Premier League | പ്രീമിയര്‍ ലീഗില്‍ കിരീടധാരണം വൈകും; ചെല്‍സിക്കെതിരെ സിറ്റിക്ക് തോല്‍വി

Last Updated:

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ നേടിയാണ് ചെല്‍സി മത്സരം സ്വന്തമാക്കിയത്

പ്രീമിയര്‍ ലീഗ് കിരീടം കയ്യെത്തും ദൂരത്തില്‍ ഉണ്ടായിട്ടും എത്തിപ്പിടിക്കാന്‍ ആവാതെ മാഞ്ചസ്റ്റര്‍ സിറ്റി. ലീഗ് കിരീടം ഉറപ്പിക്കാന്‍ അവര്‍ക്ക് ഇനിയും കാത്തിരിക്കണം. ഇന്നലെ ചെല്‍സിക്കെതിരായ മത്സരത്തില്‍ വിജയിച്ചാല്‍ ലീഗ് കിരീടം നേടാമായിരുന്നുവെങ്കിലും ചെല്‍സിക്ക് മുന്നില്‍ ഒരിക്കല്‍ കൂടെ പെപ്പിന്റെ ടീമിന് കാലിടറി.
സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിലാണ് ചെല്‍സി വിജയം നേടിയത്. മാര്‍കോ അലോന്‍സോയാണ് ചെല്‍സിയുടെ വിജയ ഗോള്‍ നേടിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ നേടിയാണ് ചെല്‍സി മത്സരം സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ സിറ്റി താരം അഗ്വേറോ പെനല്‍റ്റി നഷ്ടപ്പെടുത്തിയത് കളിയില്‍ നിര്‍ണായകമായി.
മത്സരത്തിലെ ആദ്യ പകുതിയില്‍ സ്റ്റെര്‍ലിങ് ആണ് മാഞ്ചസ്റ്റര്‍ സിറ്റിയെ മുന്നില്‍ എത്തിച്ചത്. 43ആം മിനുട്ടില്‍ ചെല്‍സി താരം ക്രിസ്റ്റന്‍സന്‍ വരുത്തിയ പ്രതിരോധ പിഴവ് മുതലാക്കി ചെല്‍സി ബോക്‌സിലേക്ക് മുന്നേറിയ സിറ്റി താരം ഗബ്രിയേല്‍ ജിസ്യുസ് ബോക്‌സിനുള്ളില്‍ നില്‍ക്കുകയായിരുന്ന അഗ്വേറോക്ക് പാസ് നല്‍കി. പക്ഷേ അഗ്വേറോയ്ക്ക് പന്ത് കാലില്‍ നിയന്ത്രിക്കാനായില്ല. താരത്തിന്റെ ഫസ്റ്റ് ടച്ച് പാളി പന്ത് കാലില്‍ നിന്ന് തെറിച്ചെങ്കിലും പന്തിലേക്ക് ഓടിയടുത്ത സ്റ്റെര്‍ലിംഗ് ഞൊടിയിടയില്‍ എടുത്ത ഷോട്ടില്‍ പന്ത് ചെല്‍സി വല തുളച്ചു. ഈ ഗോളിന് പിന്നാലെ 45ആം മിനുട്ടില്‍ സിറ്റിക്ക് ലീഡ് ഉയര്‍ത്താനുള്ള ഒരു സുവര്‍ണാവസരം ലഭിച്ച തായിരുന്നു. ബോക്‌സിനുള്ളില്‍ സിറ്റി താരം സ്റ്റെര്‍ലിംഗിനെ വീഴ്ത്തിയതിന് റഫറി സിറ്റിക്ക് അനുകൂലമായി പെനല്‍റ്റി വിധിച്ചു. പക്ഷെ പെനല്‍റ്റി കിക്കെടുത്ത അഗ്വേറോയ്ക്ക് പിഴച്ചു. താരത്തിന്റെ ദുര്‍ബലമായ പനേങ്കാ കിക്ക് ചെല്‍സി ഗോളി മെന്‍ഡി അനായാസം കയ്യിലൊതുക്കി.
advertisement
രണ്ടാം പകുതിയില്‍ സമനില ഗോള്‍ നേടാന്‍ ചെല്‍സി ശ്രമിച്ചു കൊണ്ടേയിരുന്നു. 63ആം മിനുട്ടില്‍ അവരുടെ ശ്രമങ്ങള്‍ ഫലം കണ്ടു. അസ്പ്ലിക്വെറ്റയുടെ പാസില്‍ നിന്ന് ഒരു ഇടന്‍ കാലന്‍ ഷോട്ടിലൂടെ ഹകിം സിയെച് ചെല്‍സിക്ക് സമനില നേടിക്കൊടുത്തു. രണ്ടാം പകുതിയില്‍ ചെല്‍സി തുടര്‍ ആക്രമണങ്ങളുമായി സിറ്റി ഡിഫന്‍സിന് തലവേദന സൃഷ്ടിച്ചുകൊണ്ടേയിരുന്നു. 78ആം മിനുട്ടില്‍ വെര്‍ണറിലൂടെയും 80ആം മിനുട്ടില്‍ ഹഡ്‌സണ്‍ ഒഡോയിയിലൂടെയും ചെല്‍സി വല കുലുക്കിയെങ്കിലും രണ്ടും ഓഫ്‌സൈഡ് ആയിരുന്നു.
advertisement
എന്നാല്‍ ചെല്‍സി ഇതില്‍ ഒന്നും തളര്‍ന്നില്ല. ഇഞ്ചുറി ടൈമിലേക്ക് കടന്ന മത്സരത്തില്‍ ഒരു മികച്ച ടീം വര്‍ക്കോടെ നടത്തിയ മുന്നേറ്റത്തില്‍ അവര്‍ കളിയിലെ രണ്ടാം ഗോള്‍ നേടി. അലോന്‍സോയായിരുന്നു ചെല്‍സിക്ക് വിജയ ഗോള്‍ നേടിക്കൊടുത്തത്.
ഈ പരാജയം സിറ്റിയുടെ കിരീടത്തിനായുള്ള കാത്തിരിപ്പ് നീട്ടിയെങ്കിലും ചെല്‍സിയുടെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതക്ക് ഇത് വലിയ ഊര്‍ജ്ജമായി. മത്സരം തോറ്റിരുന്നെങ്കില്‍ ലീഗിലെ അവരുടെ നാലാം സ്ഥാനത്തിന് തന്നെ ഭീഷണി ആകുമായിരുന്നു. ഇന്നലത്തെ ജയത്തോടെ ചെല്‍സി 64 പോയിന്റുമായി ലീഗില്‍ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. ലീഗില്‍ ഒന്നാമതുള്ള സിറ്റിക്ക് 80 പോയിന്റാണ് ഇപ്പോള്‍ ഉള്ളത്. രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് 67 പോയിന്റും. ഇനി സിറ്റിക്ക് അവശേഷിക്കുന്ന 3 മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റ് നേടുകയോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒരു മത്സരം പരാജയപ്പെടുകയോ ചെയ്താല്‍ സിറ്റിക്ക് കിരീടം നേടാം.
advertisement
ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ റിഹേഴ്‌സല്‍ എന്ന നിലയില്‍ പേരെടുത്ത മത്സരത്തില്‍ സിറ്റിക്കെതിരെ ജയിക്കാനായത് ചെല്‍സിക്ക് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇറങ്ങുമ്പോള്‍ ആത്മവിശ്വാസം നല്‍കും. പുതിയ കോച്ചായ തോമസ് ടുഷേലിന് കീഴില്‍ അവിസ്മരണീയ പ്രകടനങ്ങള്‍ നടത്തുന്ന ടീമിന് ചാമ്പ്യന്‍സ് ലീഗും നേടാനാകും എന്ന് തന്നെയാണ് ചെല്‍സി ആരാധകരുടെ പ്രതീക്ഷ. മെയ് 29ന് ഇസ്താംബൂളില്‍ വച്ചാണ് ഫൈനല്‍ മത്സരം നടക്കുക.
മലയാളം വാർത്തകൾ/ വാർത്ത/Sports/
Premier League | പ്രീമിയര്‍ ലീഗില്‍ കിരീടധാരണം വൈകും; ചെല്‍സിക്കെതിരെ സിറ്റിക്ക് തോല്‍വി
Next Article
advertisement
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
  • സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് മികച്ച പ്രിൻസിപ്പാൾ പുരസ്കാരം ലഭിച്ചു.

  • ഹിജാബ് വിവാദങ്ങൾക്കിടയിൽ റോട്ടറി ഇന്‍റർനാഷണൽ ക്ലബ് സിസ്റ്റര്‍ ഹെലീന ആല്‍ബിയെ ആദരിച്ചു.

  • തിരുവനന്തപുരത്ത് അടുത്ത മാസം നടക്കുന്ന ചടങ്ങിൽ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് പുരസ്കാരം സമ്മാനിക്കും.

View All
advertisement