IPL 2021 | സഞ്ജുവിനെ ലക്ഷ്യമിട്ട് വമ്പൻമാർ എത്തി; ക്യാപ്റ്റനാക്കി രാജസ്ഥാന്‍റെ മറുപടി
- Published by:Anuraj GR
- news18-malayalam
Last Updated:
2020 സീസണിൽ രാജസ്ഥാനുവേണ്ടി ഏറ്റവുമധികം റൺസ് നേടിയത് സഞ്ജു വി സാംസൺ ആയിരുന്നു.14 മത്സരങ്ങളിൽനിന്ന് 375 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്.
സഞ്ജു വി സാംസൺ എന്ന മലയാളി ക്രിക്കറ്റർക്ക് ലഭിച്ച വലിയ അംഗീകാരങ്ങളിലൊന്നാണ് ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനാകുകയെന്നത്. നേരത്തെ രാഹുൽ ദ്രാവിഡ്, ആജിൻക്യ രഹാനെ എന്നീ ഇന്ത്യൻ താരങ്ങൾക്ക് മാത്രമാണ് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സ്ഥാനം നൽകിയിരുന്നത്. ഏതായാലും വമ്പൻ ടീമുകൾ സഞ്ജുവിന് പിന്നാലെ എത്തിയതോടെയാണ് ക്യാപ്റ്റനാക്കി സഞ്ജുവിനെ നിലനിർത്താൻ രാജസ്ഥാൻ തീരുമാനിച്ചത്.
ഇന്ത്യയുടെ മുൻ ഓപ്പണർ ആകാശ് ചോപ്രയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ചെന്നൈ സൂപ്പർ കിങ്സ് തുടങ്ങിയ ടീമുകൾ റെക്കോർഡ് തുകയുമായി സഞ്ജുവിനെ ലക്ഷ്യമിട്ടതോടെയാണ് രാജസ്ഥാൻ മാനേജ്മെന്‍റ് സ്ഥാനക്കയറ്റത്തോടെ മലയാളി താരത്തെ നിലനിർത്താൻ തീരുമാനിച്ചത്. സഞ്ജുവിന് വേണ്ടി ഐപിഎല്ലിലെ വമ്പൻമാരായ രണ്ടു ടീമുകൾ രംഗത്തിറങ്ങിയതായുള്ള വിവരം നേരത്തെ തന്നെ തനിക്ക് ലഭിച്ചിരുന്നതായും ആകാശ് ചോപ്ര പറയുന്നു.
വിദേശ താരത്തെ ഇനിയും ക്യാപ്റ്റനാക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കാൻ രാജസ്ഥാൻ റോയൽസ് തീരുമാനിച്ചത്. ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്ക്സിനെ ക്യാപ്റ്റനാക്കാൻ ആലോചിച്ചിരുന്നെങ്കിലും ഇന്ത്യക്കാരനായ ഒരാൾ മതിയെന്ന നിലപാടിലേക്ക് മാനേജ്മെന്‍റ് എത്തുകയായിരുന്നു. വിദേശതാരത്തെ ക്യാപ്റ്റനാക്കിയാൽ ടീമിന്‍റെ ഓവർസീസ് സ്ലോട്ടിൽ 25 ശതമാനം അവിടെ നഷ്ടമാകും. കൂടുതൽ വിദേശതാരങ്ങളെ ഇറക്കാനും സാധിക്കാതെ വരും. ഈ സാഹചര്യത്തിലാണ് സ്മിത്തിനെ ഒഴിവാക്കി സഞ്ജുവിനെ ക്യാപ്റ്റനാക്കാൻ ടീം തീരുമാനിച്ചത്. 2020 സീസണിൽ രാജസ്ഥാനുവേണ്ടി ഏറ്റവുമധികം റൺസ് നേടിയത് സഞ്ജു വി സാംസൺ ആയിരുന്നു.14 മത്സരങ്ങളിൽനിന്ന് 375 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്.
advertisement
ഇതാദ്യമായാണ് ഒരു മലയാളി ക്രിക്കറ്റർ ഒരു ഐപിഎൽ ടീമിന്‍റെ ക്യാപ്റ്റനാകുന്നത്. അതേസമയം ക്യാപ്റ്റൻസിയിലും ബാറ്റിങ്ങിലും പരാജയപ്പെട്ട സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കാനും രാജസ്ഥാൻ റോയൽസ് തീരുമാനിച്ചു. യുഎഇയിൽ നടന്ന കഴിഞ്ഞ സീസണിൽ അവസാന സ്ഥാനത്തായിരുന്നു രാജസ്ഥാൻ റോയൽസ്. ഇതുതന്നെയാണ് സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കാൻ മാനേജ്മെന്‍റിനെ പ്രേരിപ്പിച്ചത്.
ബെന്‍ സ്റ്റോക്സ്, ജോസ് ബട്‌ലര്‍, ജോഫ്ര ആര്‍ച്ചര്‍ എന്നിവരെ നിലനിർത്താനും രാജസ്ഥാൻ റോയൽസ് തീരുമാനിച്ചിട്ടുണ്ട്. ഈ മൂന്ന് ഇംഗ്ലീഷ് കളിക്കാരും കഴിഞ്ഞ സീസണിൽ റോയല്‍സിനായി മികച്ച പ്രകടനം നടത്തി. 2020 ലെ പതിപ്പില്‍ 20 വിക്കറ്റുമായി റോയല്‍സിനായി ഏറ്റവുമധികം വിക്കറ്റ് നേടിയ ജോഫ്ര ആര്‍ച്ചറും രാജസ്ഥാന്‍ റോയല്‍സിന്റെ പ്രധാന വിജയങ്ങളില്‍ ജോസ് ബട്‌ലറും ബെന്‍ സ്റ്റോക്സും സംഭാവന ചെയ്തിട്ടുണ്ട്. മൂവരെയും കൂടാതെ ഡേവിഡ് മില്ലര്‍, ആന്‍ഡ്രൂ ടൈ എന്നിവരെയും അടുത്ത സീസണിലേക്കുള്ള ടീമിൽ രാജസ്ഥാൻ റോയൽസ് നിലനിര്‍ത്തിയിട്ടുണ്ട്.
advertisement
രാജസ്ഥാന്‍ റോയല്‍സിലെ ഏറ്റവും അനുഭവ സമ്പത്തുള്ള ഇന്ത്യന്‍ താരമാണ് സഞ്ജു വി സാംസൺ. ഈ സീനിയോറിറ്റി കണക്കിലെടുത്താണ് സഞ്ജുവിനെ നായകനായി തെരഞ്ഞെടുത്തത്. ക്യാപ്റ്റനെന്നതിൽ ഉപരി ബാറ്റിങ്ങിൽ എല്ലാ സീസണിലും തിളങ്ങിയിട്ടുള്ള താരമാണ് സഞ്ജു വി സാംസൺ. ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകൾക്കു വേണ്ടിയും സഞ്ജു വി സാംസൺ നേരത്തെ കളിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 23, 2021 3:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2021 | സഞ്ജുവിനെ ലക്ഷ്യമിട്ട് വമ്പൻമാർ എത്തി; ക്യാപ്റ്റനാക്കി രാജസ്ഥാന്‍റെ മറുപടി


