1993 ൽ എറണാകുളത്ത് നടന്ന സന്തോഷ് ട്രോഫി (Santosh Trophy)ഫുട്ബോൾ ടൂർണമെന്റിലെ കിരീട നേട്ടം കേരളത്തിലെ കായിക മേഖലയ്ക്ക് ഒന്നാകെ നൽകിയത് പുതു ജീവനായിരുന്നു. കലൂർ സ്റ്റേഡിയത്തിന്റെ പിറവിക്ക് വരെ ആ നേട്ടം വഴിയൊരുക്കി. സംസ്ഥാനത്ത് അവധി പ്രഖ്യാപിച്ചു സർക്കാരും വിജയം ആഘോഷിച്ചു.
അന്ന് കിരീടം നേടിയ ടീമിന്റെ ക്യാപ്റ്റൻ കുരികേശ് മാത്യുവും ടീമിലെ നെടുംതൂണായിരുന്ന യു ഷറഫലിയും ഓർമകൾ ന്യൂസ് 18 മായി പങ്കുവെക്കുന്നു,
"അന്നത്തെ ജയത്തെ പറ്റി പറയുമ്പോൾ അതിന് മുൻപ് ഓർമയിൽ വരുന്നത് അന്നത്തെ ടീമിനെ പറ്റിയാണ്". യു ഷറഫലി പറഞ്ഞു തുടങ്ങി, "അന്ന് കേരള പോലീസിന്റെ എട്ടോ ഒൻപതോ കളിക്കാർ ടീമിൽ ഉണ്ടാകും. നാലോ അഞ്ചോ പേർ മാത്രമേ പുതിയതായി വരൂ. സ്ഥിരം ടീം കോംബിനേഷൻ ഉണ്ടാകും. ചെറിയ മാറ്റങ്ങൾ മാത്രമേ ഉണ്ടാകൂ. ഒരു നല്ല സ്ഥിരം ടീം എന്നത് റിസൾട്ട് ഉണ്ടാക്കിയിട്ടുണ്ട്".
ഇതിന്റെ ഗുണം കളിക്കുമ്പോൾ ശരിക്കും ലഭിച്ചിരുന്നു. കുരികേശ് മാത്യു പറഞ്ഞു തുടങ്ങി... "അന്ന് കളിക്കുന്ന എല്ലാവർക്കും പരസ്പരം അറിയാം. ആര് എങ്ങോട്ട് ബോൾ ഇടും, എങ്ങനെ കളിക്കും എന്നൊക്കെ കൃത്യമായി അറിയാം. നല്ല കോംബിനേഷൻ ആണ്. ഐ എം വിജയന് എങ്ങിനെ ബോൾ കൊടുക്കണം, എങ്ങിനെ കൊടുത്താൽ എങ്ങിനെ കളിക്കും.. എങ്ങിനെ കൊടുത്താൽ സിസർ കട്ട് കളിക്കും എന്നൊക്കെ അറിയാം.. അതെല്ലാം ടീമിന് മറ്റുള്ളവർക്ക് മേൽ ആധിപത്യം നൽകുന്നത് ആയിരുന്നു. 6 വർഷം തുടർച്ചയായി ജയങ്ങൾ നേടി മുന്നേറാൻ കഴിഞ്ഞത് മാറ്റമില്ലാത്ത ടീം കോംബിനേഷൻ കാരണം ആണ്".
Also Read-
പഞ്ചാബിനെതിരെ മിന്നും ജയം; ഗ്രൂപ്പ് ജേതാക്കളായി കേരളം സന്തോഷ് ട്രോഫി സെമിയിൽ
"ഇന്ന് അന്നത്തെ പോലെ അല്ല. ടീമിലെ പലരും പല പല ക്ലബ്ബ് ടീമുകളിൽ ആണ് കളിക്കുന്നത്. ഒരുമിച്ച് പ്രാക്ടീസ് ചെയ്യുന്നതും കളിക്കുന്നതും കുറവാണ്. കേരള ടീമിനു മാത്രമല്ല എല്ലാ ടീമിനും ഇതാണ് അവസ്ഥ." ഷറഫലി അഭിപ്രായപെട്ടു.
1993 ലെ സന്തോഷ് ട്രോഫി ജയം ഞങ്ങളെ സംബന്ധിച്ച് മറക്കാൻ കഴിയാത്തതാണ്. ഏറ്റവും മധുരമേറിയത്. കുരികേശ് മാത്യു ഓർമകളിലേക്ക് ഒരു ബാക്ക് പാസ് നടത്തി. "ആദ്യ ക്വാർട്ടറിൽ മഹാരാഷ്ട്രയോട് ഞങ്ങൾ പരാജയപ്പെട്ടിരുന്നു. അടുത്ത റൗണ്ടിൽ കയറാൻ പറ്റുമോ എന്ന് അറിയാതെ ആശങ്കപ്പെട്ട് സ്റ്റേഡിയത്തിൽ ഇരുന്നത് ഇന്നും ഓർമയുണ്ട്. കഷ്ടിച്ചാണ് അടുത്ത റൗണ്ടിൽ കടന്നത്. കേരളത്തിൽ നടക്കുന്ന ടൂർണമെന്റി നമ്മൾ തോൽക്കുക എന്ന് പറഞ്ഞാൽ ഓർക്കാൻ പോലും പറ്റില്ല. പക്ഷേ പിന്നെ എല്ലാം പ്ലാൻ പോലെ നടന്നു. മഹാരാഷ്ട്രയെ ആണ് ഫൈനലിൽ തോൽപ്പിച്ചത്. 2 ഗോളുകൾക്ക് നമ്മൾ ജയിച്ചു. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ആയിരുന്നു മൽസരം.
അജിത്ത് കുമാറും പാപ്പച്ചനും ആണ് അന്ന് സ്കോർ ചെയ്തത്. എറണാകുളം കേരളത്തിന്റെ മധ്യ ഭാഗത്ത് ആയതുകൊണ്ട് കളി കാണാൻ എല്ലാ നാട്ടിൽ നിന്നും ആളുകൾ വന്നു. അന്ന് ടിവിയിൽ കളി ഇല്ലാത്തതു കൊണ്ട് നേരിട്ട് വരിക മാത്രമായിരുന്നു വഴി. ഇപ്പോഴും ഓർമ്മയുണ്ട് ആ ജനക്കൂട്ടം... ആളുകൾ മൈതാനത്ത് ലൈനിന് അടുത്തും ലൈറ്റ് ടവറിൽ ഒക്കെ കയറി നിൽക്കുകയായിരുന്നു കളി കാണാൻ. മറക്കാൻ ആകില്ല ആ ജയം. അതിന് പിറ്റേ ദിവസം സർക്കാർ അവധി പ്രഖ്യാപിച്ചാണ് ജയം ആഘോഷിച്ചത്. ഇപ്പോഴും ആളുകൾ കാണുമ്പോൾ പറയാറുണ്ട് അന്നത്തെ അവധിയെ പറ്റി". കുരികേശ് മാത്യു പറഞ്ഞു നിർത്തിയിടത്ത് നിന്ന് യു ഷറഫലി പറഞ്ഞു തുടങ്ങി,
"എറണാകുളത്ത് അന്ന് കൂടിയ ജനം, അത്രയും ആളുകളെ ഒരു കളി കാണാൻ അതിന് മുൻപ് അവിടെ കണ്ടിട്ടില്ല. അത്രയും വലിയ ആഘോഷം ആയിരുന്നു. അതു തന്നെയാണ് കലൂർ സ്റ്റേഡിയത്തിന്റെ പിറവിക്ക് വഴി ഒരുക്കിയത്. ഇത്രയും അധികം ആളുകളെ ഉൾക്കൊള്ളാൻ പറ്റുന്ന ഒരു സ്റ്റേഡിയം എന്ന ആശയം മുഖ്യമന്ത്രിയുടെ മുന്നിലേക്ക് വന്നത് അങ്ങനെ ആണ്".
"സൗകര്യങ്ങളും സാഹചര്യങ്ങളും ഒരുപാട് മാറിയിട്ടുണ്ട് അന്നും ഇന്നും. ഇന്ന് പയ്യനാട് സ്റ്റേഡിയവും കോട്ടപ്പടി സ്റ്റേഡിയവും അന്തർദേശീയ നിലവാരത്തിൽ ആണ്. ടർഫും മറ്റ് സൗകര്യങ്ങളും ഒക്കെ എത്ര മെച്ചപ്പെട്ടു. അന്നൊക്കെ ബോൾ അടിച്ചാൽ ചാടി ചാടി ആണ് പോകുക, കൃത്യമായി ഒരിക്കലും ചെല്ലില്ല. കാരണം ടർഫ് അങ്ങനെ ആണ്. ഇപ്പോൾ അതല്ല, കൃത്യമായി പോകും. ഈ മൈതാനം ഒക്കെ കാണുമ്പോൾ കളിക്കാൻ പറ്റുന്നില്ലല്ലോ എന്ന സങ്കടമാണ് തോന്നുന്നത്.." കുരികേശ് മാത്യു പറഞ്ഞു.
കേരള ടീമിനെ സംബന്ധിച്ച് ഇക്കുറി അനുകൂലമായ ഒരുപാട് ഘടകങ്ങളും സാഹചര്യങ്ങളുമുണ്ട്. ഹോം ഗ്രൗണ്ട് എന്നത് വലിയ ആനുകൂല്യം ആണ്. കാണികളുടെ പിന്തുണ നൽകുന്നത് വലിയ ഊർജമാണ്. കാലാവസ്ഥ, ഭക്ഷണം ഇതൊക്കെ മറ്റ് എവിടെ എങ്കിലും ടൂർണമെന്റ് നടക്കുമ്പോൾ നമ്മുക്ക് അനുകൂലം ആകില്ല. പക്ഷേ ഇപ്പൊൾ അതെല്ലാം നമുക്ക് കൂടെ ഉണ്ട്. ഇനി വേണ്ടത് ഭാഗ്യമാണ്. നല്ല ടീം ആണ് ഇപ്പോഴുള്ളത്. ഭാഗ്യവും കൂടെ ഉണ്ടാകും. അതുകൊണ്ടുതന്നെ സന്തോഷ് ട്രോഫി കേരളം ഇക്കുറി നേടാനുള്ള സാധ്യതകൾ ഏറെയാണ്. മുൻ ചാമ്പ്യന്മാർ പറഞ്ഞുനിർത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.