രഞ്ജിയിൽ കേരളത്തിന് ചരിത്രജയം
Last Updated:
തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റിലെ കരുത്തർക്കെതിരായ കേരളത്തിന്‍റെ വിജയഗാഥ തുടരുന്നു. നേരത്തെ ബംഗാളിനെ തോൽപ്പിച്ച കേരളം ഇപ്പോൾ സെവാഗും ഗംഭീറും കളിച്ചുവളർന്ന് താരമായി മാറിയ ഡൽഹിയെയും വീഴ്ത്തിയിരിക്കുന്നു. തുമ്പ സെന്‍റ് സേവ്യേഴ്സ് മൈതാനത്ത് നടന്ന മത്സരത്തിൽ ഡൽഹിയെ ഇന്നിംഗ്സിനും 27 റൺസിനുമാണ് കേരളം തോൽപിച്ചത്. കേരളം ഒന്നാം ഇന്നിംഗ്സിൽ ഉയർത്തിയ 320 റൺസ് പിന്തുടർന്ന ഡൽഹിയുടെ ആദ്യ ഇന്നിംഗ്സ് 139നും ഫോളോ ഓൺ ചെയ്തപ്പോൾ രണ്ടാം ഇന്നിംഗ്സ് 154നും അവസാനിച്ചു. സന്ദീപ് വാര്യരും ജലജ് സക്സേനയും മൂന്ന് വിക്കറ്റ് വീതം നേടി. ബേസിൽ തമ്പിക്കും ജോസഫിനും രണ്ട് വിക്കറ്റ് വീതം ലഭിച്ചു. ആദ്യ ഇന്നിംഗ്സിൽ ആറ് വിക്കറ്റ് ഉൾപ്പടെ മത്സരത്തിൽ ഒമ്പത് വിക്കറ്റെടുത്ത സക്സേനയാണ് കളിയിലെ താരം.
സ്‌കോര്‍- കേരളം 320, ഡൽഹി: 139 & 154
അഞ്ചിന് 41 എന്ന നിലയിലാണ് അവസാന ദിവസമായ ഇന്ന് ഡൽഹി ബാറ്റിങ് തുടർന്നത്. മധ്യനിര ബാറ്റ്‌സ്മാന്മാര്‍ പൊരുതിനോക്കിയെങ്കിലും ഡൽഹി ഇന്നിംഗ്സ് തകർന്നടിയാൻ അധികം സമയം വേണ്ടിവന്നില്ല. ക്യാപ്റ്റന്‍ ദ്രുവ് ഷോറെയാണ് ഇന്ന് ആദ്യം പുറത്തായത്. പിന്നാലെ അനുജ് റാവത്ത് (31), ശിവം ശര്‍മ (33), സുബോധ് ഭാട്ടി (30) എന്നിവരും മടങ്ങിയതോടെ ഡൽഹി അനിവാര്യമായ തോൽവി സമ്മതിക്കുകയായിരുന്നു.
advertisement
ഈ വിജയത്തോടെ കേരളത്തിന് ഏഴ് പോയിന്റ് ലഭിച്ചു. ഇതോടെ എലൈറ്റ് ഗ്രൂപ്പ് ബിയിൽ ആറ് മത്സരങ്ങളിൽനിന്ന് 20 പോയിന്‍റുമായി കേരളം ഒന്നാമതാണ്. അഞ്ച് കളികളിൽ 18 പോയിന്‍റുള്ള മധ്യപ്രദേശ് തൊട്ടുപിന്നിലുണ്ട്. മധ്യപ്രദേശിനോട് കേരളം തോറ്റിരുന്നു. കേരളത്തിന്‍റെ അടുത്ത രണ്ട് മത്സരങ്ങളും എതിരാളികളുടെ തട്ടകങ്ങളിലാണ്. ഒന്നിലെങ്കിലും വിജയിക്കാനായാല്‍ കേരളത്തിന് നോക്കൗട്ടിലെത്താനാകും.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 16, 2018 5:42 PM IST