരത്തിലുള്ളതല്ല.
നിലവില്‍ നെടുമ്പാശ്ശേരിയിലും വല്ലാര്‍പാടത്തുമുള്ള ഭൂമിയാണ് കെ.സി.എ നോട്ടമിടുന്നത്. നെടുമ്പാശ്ശേരിയില്‍ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു.
ഈ മാസം നടന്ന ഇന്ത്യ–ശ്രീലങ്ക മത്സരത്തിനു പിന്നാലെ കെസിഎയും സംസ്ഥാന സർക്കാരും തമ്മിൽ ടിക്കറ്റ് നിരക്ക് ഉൾപ്പെടെയുള്ള കാര്യങ്ങളില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. മത്സരത്തില്‍ കാണികള്‍ കുറഞ്ഞ സംഭവം മുന്‍ ക്രിക്കറ്റ് താരങ്ങളടക്കം എടുത്ത് പറഞ്ഞത് ദേശീയ തലത്തില്‍ കേരളത്തിന്‍റെ കായികമേഖലയ്ക്ക് നാണക്കേടുണ്ടാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.