IND vs SA | 'യുവനിര കളിച്ച രീതിയിൽ അഭിമാനം': ഏകദിനത്തിലെ തോൽവിക്ക് ശേഷം ശിഖർ ധവാൻ
- Published by:Anuraj GR
- trending desk
Last Updated:
ഇന്ത്യയുടെ ഫീൽഡിംഗ് ലഖ്നൗവിൽ അത്ര മികച്ചതായിരുന്നില്ലെന്നും അതിനാൽ ദക്ഷിണാഫ്രിക്കയ്ക്ക് കുറച്ച് റൺസ് അധികം നേടാനായെന്നും ധവാൻ പറഞ്ഞു
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യൻ ടീമിലെ യുവ താരങ്ങളായ ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, ശാർദ്ദുൽ ഠാക്കൂർ എന്നിവർ കളിച്ച രീതിയിൽ അഭിമാനമുണ്ടെന്ന് താൽക്കാലിക ക്യാപ്റ്റൻ ശിഖർ ധവാൻ. മഴ കാരണം 40 ഓവറായി കുറച്ച മത്സരത്തിൽ ഇന്ത്യ 9 റൺസിന് പരാജയപ്പെട്ടിരുന്നു. ഓപ്പണർമാർ പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു മധ്യനിരയും വാലറ്റവും ഇന്ത്യയ്ക്കായി പൊരുതിയത്.
250 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ശിഖർ ധവാനെയും ശുഭ്മാൻ ഗില്ലിനെയും വേഗത്തിൽ നഷ്ടമായി. ധവാൻ 4 റൺസും ഗിൽ 3 റൺസും മാത്രമാണ് എടുത്തത്. തുടർന്ന് ഇഷാൻ കിഷനും ഋതുരാജ് ഗെയ്ക്ക്‌വാദും ചേർന്ന് 40 റൺസ് കൂട്ടുകെട്ട് ഉണ്ടാക്കിയെങ്കിലും റൺ നിരക്ക് വളരെ കുറവായിരുന്നു.
42 പന്തിൽ 19 റൺസ് മാത്രമെടുത്താണ് ഗെയ്ക്ക്‌വാദ് പുറത്തായത്. തബ്രെയ്സ് ഷംസിയെ ക്രീസിൽ നിന്ന് പുറത്തിറങ്ങി അടിക്കാനുള്ള ശ്രമത്തിൽ ഗെയ്ക്ക്‌വാദിനെ ഡീകോക്ക് സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. 20 റൺസ് എടുക്കാനായി മറ്റൊരു മുൻനിര ബാറ്ററായ ഇഷാൻ കിഷൻ ചെലവാക്കിയതാകട്ടെ 37 പന്തുകൾ. സ്പിന്നർ കേശവ് മഹാരാജ് ആണ് കിഷനെ പുറത്താക്കിയത്.
advertisement
പിന്നീട് ശ്രേയസ് അയ്യരും സഞ്ജു സാംസണും ചേർന്നാണ് ഇന്ത്യൻ ഇന്നിംഗ്സിന് ഗതിവേഗം പകർന്നത്. മുന്നിൽ നിന്നു നയിച്ച ശ്രേയസ് 37 ബോളിൽ നിന്നാണ് 50 റൺസ് നേടിയത്. ഇതിൽ 8 ഫോറുകളും അടിച്ചുകൂട്ടി. ശ്രേയസ് പുറത്തായ ശേഷം സഞ്ജുവിനൊപ്പം ചേർന്ന വാലറ്റക്കാരൻ ശാർദ്ദുൽ ഠാക്കൂറും സ്കോർബോർഡിലേക്ക് കാര്യമായ സംഭാവന നൽകി. 33 റൺസെടുത്ത ഠാക്കൂർ സഞ്ജുവിനൊപ്പം ചേർന്ന് 93 റൺസിൻ്റെ പാർട്ണർഷിപ്പാണ് നിർണ്ണായക സമയത്ത് പടുത്തുയർത്തിയത്. കളിയുടെ അവസാന പന്ത് വരെ പൊരുതിയ സഞ്ജു 63 ബോളിൽ 86 റൺസെടുത്ത് പുറത്താകാതെ നിന്നു.
advertisement
“യുവാക്കൾ കളിച്ച രീതിയിൽ വളരെ അഭിമാനമുണ്ട്, ഞങ്ങൾക്ക് നല്ല തുടക്കം ലഭിച്ചില്ല, ശ്രേയസും സാംസണും ശാർദ്ദൂലും ബാറ്റ് ചെയ്ത രീതി വളരെ മികച്ചതായിരുന്നു,” കളി അവസാനിച്ച ശേഷമുള്ള സമ്മാനവിതരണ ചടങ്ങിൽ ധവാൻ പറഞ്ഞു.
Also Read- 'സഞ്ജു സാംസണ് ഒരോവറിൽ ആറ് സിക്സറടിക്കാൻ കഴിയും'; പുകഴ്ത്തി ദക്ഷിണാഫ്രിക്കൻ മുൻ പേസർ ഡേൽ സ്റ്റെയ്ൻ
ഇന്ത്യയുടെ ഫീൽഡിംഗ് ലഖ്നൗവിൽ അത്ര മികച്ചതായിരുന്നില്ലെന്നും അതിനാൽ ദക്ഷിണാഫ്രിക്കയ്ക്ക് കുറച്ച് റൺസ് അധികം നേടാനായെന്നും ധവാൻ പറഞ്ഞു. നിരവധി ക്യാച്ചുകൾ ഇന്ത്യൻ ഫീൽഡർമാർ വിട്ടുകളഞ്ഞിരുന്നു. ഫീൽഡിംഗിലെ പിഴവുകൾ പുതിയ പഠനാനുഭവമാണെന്ന് ധവാൻ കൂട്ടിച്ചേർത്തു.
advertisement
37-ാമത്തെ ഓവറിലെ ആദ്യ പന്തിൽ മില്ലറുടെ ക്യാച്ച് മിഡ് വിക്കറ്റിൽ ഋതുരാജ് ഗെയ്ക്ക്‌വാദ് വിട്ടുകളഞ്ഞു. അടുത്ത ഓവറിലെ സ്ഥിതി ഇതിലും മോശമായിരുന്നു. ആവേശ് ഖാൻ്റെ ഓവറിൽ ക്ലാസൻ പൊക്കിയടിച്ച ബോൾ മുഹമ്മദ് സിറാജ് വിട്ടുകളഞ്ഞു. എങ്കിലും സിറാജിൻ്റെ പ്രയത്നത്തിൽ ആവേശ് സംതൃപ്തനായിരുന്നു. എന്നാൽ തൊട്ടടുത്ത ബോളിൽ മില്ലറുടെ ക്യാച്ച് രവി ബിഷ്ണോയി നഷ്ടപ്പെടുത്തിയത് ബൌളറെ ക്ഷുഭിതനാക്കി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 08, 2022 9:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs SA | 'യുവനിര കളിച്ച രീതിയിൽ അഭിമാനം': ഏകദിനത്തിലെ തോൽവിക്ക് ശേഷം ശിഖർ ധവാൻ