നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'ഒരേ പൊസിഷനിൽ കളിക്കാൻ സാധിക്കാതിരുന്നത് കരിയറിൽ തിരിച്ചടിയായി': റോബിൻ ഉത്തപ്പ

  'ഒരേ പൊസിഷനിൽ കളിക്കാൻ സാധിക്കാതിരുന്നത് കരിയറിൽ തിരിച്ചടിയായി': റോബിൻ ഉത്തപ്പ

  മൂന്നില്‍ അധികം മത്സരങ്ങളില്‍ ഇതുവരെ ഒരു പൊസിഷനില്‍ ഞാന്‍ ബാറ്റ് ചെയ്തിട്ടില്ലെന്നും എല്ലാ മൂന്നാമത്തെ മത്സരങ്ങളിലും തന്റെ ബാറ്റിങ് പൊസിഷന്‍ മാറിക്കൊണ്ടിരുന്നുവെന്നും ഉത്തപ്പ പറഞ്ഞു.

  ഫയല്‍ ചിത്രം

  ഫയല്‍ ചിത്രം

  • Share this:
   ഒരു കാലത്ത് ഇന്ത്യൻ ടീമിന്റെ ഭാവിതാരമെന്ന് ക്രിക്കറ്റ് ലോകം വിലയിരുത്തിയ താരമാണ് റോബിൻ ഉത്തപ്പ. എന്നാൽ ഏറെക്കാലം ടീമിൽ സ്ഥാനം ഉറപ്പിക്കാൻ താരത്തിന് കഴിഞ്ഞില്ല. ഓപ്പണർ എന്ന നിലയിൽ ടീമിലെത്തിയ താരം പിന്നീട് പടികൾ താഴോട്ട് ഇറങ്ങേണ്ടി വന്നു. അവസാനം മധ്യനിരയിൽ ഫിനിഷർ റോളിൽ ആയിരുന്നു ഒരുപാട് കാലം താരത്തിന്റെ സ്ഥാനം. കരിയറിന്റെ തുടക്കക്കാലത്ത് തന്റെ ട്രേഡ് മാർക്ക് ഷോട്ടിലൂടെ ആരാധക മനസ് കീഴടക്കിയിരുന്നു. പേസ് ബോളർമാർക്കെതിരെ വരെ സ്റ്റെപ്പ് ഔട്ട്‌ ചെയ്ത് നടന്നുകയറി സിക്സർ പായിക്കുന്ന ചിത്രം തന്നെയാകും ഉത്തപ്പയെ ആലോചിക്കുമ്പോൾ ആദ്യം മനസിലേക്ക് ഓടി വരുന്നത്.

   വമ്പൻ ബാറ്റ്സ്മാന്മാർ പോലും ശ്വാസമടക്കിപ്പിടിച്ച് നേരിടുന്ന സാക്ഷാൽ ഷോയിബ് അക്തറിന്റെ പന്ത് പോലും ഇത്തരത്തിൽ സ്റ്റെപ് ഔട്ട്‌ ചെയ്ത് കളിക്കാൻ ഉത്തപ്പ ധൈര്യം കാണിച്ചിട്ടുണ്ട്. അത് അക്തറിനെ നല്ല രീതിയിൽ ചൊടിപ്പിച്ചിട്ടുമുണ്ട്. ടി20 കിരീടം നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു റോബിൻ ഉത്തപ്പ. ഇപ്പോൾ തന്റെ കരിയറിൽ എവിടെയാണ് താളപ്പിഴകൾ സംഭവിച്ചതെന്ന് വെളിപ്പെടുത്തുകയാണ് ഉത്തപ്പ. സ്ഥിരമായി ഒരു ബാറ്റിങ് പൊസിഷനില്‍ കളിക്കാന്‍ സാധിക്കാത്തതാണ് അന്താരാഷ്ട്ര മത്സരങ്ങളില്‍ തന്റെ കരിയറിന് തിരിച്ചടി ആയതെന്നാണ് താരം പറയുന്നത്.

   Also Read- ഇന്ത്യൻ ടീം ഒരേ സമയം രണ്ട് രാജ്യങ്ങളിൽ പര്യടനം നടത്തുന്നത് രണ്ടാം തവണ, ആദ്യത്തേത് 1998ൽ

   മൂന്നില്‍ അധികം മത്സരങ്ങളില്‍ ഇതുവരെ ഒരു പൊസിഷനില്‍ ഞാന്‍ ബാറ്റ് ചെയ്തിട്ടില്ലെന്നും എല്ലാ മൂന്നാമത്തെ മത്സരങ്ങളിലും തന്റെ ബാറ്റിങ് പൊസിഷന്‍ മാറിക്കൊണ്ടിരുന്നുവെന്നും ഉത്തപ്പ പറഞ്ഞു. 'കരിയറില്‍ 46 മത്സരങ്ങള്‍ കളിച്ചപ്പോഴാണ് എല്ലാ മൂന്നാമത്തെ ഇന്നിങ്സിലും ബാറ്റിങ് ഓര്‍ഡര്‍ മാറിക്കൊണ്ടിരിക്കുന്നു എന്ന കാര്യം മനസിലാക്കിയത്. എന്റെ കരിയറിലേക്ക് നോക്കുമ്പോള്‍ ലോവര്‍ ഓഡറിലാണ് കൂടുതലും ബാറ്റ് ചെയ്തത്. ആ മത്സരങ്ങളെല്ലാം ഒരേ ബാറ്റിങ് ഓര്‍ഡറില്‍ ഇറങ്ങാന്‍ സാധിച്ചിരുന്നുവെങ്കില്‍ എനിക്ക് 149 അല്ലെങ്കിൽ 249 മത്സരങ്ങളില്‍ എങ്കിലും ദേശീയ ടീമിൽ കളിക്കാന്‍ സാധിക്കുമായിരുന്നു. പക്ഷേ അന്ന് എന്താണോ ടീമിന് ആവശ്യം, അത് ആ സമയത്ത് നല്‍കാന്‍ കഴിഞ്ഞിരുന്നു. ടീമിന് അത്തരത്തില്‍ ബാറ്റിങ് ഓര്‍ഡര്‍ ക്രമീകരിക്കേണ്ടത് അത്യാവശമായിരുന്നു. എന്നാല്‍ അത് തന്റെ കരിയറിനെയാണ് ബാധിച്ചത്'- ഉത്തപ്പ വിശദമാക്കി.

   2006ല്‍ ഇം​ഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തിലാണ് ഉത്തപ്പ അരങ്ങേറിയത്. ആദ്യ മത്സരത്തില്‍ 86 റണ്‍സ് നേടിയ ഉത്തപ്പ രാഹുല്‍ ​​ദ്രാവിഡുമായി ചേര്‍ന്ന് 166 റണ്‍സിന്റെ കൂട്ടുകെട്ടും ഉണ്ടാക്കിയിരുന്നു. ഇന്ത്യയ്ക്കായി 46 ഏകദിന മത്സരങ്ങളില്‍ നിന്നും 934 റണ്‍സും 13 ട്വന്റി-20 മത്സരങ്ങളില്‍ നിന്ന് 249 റണ്‍സുമാണ് ഉത്തപ്പ നേടിയത്. 2015ന് ശേഷം അദ്ദേഹം ഇന്ത്യന്‍ ജഴ്‌സിയില്‍ കളിച്ചിട്ടില്ല. എങ്കിലും ആഭ്യന്തര ക്രിക്കറ്റിലും ഐ പി എല്ലിലും അദ്ദേഹം സജീവമാണ്. ഈ സീസണിൽ ചെന്നൈ ടീമിലായിരുന്നു ഉത്തപ്പ.
   Published by:Rajesh V
   First published: