ടോക്യോ ഒളിമ്പിക് യോഗ്യത നേടി വീണ്ടുമൊരു ഇന്ത്യൻ താരം. നീന്തലിലാണ് ഇന്ത്യക്ക് ഒളിമ്പിക് യോഗ്യത സ്വന്തമായത്. നീന്തലിൽ നിന്നും 21വയസ്സുകാരിയായ മാന പട്ടേലാണ് ടോക്യോയിലേക്ക് പോകുന്ന ഇന്ത്യൻ സംഘത്തിലേക്ക് നീന്തിക്കയറിയിരിക്കുന്നത്. ഒളിമ്പിക്സ് യോഗ്യതാ നേട്ടത്തോടൊപ്പം ചരിത്ര നേട്ടമാണ് മാന സ്വന്തമാക്കിയത്. ഒളിമ്പിക്സിലേക്ക് നീന്തൽക്കുളത്തിൽ നിന്നും യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന നേട്ടമാണ് ഈ 21കാരി സ്വന്തം പേരിലാക്കിയത്. ഇതിനു പുറമെ ഇന്ത്യയിൽ നിന്നും ഒളിമ്പിക്സിലേക്ക് യോഗ്യത നേടുന്ന മൂന്നാമത്തെ നീന്തൽ താരമാണ് മാന. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഒളിമ്പിക്സിൽ നീന്തലിൽ 100മീ ബാക്സ്ട്രോക്കിലാകും ഇന്ത്യയെ പ്രതിനിധീകരിച്ച് മാന മത്സരിക്കാൻ ഇറങ്ങുക.
നേരത്തെ നീന്തലിൽ നിന്നും രണ്ട് താരങ്ങളാണ് ഇന്ത്യക്കായി യോഗ്യത നേടിയത്. മലയാളിയായ സാജൻ പ്രകാശും, ശ്രീഹരി നടരാജുമാണ് ഇന്ത്യക്ക് വേണ്ടി നീന്തൽകുളത്തിൽ മെഡൽ പ്രതീക്ഷയുമായി ഇറങ്ങുന്ന ആ രണ്ടു താരങ്ങൾ. ഇവർ ഒളിമ്പിക് എ ലെവൽ യോഗ്യതാ മാർക്ക് പിന്നിട്ടാണ് ഇരുവരും യോഗ്യത നേടിയതെങ്കിൽ 'യൂണിവേഴ്‌സാലിറ്റി ക്വോട്ട'യിലാണ് മാനയുടെ ഒളിമ്പിക് പ്രവേശം. മാനയുടെ നേട്ടത്തെ അഭിനന്ദിച്ച് കേന്ദ്ര കായിക മന്ത്രിയായ കിരൺ റിജ്ജു ട്വീറ്റ് ചെയ്തിട്ടുണ്ട്. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും തങ്ങളുടെ അഭിനന്ദനം അറിയിച്ചിട്ടുണ്ട്.
21കാരിയായ മാന ദക്ഷിണ ഏഷ്യന്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവും നേടിയിട്ടുണ്ട്. 2016ല്‍ ഗുവാഹത്തിയില്‍ നടന്ന ദക്ഷിണ ഏഷ്യന്‍ ഗെയിംസിലാണ് മാന ഈ മെഡലുകളെല്ലാം നേടിയത്. ചെറിയ പ്രായത്തിൽ തന്നെ ഇത്രയും വലിയ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞതിൽ താരത്തിന് അഭിമാനനിക്കാം. ഏഴാം വയസ് മുതല്‍ തന്നെ മാന നീന്തല്‍ അഭ്യസിക്കുന്നുണ്ട്. സ്‌കൂള്‍ ഗെയിംസില്‍ 100 മീറ്റര്‍ ബ്ലാക് സ്ട്രോക്കിൽ 2015ൽ മാനയുടെ പേരിലുള്ള റെക്കോർഡ് ഇതുവരെയും ആരും തകർത്തിട്ടില്ല. 2018ലെ ദേശീയ സീനിയര്‍ അക്വാടിക് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് സ്വര്‍ണ്ണ മെഡലുകളും മാന നേടിയിരുന്നു.
Also read-ടോക്യോയിൽ ഹർഡിൽസ് ചാടിക്കടക്കാൻ മലയാളിയായ എം.പി. ജാബിർ; അനുമോദനവുമായി മലപ്പുറം ജില്ലാ കളക്ടർഅതേസമയം, യൂണിവേഴ്‌സാലിറ്റി ക്വോട്ടയിലാണ് മാനയുടെ ഒളിമ്പിക് പ്രവേശം എന്നതിനാൽ താരത്തിന് വലിയ പ്രതീക്ഷകൾ ഒന്നും ഇല്ല. ലോകോത്തര താരങ്ങൾ പങ്കെടുക്കുന്ന മേളയിൽ നിന്ന് ഭാവിയിലേക്ക് ഉപകാരപ്രദമാകുന്ന അനുഭവങ്ങൾ നേടിയെടുക്കുക എന്നതാണ് താരം ലക്ഷ്യമിടുന്നത്. ഒളിമ്പിക്സിൽ അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകൾ ഒന്നും വെക്കുന്നില്ല എന്ന് പറഞ്ഞ താരം 2023 വർഷത്തിലേക്കാണ് കണ്ണും നട്ടിരിക്കുന്നത്. രണ്ട് വർഷങ്ങൾക്കപ്പുറം നടക്കുന്ന കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും പോഡിയം നേട്ടമാണ് ഈ 21കാരി ലക്ഷ്യം വെക്കുന്നത്.
ഈ മാസം 23നാണ് ടോക്യോ ഒളിമ്പിക്‌സ് ആരംഭിക്കുന്നത്. കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ നീണ്ടുപോയ ഒളിമ്പിക്‌സില്‍ 339 വിഭാഗങ്ങളിലായി 11000ലധികം താരങ്ങള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യന്‍ താരങ്ങളില്‍ ഇത്തവണ വലിയ പ്രതീക്ഷ നല്‍കുന്ന നിരവധി താരങ്ങളുണ്ട്. നിരവധി യുവതാരങ്ങള്‍ ഒളിമ്പിക്‌സ് യോഗ്യത നേടിയെടുത്തിട്ടുണ്ട്.
Summary
Maana Patel secures Olympic berth in swimming through 'Universality Quota', becomes first Indian women to qualify for Olympics in Swimming
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.