നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • കാസര്‍ഗോഡുകാരൻ മൊഹമ്മദ് അസ്ഹറുദ്ദീന്‍റെ വെടിക്കെട്ട്; അതിവേഗ സെഞ്ച്വറി; കരുത്തരായ മുംബൈയെ അട്ടിമറിച്ച് കേരളം

  കാസര്‍ഗോഡുകാരൻ മൊഹമ്മദ് അസ്ഹറുദ്ദീന്‍റെ വെടിക്കെട്ട്; അതിവേഗ സെഞ്ച്വറി; കരുത്തരായ മുംബൈയെ അട്ടിമറിച്ച് കേരളം

  സയിദ് മുഷ്താഖ് അലി ട്രോഫിയിൽ ഒരു കേരള താരം സെഞ്ച്വറി നേടുന്നതും കേരളം മുംബൈയെ തോൽപ്പിക്കുന്നതും ചരിത്രത്തിൽ ആദ്യമായാണ്. 

  mohammed azharuddin

  mohammed azharuddin

  • Share this:
   മുംബൈ: വെടിക്കെട്ട് ബാറ്റിങ്ങുമായി യുവതാരം മൊഹമ്മദ് അസ്ഹറുദ്ദീൻ കളംനിറഞ്ഞപ്പോൾ സയിദ് മുഷ്താഖ് അലി ടി20യിൽ കരുത്തരായ മുംബൈയെ എട്ടു വിക്കറ്റിന് അട്ടിമറിച്ച് കേരളം. മുംബൈ ഉയർത്തിയ 197 റൺസിന്‍റെ വിജയലക്ഷ്യം 25 പന്തും എട്ടു വിക്കറ്റും ശേഷിക്കെ അനായാസം കേരളം മറികടക്കുകയായിരുന്നു. 54 പന്തിൽ പുറത്താകാതെ 137 റൺസെടുത്ത മൊഹമ്മദ് അസ്ഹറുദ്ദീനാണ് കേരളത്തിന്‍റെ വിജയശിൽപി. 11 സിക്സറും 9 ഫോറും ഉൾപ്പെടുന്നതായിരുന്നു അസ്ഹറുദ്ദീന്‍റെ തകർപ്പൻ ഇന്നിംഗ്സ്. കേരളത്തിനുവേണ്ടി നായകൻ സഞ്ജു വി സാംസൺ 22 റൺസെടുത്തു. ഓപ്പണറായി ഇറങ്ങിയ റോബിൻ ഉത്തപ്പ 33 റൺസെടുത്തു. അസ്ഹറുദ്ദീനൊപ്പം രണ്ടു റൺസുമായി സച്ചിൻ ബേബി പുറത്താകാതെ നിന്നു. സയിദ് മുഷ്താഖ് അലി ട്രോഫിയിൽ ഒരു കേരള താരം സെഞ്ച്വറി നേടുന്നതും കേരളം മുംബൈയെ തോൽപ്പിക്കുന്നതും ചരിത്രത്തിൽ ആദ്യമായാണ്.

   നേരത്തെ ടോസ് നേടിയ കേരളം ഫീൽഡിങ് തെരഞെടുക്കുകയായിരുന്നു. എന്നാൽ കേരള ബൌളർമാരെ തച്ചുതകർത്ത് മുന്നേറിയ മുംബൈ നിശ്ചിത 20 ഓവറിൽ ഏഴിന് 196 റൺസ് അടിച്ചുകൂട്ടി. 42 റൺസെടുത്ത ആദിത്യ താരെയാണ് മുംബൈയുടെ ടോപ് സ്കോറർ. യശ്വസി ജെയ്സ്വാൾ(42), ക്യാപ്റ്റൻ സൂര്യകുമാർ യാദവ്(38) ശിവം ദുബെ(26) എന്നിവരും മുംബൈയ്ക്കായി തിളങ്ങി.

   കേരളത്തിനുവേണ്ടി ജലജ് സക്സേന, കെ.എം ആസിഫ് എന്നിവർ മൂന്നു വിക്കറ്റു വീതം നേടി. അതേസമയം മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത് ബൌളിങിൽ നിരാശപ്പെടുത്തി. 4 ഓവർ എറിഞ്ഞ ശ്രീശാന്തിന് 47 റൺസ് വഴങ്ങി വിക്കറ്റൊന്നും നേടാനായില്ല.

   മറുപടി ബാറ്റിങ്ങിൽ തുടക്കം മുതൽ ആക്രമിച്ചു കളിച്ച മൊഹമ്മദ് അസ്ഹറുദ്ദീൻ കരുത്തരായ മുംബൈ ബൌളിങ് നിരയ്ക്കെതിരെ ആധിപത്യം നേടി. മുൻ ഇന്ത്യൻ താരം ധവാൽ കുൽക്കർണി നേതൃത്വം നൽകിയ മുംബൈ ബൌളർമാരെ തലങ്ങും വിലങ്ങും പായിച്ചാണ് അസ്ഹറുദ്ദീൻ കേരളത്തെ ലക്ഷ്യത്തിലേക്ക് എത്തിച്ചത്. ഒന്നാം വിക്കറ്റിൽ ഉത്തപ്പയ്ക്കൊപ്പം 9.3 ഓവറിൽ 129 റൺസ് കൂട്ടിച്ചേർക്കാനും അദ്ദേഹത്തിന് സാധിച്ചു.

   Also Read- Video | വീണ്ടും ശ്രീശാന്ത് ; മടങ്ങിവരവിൽ ഫാബിദിന്‍റെ സ്റ്റംപ് തെറിപ്പിച്ചു

   തുടർന്നെത്തിയ നായകൻ സഞ്ജു വി സാംസനൊപ്പം ചേർന്ന് വലിയ നഷ്ടം കൂടാതെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. സയിദ് മുഷ്താഖ് അലി ചാംപ്യൻഷിപ്പിലെ വേഗതയാർന്ന രണ്ടാമത്തെ സെഞ്ച്വറിയാണ് അസ്ഹറുദ്ദീൻ നേടിയത്. 37 പന്തിലാണ് അദ്ദേഹം സെഞ്ച്വറി തികച്ചത്. 31 പന്തിൽ സെഞ്ച്വറി നേടിയ ഡൽഹി താരം റിഷഭ് പന്തിന്‍റെ പേരിലാണ് വേഗമേറിയ സെഞ്ച്വറി റെക്കോർഡ്.
   Published by:Anuraj GR
   First published:
   )}