• HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021 |ക്രിസ് ഗെയ്ല്‍ ഐപിഎല്ലില്‍ നിന്നും പിന്മാറി; മടങ്ങുന്നത് ബയോബബിളിലെ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ

IPL 2021 |ക്രിസ് ഗെയ്ല്‍ ഐപിഎല്ലില്‍ നിന്നും പിന്മാറി; മടങ്ങുന്നത് ബയോബബിളിലെ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ (സിപിഎല്‍) ബബിളില്‍ നിന്ന് നേരിട്ടാണ് ഗെയ്ല്‍ ഐപിഎല്ലിലേക്ക് എത്തിയത്. ഇതിനിടയില്‍ താരം ഇടവേള കണ്ടെത്തിയിരുന്നില്ല.

Chris Gayle

Chris Gayle

  • Share this:
    ഐപിഎല്‍ പതിനാലാം സീസണ്‍ യുഎഈയില്‍ പുരോഗമിക്കുന്നതിനിടെ പിന്മാറ്റം പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍. ബയോ ബബിളിലെ സമ്മര്‍ദം താങ്ങാന്‍ കഴിയുന്നില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ഗെയ്ല്‍ ഈ സീസണിലെ ഇനിയുള്ള മത്സരങ്ങളില്‍ കളിക്കില്ലെന്ന് അറിയിച്ചത്.

    വരാനിരിക്കുന്ന ടി20 ലോകകപ്പിനു മുന്‍പ് മാനസികമായി ഒരു തയ്യാറെടുപ്പ് ആവശ്യമായതിനാലാണ് ഐപിഎല്ലില്‍ നിന്ന് മടങ്ങുന്നതെന്ന് ഗെയ്ല്‍ അറിയിച്ചു. 'കഴിഞ്ഞ കുറച്ച് മാസങ്ങളായി വെസ്റ്റ് ഇന്‍ഡീസ്, സിപിഎല്‍, ഐപിഎല്‍ എന്നിവയുടെ ബയോ ബബിളിന്റെ ഭാഗമായിരുന്നു ഞാന്‍. ഇതില്‍ നിന്ന് ഒരു മാറ്റം ആഗ്രഹിക്കുന്നു. മാനസികാവസ്ഥ മെച്ചപ്പെടുത്തേണ്ടതുണ്ട്. ട്വന്റി 20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ സഹായിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇടവേള അനുവദിച്ച പഞ്ചാബ് കിങ്‌സിന് നന്ദി'- പ്രസ്താവനയില്‍ ഗെയ്ല്‍ പറഞ്ഞു.

    പഞ്ചാബ് കിങ്സും ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. 'ബയോബബിള്‍ ജീവിതം ദുഷ്‌കരമായതിനാല്‍ ക്രിസ് ഗെയില്‍ ഐപിഎല്ലില്‍ നിന്ന് മടങ്ങുകയാണ്. ആദ്യം സിപിഎല്‍ ബബിളിലും പിന്നീട് ഐപിഎല്‍ ബബിളിലും ഭാഗമായിരുന്നതിനാല്‍ ടി20 ലോകകപ്പിനു മുന്‍പ് മാനസികമായി ഉന്മേഷം വീണ്ടെടുക്കണമെന്ന് അദ്ദേഹം അറിയിച്ചിരുന്നു'- പഞ്ചാബ് കിങ്സ് അറിയിച്ചു.

    Read also: Bio bubble | ബയോ ബബിള്‍ ആശയത്തില്‍ സ്കൂൾ തുറക്കാൻ പദ്ധതി; എന്താണ് ബയോ ബബിള്‍?

    42കാരനായ ഗെയ്ല്‍ രണ്ടാം പാദത്തില്‍ രണ്ട് മത്സരങ്ങളാണ് കളിച്ചത്. എന്നാല്‍, 15 റണ്‍സ് മാത്രമേ അദ്ദേഹത്തിന് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞുള്ളൂ. കരീബിയന്‍ പ്രീമിയര്‍ ലീഗിലെ (സിപിഎല്‍) ബബിളില്‍ നിന്ന് നേരിട്ടാണ് ഗെയ്ല്‍ ഐപിഎല്ലിലേക്ക് എത്തിയത്. ഇതിനിടയില്‍ താരം ഇടവേള കണ്ടെത്തിയിരുന്നില്ല. യുഎഈയില്‍ നടക്കുന്ന രണ്ടാം ഘട്ടത്തില്‍ പഞ്ചാബിനായി രണ്ട് മത്സരങ്ങളില്‍ മാത്രമാണ് കുട്ടി ക്രിക്കറ്റിലെ ഇതിഹാസം ക്രീസിലെത്തിയത്. ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ഉണര്‍വ് കണ്ടെത്തുകയാണ് പിന്മാറ്റത്തിലൂടെ താരത്തിന്റെ ലക്ഷ്യം.

    IPL 2021 |ഐപിഎല്ലിന് 380 മില്യണ്‍ ടിവി പ്രേക്ഷകര്‍; സന്തോഷം പങ്കുവെച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ

    ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഈ സീസണില്‍ മത്സരങ്ങള്‍ ടിവിയിലൂടെ കാണുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതായി ബിസിസിഐ സെക്രട്ടറി ജയ് ഷാ. കോവിഡ് മൂലം നീട്ടിവെച്ച 2021 ഐപിഎല്ലിന്റെ രണ്ടാം ഘട്ടം യുഎഇയില്‍ പുനാരാരംഭിച്ചതിന് പിന്നാലെയാണ് ജയ് ഷാ കാണികള്‍ക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

    കഴിഞ്ഞ സീസണ്‍ ഐപിഎല്ലിനെ അപേക്ഷിച്ച് ടെലിവിഷന്‍ പ്രേക്ഷകരുടെ എണ്ണത്തില്‍ 12മില്ല്യണിന്റെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നതെന്നും ജയ് ഷാ പറഞ്ഞു. രണ്ടു ഘട്ടമായി ടൂര്‍ണമെന്റ് നടത്തിയിട്ടും കാഴ്ചക്കാരില്‍ താല്‍പര്യം കുറഞ്ഞിട്ടില്ലെന്നാണ് പുറത്തു വരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. 35 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 380 മില്യണ്‍ ടിവി കാഴ്ചക്കാരാണ് ഐപിഎല്‍ 2021 ന് ഉള്ളത്. 2020 ലെ കാഴ്ചക്കാരില്‍ നിന്ന് 12 മില്യണിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

    '2021 ഐപിഎല്ലിന്റെ കാഴ്ചക്കാരുടെ എണ്ണം വര്‍ധിച്ചതില്‍ സന്തോഷമുണ്ട്. 35 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 380 മില്യണ്‍ ടിവി കാഴ്ചക്കാരാണ് ഐപിഎല്‍ 2021 ന് ഉള്ളത്. 2020 ലെ കാഴ്ചക്കാരില്‍ നിന്ന് 12 മില്യണിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. എല്ലാവര്‍ക്കും നന്ദി'. ജയ്ഷാ ട്വീറ്റില്‍ കുറിച്ചു.
    Published by:Sarath Mohanan
    First published: