KKR vs SRH Qualifier 1: ഹൈദരാബാദിന്റെ കരുത്തുറ്റ ബാറ്റിങ് നിരയെ തകർത്ത് കൊൽക്കത്ത; 159ന് പുറത്ത്

Last Updated:

മൂന്ന് വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കാണ് ഹൈദരാബാദിനെ തകര്‍ത്തത്. രാഹുല്‍ ത്രിപാഠി 35 പന്തില്‍ 55 റണ്‍സ് നേടി.

അഹമ്മദാബാദ്: ഈ ഐപിഎൽ സീസണിലുടനീളം സ്ഥിരത പുലർത്തിയ സൺ റൈസേഴ്സ് ഹൈദരാബാദ് ബാറ്റർമാരെ ആദ്യ ക്വാളിഫയറിൽ എറിഞ്ഞൊതുക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. നിശ്ചിത 20 ഓവര്‍ തികയ്ക്കാതെ എല്ലാവരും കൂടാരം കയറി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഒന്നാം ക്വാളിഫയറില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സണ്‍റൈസേഴ്‌സ് 19.3 ഓവറില്‍ 159നാണ് പുറത്തായത്. മൂന്ന് വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കാണ് ഹൈദരാബാദിനെ തകര്‍ത്തത്. രാഹുല്‍ ത്രിപാഠി 35 പന്തില്‍ 55 റണ്‍സ് നേടി. ഹെന്റിച്ച് ക്ലാസനും (32), ക്യാപ്റ്റന്‍ പാറ്റ് കമിന്‍സും (30) ചേര്‍ന്നാണ് ടീം സ്‌കോര്‍ ഭേദപ്പെട്ട നിലയിലെത്തിച്ചത്.
മികച്ച ഫോമിലുള്ള ഓപ്പണര്‍മാർ ആദ്യ രണ്ടോവറില്‍ തന്നെ മടങ്ങി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ആദ്യ ഓവറില്‍ ട്രാവിസ് ഹെഡും (0) വൈഭവ് അറോറയുടെ രണ്ടാം ഓവറില്‍ അഭിഷേക് ശര്‍മയും (3) പുറത്തായി. അഞ്ചാം ഓവറില്‍ നിതീഷ് റെഡ്ഢിയെയും (9) ഷഹബാസ് അഹ്‌മദിനെയും (0) അടുത്തടുത്ത പന്തുകളില്‍ മടക്കി സ്റ്റാര്‍ക്ക് ഹൈദരാബാദിനെ വീണ്ടും ഞെട്ടിച്ചു. ഇതോടെ പവര്‍ പ്ലേയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ താരമാവാനും (12 കളിയില്‍ ഒന്‍പത് വിക്കറ്റ്) സ്റ്റാര്‍ക്കിന് കഴിഞ്ഞു. 10 വിക്കറ്റുകളോടെ ഭുവനേശ്വര്‍ കുമാറാണ് ഒന്നാമത്.
advertisement
39 റണ്‍സിനിടെ നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ ഹൈദരാബാദ് പിൻസീറ്റിലായി. പവര്‍പ്ലേയില്‍ സണ്‍റൈസേഴ്‌സിന് നേടാനായത് 45 റണ്‍സ് മാത്രം. തകർച്ചക്കിടയിലും രാഹുല്‍ ത്രിപാഠിയുടെ ഇന്നിങ്സ് മികച്ചുനിന്നു. ഒരു സിക്‌സും ഏഴ് ഫോറുമാണ് ത്രിപാഠിയുടെ ബാറ്റില്‍ പിറന്നത്. ഐപിഎലിലെ ത്രിപാഠിയുടെ 12ാമത്തെ അര്‍ധ സെഞ്ചുറിയായിരുന്നു ഇന്നത്തേത്.
പതിനാലാം ഓവറിലെ രണ്ടാം പന്തില്‍ ത്രിപാഠി റണ്ണൗട്ടായി. പന്ത് നേരിട്ട അബ്ദുല്‍ സമദ് സിംഗിളിനായി ഓടിയെങ്കിലും പന്ത് കൈവശം കിട്ടിയ റസല്‍ ഉടന്‍തന്നെ വിക്കറ്റ് കീപ്പര്‍ ഗുര്‍ബാസിന് എറിഞ്ഞുനല്‍കി. ഗുര്‍ബാസ് ഒരു പിഴവും വരുത്താതെ സ്റ്റമ്പ് ചെയ്തു. മൂന്നാം പന്തില്‍ സന്‍വിര്‍ സിങിനെ (0) സുനിൽ നരെയ്ൻ ബൗൾഡ് ചെയ്തു.
advertisement
തൊട്ടടുത്ത ഹര്‍ഷിത് റാണയുടെ ഓവറില്‍ സമദും (16) ചക്രവര്‍ത്തിയുടെ ഓവറില്‍ ഭുവനേശ്വര്‍ കുമാറും (0) പുറത്തായതോടെ ഹൈദരാബാദ് 126 ല്‍ ഒന്‍പത് എന്ന നിലയില്‍ തകര്‍ന്നു. പത്താം വിക്കറ്റില്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും വിയാസ്‌കന്തും ചേര്‍ന്നാണ് പിന്നീട് ടീമിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഇരുവരും ചേര്‍ന്ന് 21 പന്തില്‍ 33 റണ്‍സ് നേടി. റസലിന്റെ അവസാന ഓവറിലെ മൂന്നാം പന്തില്‍ കമ്മിന്‍സ് (24 പന്തില്‍ 30) പുറത്താവുകയായിരുന്നു.
ഇതിനിടെ അഞ്ചാം വിക്കറ്റില്‍ ഹെന്റിച്ച് ക്ലാസനും ത്രിപാഠിയും ചേര്‍ന്ന് 36 പന്തില്‍ 62 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. ഇതോടെയാണ് തുടക്കത്തിലെ തകര്‍ച്ചയില്‍നിന്ന് ടീം ഒരുവിധം കരകയറിയത്. 11ാം ഓവറില്‍ ക്ലാസനെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 21 പന്തില്‍ 32 റണ്‍സാണ് ക്ലാസൻ നേടിയത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
KKR vs SRH Qualifier 1: ഹൈദരാബാദിന്റെ കരുത്തുറ്റ ബാറ്റിങ് നിരയെ തകർത്ത് കൊൽക്കത്ത; 159ന് പുറത്ത്
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement