കോഹ്ലിയും ക്രുനാലും തിളങ്ങി; പരമ്പര കൈവിടാതെ ഇന്ത്യ
Last Updated:
സിഡ്നി: ഓസ്ട്രേലിയക്കെതിരായ അവസാന ട്വന്റി 20യിൽ ഇന്ത്യക്ക് 6 വിക്കറ്റ് ജയം. 165 റൺസ് വിജയലക്ഷ്യം 2 പന്ത് ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു. വിരാട് കോലിയുടെ അർദ്ധസെഞ്ച്വറിയും ക്രുണാൽ പാണ്ഡ്യയുടെ 4 വിക്കറ്റ് നേട്ടവുമാണ് ഇന്ത്യക്ക് ജയമൊരുക്കിയതിൽ നിർണായകമായത്. മൂന്ന് മത്സര പരമ്പര 1-1ന് സമനിലയിലായി. ക്രുനാൽ പാണ്ഡ്യയാണ് മാൻ ഓഫ് ദ മാച്ച്. ധവാനാണ് മാൻ ഓഫ് ദ സീരീസ്.
അത്ര വലുതല്ലാത്ത ലക്ഷ്യം തേടിയാണ് ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങിയത്. ധവാനും രോഹിതും നൽകിയത് ആശിച്ച തുടക്കം. 22 പന്തിൽ 41 റൺസെടുത്ത ധവാൻ പുറത്താകുമ്പോൾ 5.3 ഓവറിൽ 67. 23 റൺസെടുത്ത രോഹിതും പിന്നാലെ മടങ്ങി. 13 റൺസെടുത്ത രാഹുലും അനാവശ്യ ഷോട്ടിന് ശ്രമിച്ച് റണ്ണൊന്നുമെടുക്കാതെ പന്തും പുറത്തായെങ്കിലും കാർത്തികിനെ കൂട്ടുപിടിച്ച് കോലി മുന്നോട്ട് കുതിച്ചു. കോലി 41 പന്തിൽ പുറത്താകാതെ 61 ഉം കാർത്തിക് 18 പന്തിൽ 22 ഉം റൺസെടുത്തു. അവസാന ഓവർ വരെ വിരാട് കോലി ക്രീസിലുണ്ടെങ്കിൽ ഇന്ത്യൻ ജയം ഉറപ്പെന്ന പതിവിന് ഇക്കുറിയും മാറ്റമുണ്ടായില്ലെന്നതാണ് മത്സരം തെളിയിച്ചത്.
advertisement
നേരത്തെ വമ്പൻ സ്കോറിലേക്ക് കുതിച്ച ഓസ്ട്രേലിയയെ ക്രൂനാല്‍ പാണ്ഡ്യയുടെ നാല് വിക്കറ്റ് പ്രകടനത്തിലൂടെയാണ് ഇന്ത്യ പിടിച്ച് കെട്ടിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിൽ 164 റണ്‍സ് നേടുകയായിരുന്നു. ആരോണ്‍ ഫിഞ്ചും ജോണ്‍ ഷോര്‍ട്ടും ചേര്‍ന്ന് ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. 8.3 ഓവറില്‍ 68 റണ്‍സായിരുന്നു ഓപ്പണര്‍മാര്‍ അടിച്ചെടുത്തത്. 28 റണ്‍സ് നേടിയ ഫിഞ്ചിനെ കുല്‍ദീപ് പുറത്താക്കിയതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ച് വരികയായിരുന്നു. തൊട്ട് പിന്നാലെ 33 റണ്‍സ് നേടിയ ഷോര്‍ട്ടിനെ പാണ്ഡ്യ വിക്കറ്റിന് മുന്നില്‍ കുരുക്കുകയും ചെയ്തു. മക്ഡര്‍മോട്ടിനെ റണ്‍സെടുക്കും മുമ്പെയും ക്രൂനാല്‍ മടക്കി. തകര്‍ച്ചയിലേക്ക് കൂപ്പുകുത്താനൊരുങ്ങിയ ഓസീസിനെ അവസാന നിമിഷം ആഞ്ഞടിച്ച സ്റ്റോയിനിസാണ് 150 കടത്തിയത്. 15 പന്തില്‍ നിന്ന് താരം പുറത്താകാതെ 25 റണ്‍സ് നേടി. ഇന്ത്യക്കായി ക്രൂനാലിനു പുറമെ കുല്‍ദീപ് യാദവ് ഒരു വിക്കറ്റ് നേടി.
advertisement
പരമ്പരയിലെ ആദ്യ കളി ഓസ്ട്രേലിയ ജയിച്ചപ്പോൾ രണ്ടാം മത്സരം മഴ മൂലം തടസപ്പെട്ടിരുന്നു.
അടുത്ത മാസം ആറിന് ടെസ്റ്റ് പരമ്പരക്ക് തുടക്കമാകും.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 25, 2018 5:17 PM IST