തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളം മധ്യപ്രദേശിനോട് തോറ്റു. സച്ചിന് ബേബിയും വിഷ്ണും വിനോദും കേരളത്തെ വിജയത്തിലെത്തിക്കാന്‍ നടത്തിയ ശ്രമങ്ങളൊന്നും ഫലംകണ്ടില്ല.
191 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മധ്യപ്രദേശ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 77 റണ്‍സ് നേടിയ രജത് പട്ടിദാറും 48 റണ്‍സുമായി പുറത്താകാതെ നിന്ന ശുഭം ശര്‍മ്മയുമാണ് മധ്യപ്രദേശിന്റെ വിജയ ശില്‍പ്പികളായത്.
ആദ്യ ഇന്നിങ്സില്‍ 63 റണ്‍സിന് പുറത്തായ കേരളം രണ്ടാം ഇന്നിങ്സില്‍ സെഞ്ചുറി നേടിയ വിഷ്ണു വിനോദിന്റെയും ക്യാപ്റ്റന്‍ സച്ചിന് ബേബിയുടെയും കരുത്തില്‍ തിരിച്ചടിക്കുകയായിരുന്നു. 193 റണ്‍സെടുത്ത് പുറത്താകാതെ നിന്ന വിഷ്ണുവിന് പക്ഷെ ഇരട്ട സെഞ്ചുറിയിലേക്കെത്താനായില്ല. സച്ചിന് ബേബി 143 റണ്‍സെടുത്തു.
സച്ചിന് ബേബിക്കു പിന്നാലെ കളത്തിലിറങ്ങിയ ബേസില്‍ തമ്പി 57 റണ്‍സ് നേടി. ബേസിലും സന്ദീപ് വാര്യരും അടുത്തടുത്ത പന്തുകളില്‍ പുറത്തായതോടെയാണ് വിഷ്ണുവിന് ഇരട്ട സെഞ്ചുറി നഷ്ടമായത്.
ഏഴാം വിക്കറ്റില്‍ വിഷ്ണു വിനോദ്-സച്ചിന് ബേബി സഖ്യം കൂട്ടിച്ചേര്‍ത്ത 199 റണ്‍സാണ് കേരളത്തെ ഇന്നിങ്സ് തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. 265 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ കേരളം ഒരു ഘട്ടത്തില്‍ എട്ട് റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലായിരുന്നു.
കേരളത്തിന്റെ 63 റണ്‍സിനെതിരേ മറുപടി ബാറ്റിങ്ങിനിറങ്ങിയ മധ്യ പ്രദേശ് രജത് പട്ടിദാര്‍ (73), നമാന്‍ ഓജ (79), യാഷ് ഡുബെ (79) എന്നിവരുടെ മികവില്‍ 328 റണ്‍സ് മധ്യപ്രദേശ് അടിച്ചെടുത്തു. ഇതോടെ മധ്യപ്രദേശിന് 265 റണ്‍സിന്റെ ലീഡ് ലഭിച്ചു.
നാല് മത്സരങ്ങളില്‍ രണ്ട് വിജയവും ഒരു സമനിലയും ഒരു തോല്‍വിയുമാണ് കേരളത്തിന് ഇത്തവണയുണ്ടായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.