യൂറോപ്പിലെ ക്ലബ് ഫുട്ബോളിലെ രാജാക്കന്മാർ ആരാണ് എന്നുള്ളതിന് ഇന്ന് ഉത്തരം ലഭിക്കും. പോർച്ചുഗലിലെ പോർട്ടോയിലാണ് ഈ സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ മത്സരം നടക്കുന്നത്. ഇന്നത്തെ 'ഇംഗ്ലീഷ് ഫൈനലിൽ' പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയും പ്രീമിയർ ലീഗിലെ മറ്റൊരു ക്ലബായ തോമസ് ടുച്ചെലിന്റെ ചെൽസിയുമാണ് കിരീടം നേടാൻ മത്സരിക്കുന്നത്. കോവിഡ് വ്യാപനം മൂലമാണ് തുർക്കിയിലെ ഇസ്താംബൂളിൽ നടക്കേണ്ടിയിരുന്ന മത്സരം പോർച്ചുഗലിലെ പോർട്ടോയിലേക്ക് മാറ്റുകയായിരുന്നു. പോർട്ടോയിലെ എസ്റ്റാഡിയോ ഡോ ഡ്രഗാവോയിൽ ഇന്ത്യൻ സമയം രാത്രി 12.30നാണ് കിക്കോഫ്. സോണി ചാനലുകളിൽ തൽസമയം കാണാം. സ്റ്റേഡിയത്തിലേക്ക് 16,500 കാണികൾക്ക് പ്രവേശനമുണ്ട്.
കഴിഞ്ഞ സീസണിലും കിരീടം ഇംഗ്ലണ്ടിലേക്ക് തന്നെയാണ് പോയത്. കഴിഞ്ഞ വട്ടം ഫൈനലിൽ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയെ തോൽപ്പിച്ച് ഇംഗ്ലിഷ് ക്ലബ്ബായ ലിവർപൂളാണ് കിരിടം നേടിയത്. ഈ സീസണിൽ സൂപ്പർ പരിശീലകനായ ഗ്വാർഡിയോളയുടെ കീഴിൽ അപാരഫോമിലാണ് സിറ്റി കളിക്കുന്നത്. മറുഭാഗത്ത് തോമസ് ടുച്ചെൽ ചെൽസി പരിശീലക സ്ഥാനം ഏറ്റെടുടത്തതിന് ശേഷം ചെൽസിയും മികച്ച രീതിയിലാണ് കളിക്കുന്നത്. സൂപ്പർ താരങ്ങൾ തിങ്ങി നിറഞ്ഞ രണ്ടു ടീമുകൾ പരസ്പരം പോരാടുമ്പോൾ ആരാകും കിരീടം നേടുക എന്നത് പ്രവചനാതീതമാണ്. സിറ്റിയും ചെൽസിയും അവസാന രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ചെൽസിക്ക് ഒപ്പമായിരുന്നു എന്നുള്ളത് ഫൈനലിൽ ഇറങ്ങുമ്പോൾ അവർക്ക് ചെറിയ മുൻതൂക്കം നൽകുന്നുണ്ട്.
എഫ് എ കപ്പിലും പ്രീമിയർ ലീഗിലുമായിരുന്നു ചെൽസി മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയത്. ആ രണ്ടു പരാജയങ്ങൾക്കും ഇന്ന് മറുപടി നൽകാനാവും മാഞ്ചസ്റ്റർ സിറ്റി ലക്ഷ്യമിടുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടമാണ് സിറ്റിയുടെ ലക്ഷ്യം. ചാമ്പ്യൻസ് ലീഗ് നിലവിൽ വരുന്നതിന് മുൻപ് ലീഗിന്റെ മുൻകാല പതിപ്പായ യുവേഫ വിന്നേഴ്സ് കപ്പ് 1970ൽ നേടിയത് മാത്രമാണ് സിറ്റിക്ക് യൂറോപ്പിലെ ഒന്നാം നിര ക്ലബ്ബ് പോരാട്ടത്തിൽ എടുത്ത് പറയാനുള്ളത്.
Also Read-
സിദാന് പകരക്കാരനെ തേടുന്നു; പൊച്ചട്ടീനോ, കോണ്ടെ എന്നിവരെ ലക്ഷ്യം വെച്ച് റയൽ മാഡ്രിഡ്മറുവശത്ത്, ചെൽസി തങ്ങളുടെ രണ്ടാം ചാമ്പ്യൻസ് ലീഗ് കിരീടമാണ് ലക്ഷ്യമിടുന്നത്. 2012ൽ ബയൺ മ്യൂണിക്കിനെ വീഴ്ത്തിയാണ് ചെൽസി അവരുടെ ആദ്യ കിരീടം നേടിയത്. ഒമ്പത് വർഷത്തിന് ശേഷം ഒരു ചാമ്പ്യൻസ് ലീഗ് കിരീടം കൂടി നേടാൻ ആണ് അവരും കൊതിക്കുന്നത്. അവരുടെ പരിശീലകനായ ടുച്ചലിന്റെ കീഴിലെ ആദ്യ കിരീടം എന്ന കാത്തിരിപ്പിനും അവർക്ക് ഇന്ന് അവസാനം കുറിക്കേണ്ടതുണ്ട്. ഈ സീസണിൽ ചെൽസിയുടെ രണ്ടാം ഫൈനലാണിത്. നേരത്തെ എഫ് എ കപ്പിലെ ഫൈനൽ മത്സരത്തിൽ ലെസ്റ്റർ സിറ്റിയോട് അവർ പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ ഫൈനലിൽ വിജയം നേടുക എന്നത് അവർക്ക് അനിവാര്യമായ കാര്യമാണ്.
ഇന്നത്തെ മത്സരത്തിൽ ഇരു ടീമുകളുടെയും കാര്യമെടുത്താൽ വ്യക്തികളെ ആശ്രയിക്കാതെ ഒരു കൂട്ടം താരങ്ങളുടെ മികവിൽ കളിക്കുന്ന ടീമാണ് സിറ്റി. ഡിബ്രൂയിനെയും മഹ്റെസും ഫോഡനും ഗുൺഡോഗനും റൂബൻ ഡയസും കാൻസലോയും എല്ലാവരും മികച്ച കളിക്കാരാണ്. ഗോൾ വല കാക്കുന്ന എദേഴ്സണും സിറ്റിയുടെ വിശ്വസ്തനായ കളിക്കാരനാണ്. ഇതുകൂടാതെ ഈ സീസണോടെ സിറ്റി വിട്ട് പോകുന്ന അഗ്വേറോയും മികച്ച ഫോമിലാണ്. ടീം വിട്ട് പോകുന്ന അവരുടെ പ്രിയ താരത്തിന് കിരീടം നേടി കൊടുക്കാൻ തന്നെയാകും ഗ്വാർഡിയോളയും സംഘവും ലക്ഷ്യം വയ്ക്കുന്നത്.
അതേസമയം ടുച്ചെലിന്റെ കീഴിൽ ഒരു പുതിയ ടീമായി മാറിയ ചെൽസി നിരയിലും ഒരു കൂട്ടം മികച്ച കളിക്കാർ ഉണ്ട്. വേർണർ, മേസൺ മൗണ്ട്, പുലിസിച്ച്, ഹാവേർട്സ്, കാന്റെ, ആസ്പ്ലിക്വേറ്റ, തിയാഗോ സിൽവ, ഗോളി മെൻഡി എന്നിങ്ങനെ സിറ്റിക്ക് വെല്ലുവിളി ഉയർത്താൻ കഴിവുള്ള താരനിര തന്നെയാണ് ചെൽസിക്കും ഉള്ളത്. മികച്ച ഫോമിലുള്ള ഗോളി എഡ്വാർഡ് മെൻഡിയും എൻഗോളെ കാന്റെയും ഫൈനലിൽ കളിക്കുമോ എന്നത് ആദ്യം സംശയം ആയിരുന്നെങ്കിലും ഇരുവരുടെയും പരുക്ക് മാറിയ ആശ്വാസത്തിലാണ് ചെൽസി. തിമോ വെർണർ, കെയ് ഹാവെർട്സ്, മേസൺ മൗണ്ട് മുന്നേറ്റ നിരയിലാണ് കോച്ച് തോമസ് ടുച്ചെലിന്റെ പ്രതീക്ഷ.
Also Read-
'ചാമ്പ്യൻസ് ലീഗ് ഫൈനൽ ആയിരിക്കാം, പക്ഷേ അത് തനിക്ക് മറ്റൊരു സാധാരണ ഫുട്ബോൾ മത്സരം മാത്രം'നേരത്തെ പ്രീമിയർ ലീഗും ലീഗ് കപ്പും സ്വന്തമാക്കിയ സിറ്റിക്ക് ഇന്ന് ജയിക്കാനായൽ സീസണിൽ ട്രെബിൾ കിരീട നേട്ടം ആഘോഷിക്കാം. അതോടൊപ്പം ചെൽസിയെ തോൽപ്പിക്കാൻ കഴിഞ്ഞാൽ ബാഴ്സയിലും ബയേണിലും അത്ഭുതങ്ങൾ സൃഷ്ടിച്ച പെപ് ഗാർഡിയോളക്കും ഇതൊരു അവിസ്മരണീയ നേട്ടം തന്നെയാകും.
ഇരു ടീമുകളും തമ്മിലുള്ള നേർക്കുനേർ കണക്കുകളിൽ സിറ്റിയും ചെൽസിയും ഇതുവരെ 168 മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ചെൽസി എഴുപത് കളിയിലും സിറ്റി 59 കളിയിലും ജയിച്ചു. ബാക്കി മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ രണ്ടുതവണയേ സിറ്റിയും ചെൽസിയും നേർക്കുനേർ വന്നിട്ടുള്ളൂ. രണ്ട് തവണയും ചെൽസിക്കായിരുന്നു ജയം. മത്സരത്തിൽ ആരാകും കിരീടം നേടുക എന്നത് കാത്തിരുന്ന് കാണാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.