പാക് പേസർ ഷൊയ്ബ് അക്തറിന്റെ ബൗളിംഗിനെ നേരിടാൻ ഇന്ത്യയുടെ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കർ ഭയപ്പെട്ടിരുന്നുവെന്ന തന്റെ വാദത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നതായി പാക് മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. അക്തർ പന്തെറിയാനായി വരുമ്പോൾ സച്ചിന്റെ മുട്ടിടിക്കുമായിരുന്നുവെന്ന് 2011ൽ അഫ്രീദി ആരോപിച്ചിരുന്നു.
'അദ്ദേഹം (സച്ചിൻ) ഷൊയ്ബിനെ ഭയപ്പെട്ടിരുന്നു. ഇത് ഞാൻ നേരിട്ട് കണ്ടതാണ്. സ്ക്വയർ ലെഗിൽ ഞാൻ ഫീൽഡ് ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ മുട്ടിടിക്കുന്നത് നേരിട്ട് കണ്ടതാണ്''- അഫ്രീദി പറഞ്ഞു. തീർച്ചയായും സച്ചിൻ ഒരിക്കലും 'അദ്ദേഹം പേടിച്ചിരുന്നു' എന്ന് പറയില്ല. അക്തറിന്റെ ചില സ്പെല്ലുകൾ, സച്ചിനെ മാത്രമല്ല ലോകത്തെ പ്രമുഖ ബാറ്റ്സ്മാൻമാരെയെല്ലാം വിറപ്പിക്കുന്നതായിരുന്നുവെന്നും അഫ്രീദി നേരത്തെ പറഞ്ഞിരുന്നു.
''നിങ്ങൾ കവറിലോ മിഡ് ഓഫിലോ ഫീൽഡ് ചെയ്യുമ്പോൾ ഇത് കാണാനാകും. കളിക്കാരന്റെ ശരീരഭാഷ മണത്തറിയാനാകും. ഏറ്റവും നല്ല ഫോമിൽ അല്ലാത്ത സമയത്ത് ബാറ്റ്സ്മാൻ സമ്മർദത്തിലാണോ എന്ന് എളുപ്പം മനസ്സിലാക്കാനാകും. എല്ലായ്പ്പോഴും അക്തറിനെ സച്ചിൻ പേടിച്ചിരുന്നുവെന്നല്ല ഞാൻ പറയുന്നത്. എന്നാൽ ചില സ്പെല്ലുകൾ സച്ചിനെ മാത്രമല്ല, ലോകത്തെ യാതൊരു മികച്ച ബാറ്റ്സ്മാനെയും ബാക്ക്ഫുട്ടിലേക്ക് നീങ്ങാൻ സമ്മർദത്തിലാക്കുന്നതായിരുന്നു''- ടെലിവിഷൻ അവതാരകനായ സൈനാബ് അബ്ബാസിനോട് നടത്തിയ സംഭാഷണത്തിൽ അഫ്രീദി പറഞ്ഞു.
അക്തറിനെ മാത്രമല്ല, 2011ലെ ലോകകപ്പിൽ ഓഫ് സ്പിന്നർ സായീദ് അജ്മലിനെയും സച്ചിൻ ഭയപ്പെട്ടിരുന്നുവെന്നാണ് അഫ്രീദി ആരോപിക്കുന്നത്. '' ലോകകപ്പിലുടനീളം അജ്മലിനെ പേടിച്ചുനിൽക്കുന്ന സച്ചിനെയാണ് കാണാൻ കഴിഞ്ഞത്'' - അഫ്രീദി പറഞ്ഞു. 'ഇത് വലിയ കാര്യമല്ല, കളിക്കാർ പലപ്പോഴും സമ്മർദത്തിലായിരിക്കും. ഈ സമയം കാര്യങ്ങളെല്ലാം പ്രയാസകരമായി മാറും'' - അഫ്രീദി കൂട്ടിച്ചേർത്തു.
ഒൻപത് ടെസ്റ്റുകളിൽ മൂന്നു തവണയും 19 ഏകദിനങ്ങളിൽ അഞ്ചുതവണയും സച്ചിനെ ഷൊയ്ബ് അക്തർ പുറത്താക്കിയിട്ടുണ്ട്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.