India Vs England | ചൈനാമാൻ കുൽദീപ് യാദവിന് നാണക്കേടിന്റെ റെക്കോർഡ്
- Published by:Anuraj GR
- news18-malayalam
Last Updated:
മുൻ ഇന്ത്യൻ പേസ് ബോളർ വിനയ് കുമാറിന്റെ പേരിലായിരുന്ന നാണക്കേടിന്റെ റെക്കോര്‍ഡാണ് കുല്‍ദീപ് തിരുത്തിയത്
ഇന്ത്യയുടെ ഇടം കയ്യൻ ചൈനാമാൻ ബൗളർ കുൽദീപ് യാദവ് ഇന്നലത്തെ മത്സരത്തോടെ ഒരു നാണക്കേടിന്റെ റെക്കോർഡ് സ്വന്തം പേരിലാക്കി. ഇതിന്‍റെ പേരിൽ അന്താരാഷ്ട്ര കരിയര്‍ വരെ അവസാനിച്ചേക്കുമോ എന്നാണ് ആരാധകരുടെ ചർച്ചാവിഷയം. ഇന്നലെ നടന്ന രണ്ടാം ഏകദിന മല്‍സരത്തില്‍ 10 ഓവറുകള്‍ ബൗള്‍ ചെയ്ത കുല്‍ദീപ് വിട്ടുകൊടുത്തത് 84 റണ്‍സായിരുന്നു. ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞതുമില്ല. തുടക്കത്തില്‍ നന്നായി ബൗള്‍ ചെയ്‌തെങ്കിലും മധ്യഓവറുകളില്‍ കുല്‍ദീപിനെ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ ശരിക്കും തല്ലിച്ചതച്ചു.
ഒരു ഏകദിനത്തില്‍ കൂടുതല്‍ സിക്‌സറുകള്‍ വഴങ്ങിയ ഇന്ത്യന്‍ ബൗളറായി ഇതോടെ കുൽദീപ് മാറിയിരിക്കുകയാണ്. എട്ട് സിക്സറുകളാണ് താരം ഇന്നലത്തെ മത്സരത്തിൽ വഴങ്ങിയത്. മുൻ ഇന്ത്യൻ പേസ് ബോളർ വിനയ് കുമാറിന്റെ പേരിലായിരുന്ന നാണക്കേടിന്റെ റെക്കോര്‍ഡാണ് കുല്‍ദീപ് തിരുത്തിയത്. 2013ല്‍ ബെംഗളൂരുവില്‍ ഓസ്‌ട്രേലിയക്കെതിരേ വിനയ് കുമാർ ഏഴു സിക്‌സറുകള്‍ വിട്ടുകൊടുത്തതായിരുന്നു നേരത്തേയുള്ള മോശം പ്രകടനം. കുല്‍ദീപിന്റെ ഒരോവറില്‍ ബെന്‍ സ്‌റ്റോക്‌സ് ഹാട്രിക് സിക്‌സറുകളും പറത്തിയിരുന്നു
ടെസ്റ്റില്‍ ഇന്ത്യയുടെ നമ്പര്‍ വണ്‍ സ്പിന്നറെന്നു ഒരിക്കല്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി വിശേഷിപ്പിച്ചിട്ടുള്ള ബൗളര്‍ കൂടിയാണ് കുല്‍ദീപ്. ഇന്നലത്തെ മത്സരത്തിൽ ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സ് ആയിരുന്നു ഇരുപത്തിമൂന്നുകാരനായ കുൽദീപിനെ ശരിക്കും പ്രഹരമേൽപ്പിച്ചത്. ഹാട്രിക് സിക്സുകളടക്കം നാലെണ്ണമാണ് സ്റ്റോക്സ് പറത്തിയത്. ഓപ്പണർമാരായ ജോണി ബെയർസ്റ്റോ മൂന്നും ജേസൺ റോയ് ഒരു സിക്സറും അടിച്ചുകൂട്ടി. പഴയകാല ഫോമിന്റെ നിഴല്‍ മാത്രമായിതീര്‍ന്ന കുല്‍ദീപിനെയാണ് ഇപ്പോള്‍ കളിക്കളത്തില്‍ കാണാൻ കഴിയുന്നത്.
advertisement
You May Also Like- ഹാർദിക് പാണ്ഡ്യയെക്കൊണ്ട് പന്തെറിയിപ്പിക്കാത്തതിന്റെ കാരണം വ്യക്തമാക്കി കോഹ്ലി, തീരുമാനത്തെ ശക്തമായി വിമർശിച്ച് സെവാഗ്
ക്രൂണാൽ പാണ്ഡ്യയും കുൽദീപിനൊപ്പം റൺസ് വഴങ്ങുന്നതിൽ ഒട്ടും പിശുക്കിയിരുന്നില്ല. വെറും ആറോവറുകൾ എറിഞ്ഞ ക്രൂണൽ പാണ്ഡ്യ വിക്കറ്റുകളൊന്നും നേടാതെ ആറ് സിക്സറുകളടക്കം 72 റൺസാണ് വഴങ്ങിയത്. ഒരോവറില്‍ 28 റണ്‍സും വിട്ടുകൊടുത്തു. അഞ്ചു ബൗളര്‍മാരെ മാത്രം ഉപയോഗിക്കേണ്ടിവന്നതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഹാർദിക് പാണ്ഡ്യയ്ക്ക് ബൗളിങ് നൽകാത്തതിന് ഒരുപാട് വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഹാർദിക്കിന്റെ ജോലിഭാരം കുറക്കാൻ വേണ്ടിയാണ് താരത്തിന് ബൗളിങ് നൽകാതിരുന്നത് എന്നാണ് കോഹ്ലി ഇതിനെപറ്റി പ്രതികരിച്ചത്. നട്ടെല്ലിലെ സർജറിക്ക് ശേഷം താരം ബൗളിങ്ങിൽ അത്ര സജീവവുമല്ല. എന്നാലും ഇംഗ്ലണ്ടിനെതിരായ ടി20 മത്സരങ്ങളിൽ അദ്ദേഹം ബൗൾ ചെയ്ത് കളിയിൽ വഴിത്തിരിവുകൾ സൃഷ്ടിച്ചിരുന്നു.
advertisement
കുൽദീപ് ആദ്യ ഏകദിനത്തിലും പറയത്തക്ക പ്രകടനം പുറത്തെടുത്തിരുന്നില്ല. ആദ്യ മത്സരത്തിൽ വിക്കറ്റുകളൊന്നും നേടാതെ ഒമ്പതോവാറിൽ 68 റൺസ് താരം വിട്ടു കൊടുത്തിരുന്നു. ഇതോടെ നിർണായകമായ അവസാന ഏകദിനത്തിൽ താരത്തെ പരിഗണിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. കുൽദീപിന് പകരമായി യുസ്‌വേന്ദ്ര ചഹലോ, വാഷിംഗ്ടൺ സുന്ദറോ ടീമിൽ ഉൾപ്പെട്ടീക്കും.
News summary: Kuldeep Yadav concedes 8 sixes and claims unwanted Indian record.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 27, 2021 4:27 PM IST