മൗറീഞ്ഞോയുടെ അപ്രതീക്ഷിത വരവില്‍ അവിശ്വസനീയ നേട്ടമുണ്ടാക്കി ഇറ്റാലിയന്‍ ക്ലബ് റോമ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ടോട്ടനം പുറത്താക്കിയ കോച്ചിന്റെ പുറകെയുണ്ടായിരുന്ന പ്രമുഖ ക്ലബുകളില്‍ റോമയുടെ പേര് തന്നെയാണ് ഏറ്റവുമധികം ഉയര്‍ന്ന് കേട്ടിരുന്നത്
കഴിഞ്ഞ ദിവസമാണ് ഏവരെയും അത്ഭുതപ്പെടുത്തി ഇറ്റാലിയന്‍ ക്ലബായ എഎസ് റോമ അടുത്ത സീസണ്‍ മുതല്‍ ഹോസെ മൗറീഞ്ഞോ തങ്ങളുടെ ടീമിന്റെ പരിശീലകനായി എത്തുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ആഴ്ചകള്‍ക്കു മുന്‍പ് പ്രീമിയര്‍ ലീഗ് ക്ലബായ ടോട്ടനം ഹോസ്പര്‍ പുറത്താക്കിയ പോര്‍ച്ചുഗീസ് പരിശീലകന്‍ 2024 വരെയാണ് റോമയുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടോട്ടനം പുറത്താക്കിയ കോച്ചിന്റെ പുറകെയുണ്ടായിരുന്ന പ്രമുഖ ക്ലബുകളില്‍ റോമയുടെ പേര് തന്നെയാണ് ഏറ്റവുമധികം ഉയര്‍ന്ന് കേട്ടിരുന്നത്.
എന്നാല്‍ മൗറീഞ്ഞോ പരിശീലകനായി എത്തുമെന്ന പ്രഖ്യാപനം അവിശ്വസനീയമായ നേട്ടമാണ് റോമക്ക് ഉണ്ടാക്കി കൊടുത്തിരിക്കുന്നത്. അമേരിക്കന്‍ ബിസിനസുകാരനായ ഡാന്‍ ഫ്രെയ്ഡ്കിനിന്റെ ഉടമസ്ഥതയിലുള്ള ക്ലബിന്റെ ഷെയറുകള്‍ക്ക് മിലാന്‍ സ്റ്റോക്ക് എക്സ്ചെഞ്ചില്‍ 21 ശതമാനം വര്‍ദ്ധനവാണ് ഈ പ്രഖ്യാപനത്തിനു ശേഷം ഉണ്ടായിരിക്കുന്നത്.
ടോട്ടനം ഹോട്‌സ്പറിന്റെ മോശം ഫോംമും ടീമിന് പ്രമുഖ കിരീടങ്ങള്‍ ഒന്നും നേടാന്‍ കഴിയാത്തതിനാലുമാണ് മൗറീഞ്ഞോ സീസണിനിടയില്‍ പുറത്താക്കപ്പെട്ടത്. നേരത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡും സമാനമായ സാഹചര്യത്തില്‍ മൗറീഞ്ഞോയെ പുറത്താക്കിയതിനെ തുടര്‍ന്നാണ് അദ്ദേഹം ടോട്ടനത്തിലെത്തുന്നത്. ടോട്ടനത്തിനൊപ്പം ഈ സീസണിന്റെ തുടക്കത്തില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും പിന്നീട് ടീം പുറകോട്ടു പോവുകയായിരുന്നു. കൂടാതെ ടീമിലെ താരങ്ങളായ ബെയിലിനും സണ്ണിനും ഒരുപാട് അവസരങ്ങള്‍ നല്‍കാത്തതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
advertisement
നിലവിലെ റോമ പരിശീലകനായ പൗളോ ഫൊന്‍സേക അടുത്ത സീസണില്‍ സ്ഥാനമൊഴിയുമെന്ന് റോമ ക്ലബ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇറ്റലിയില്‍ മൗറീഞ്ഞോക്ക് റോമക്കൊപ്പം ഇത് രണ്ടാമങ്കമാണ് . നിലവിലെ സീരി എ ജേതാക്കളായ ഇന്റര്‍ മിലാനെ മുന്‍പ് പരിശീലിപ്പിച്ചിട്ടുള്ള മൗറീഞ്ഞോ അവര്‍ക്കൊപ്പം ട്രെബിള്‍ കിരീടമടക്കമുള്ള നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.
ഈ സീസണില്‍ മോശം പ്രകടനം നടത്തുന്ന റോമ നിലവില്‍ സീരി എയില്‍ ഏഴാം സ്ഥാനത്താണ്. അടുത്ത സീസണില്‍ യൂറോപ്പ ലീഗ് യോഗ്യത പോലും പ്രതീക്ഷയില്ലാത്ത ടീമിനെ ഇറ്റലിയില്‍ ഉയരങ്ങളിലെത്തിക്കാന്‍ മൗറീഞ്ഞോയുടെ പരിചയസമ്പത്തിനു കഴിയുമെന്നാണ് ക്ലബ് നേതൃത്വം പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 05, 2021 4:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
മൗറീഞ്ഞോയുടെ അപ്രതീക്ഷിത വരവില്‍ അവിശ്വസനീയ നേട്ടമുണ്ടാക്കി ഇറ്റാലിയന്‍ ക്ലബ് റോമ


