News18 MalayalamNews18 Malayalam
|
news18-malayalam
Updated: April 5, 2021, 5:05 PM IST
Mohamed Salah (Photo Credit Reuters)
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഫോമിലേക്ക് തിരിച്ചെത്തി നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ. കരുത്തരായ ആഴ്സനലിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്താണ് ലിവർപൂൾ വിജയമാഘോഷിച്ചത്. മറ്റൊരു മത്സരത്തിൽ മാഞ്ചെസ്റ്റർ യുണൈറ്റഡ് ബ്രൈട്ടണെ കീഴടക്കിയപ്പോൾ ടോട്ടനം ന്യൂ കാസിലിനോട് സമനില വഴങ്ങി
ആഴ്സനലിന്റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽവെച്ച് നടന്ന മത്സരത്തിൽ ലിവർപൂളിനായി ഡിയെഗോ യോട്ട രണ്ട് ഗോളുകൾ നേടിയപ്പോൾ മൂന്നാം ഗോൾ സൂപ്പർതാരം മുഹമ്മദ് സലായുടെ വക ആയിരുന്നു. ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തെത്താനും ചെമ്പടക്ക് സാധിച്ചു.
ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടുഗോളുകൾ തിരിച്ചടിച്ചാണ് മാഞ്ചെസ്റ്റർ യുണൈറ്റഡ് ബ്രൈട്ടണെ കീഴടക്കിയത്. യുണൈറ്റഡിനെ ഞെട്ടിച്ചുകൊണ്ട് 13-ാം മിനിട്ടിൽ ഡാലി വെൽബെക്കിലൂടെ ബ്രൈട്ടണാണ് ആദ്യം മുന്നിലെത്തിയത്. ആദ്യപകുതിയിൽ ടീം 1-0 ന് മുന്നിലായിരുന്നു.
Also Read-
കുപിതനായ ക്യാപ്റ്റൻ കൂൾ, പോരടിച്ച ഗംഭീറും കോഹ്ലിയും: ഐപിഎൽ ചരിത്രത്തിലെ വിവാദങ്ങൾ അറിയാം
എന്നാൽ രണ്ടാം പകുതിയിൽ ഉണർന്നുകളിച്ച ചുവന്ന ചെകുത്താന്മാർ 62-ാം മിനിട്ടിൽ ഒരു ഗോൾ തിരിച്ചടിച്ചു. മാർക്കസ് റാഷ്ഫോർഡാണ് ടീമിനായി ഗോൾ നേടിയത്. ബ്രൂണോ ഫെർണാണ്ടസിന്റെ പാസിൽ നിന്നാണ് ഗോൾ പിറന്നത്. പിന്നാലെ 83-ാം മിനിട്ടിൽ പോൾ പോഗ്ബ നൽകിയ പാസ് ഹെഡ്ഡ് ചെയ്ത് വലയിലെത്തിച്ച് യുവതാരം മേസൺ ഗ്രീൻവുഡ് ടീമിനായി വിജയം സമ്മാനിച്ചു.
Also Read-
IPL 2021| തിളങ്ങിയാല്‍ ദേശീയ ടീമിലേക്ക് തിരിച്ചെത്താം; പ്രതീക്ഷയോടെ 3ഇന്ത്യന്‍ താരങ്ങൾ
ഈ വിജയത്തോടെ യുണൈറ്റഡ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടരുന്നു. 30 മത്സരങ്ങളിൽ നിന്നും 60 പോയിന്റാണ് ടീമിനുള്ളത്. 31 മത്സരങ്ങളിൽ നിന്നും 74 പോയിന്റുള്ള മാഞ്ചെസ്റ്റർ സിറ്റിയാണ് പട്ടികയിൽ മുന്നിൽ. ലീഗ് കിരീടം സിറ്റി ഏറെക്കുറെ ഉറപ്പാക്കിയിരിക്കുകയാണ്.
Also Read-
IPL 2021| മുംബൈയിൽ ഐപിഎൽ മത്സരങ്ങൾ നടത്തുമോ? നയം വ്യക്തമാക്കി ബിസിസിഐ
കരുത്തരായ ടോട്ടനത്തെ ന്യൂകാസിലാണ് സമനിലയിൽ പൂട്ടിയത്. ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി പിരിഞ്ഞു. 28-ാം മിനിട്ടിൽ ജോയലിൻടണിലൂടെ ന്യൂകാസിലാണ് ആദ്യം ലീഡെടുത്തത്. എന്നാൽ 30-ാം മിനിട്ടിൽ ടോട്ടനത്തിനായി നായകൻ ഹാരി കെയ്ൻ സമനില ഗോൾ നേടി. നാലുമിനിട്ടുകൾക്ക് ശേഷം വീണ്ടും സ്കോർ ചെയ്ത് കെയ്ൻ ടീമിന് 2-1 ന്റെ ലീഡ് സമ്മാനിച്ചു. എന്നാൽ കളിയവസാനിക്കാനിരിക്കേ 85-ാം മിനിട്ടിൽ ഗോൾ നേടി വില്ലോക്ക് ന്യൂകാസിലിനായി സമനില ഗോൾ നേടി. ഈ സമനിലയോടെ ടോട്ടനം അഞ്ചാം സ്ഥാനത്തും ന്യൂകാസിൽ 17-ാം സ്ഥാനത്തും തുടരുന്നു. നാലാം സ്ഥാനത്ത് എത്താനുള്ള സുവർണാവസരമാണ് ടോട്ടനം നഷ്ടപ്പെടുത്തിയത്.
Published by:
Rajesh V
First published:
April 5, 2021, 5:05 PM IST