കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സിനെതിരെയുള്ള (Kerala Blasters) ഐഎസ്എൽ (ISL) മത്സരത്തിന് ശേഷം നടത്തിയ സെക്‌സിസ്റ്റ് പരാമര്‍ശത്തില്‍ നിരുപാധികം മാപ്പ്' പറഞ്ഞ് മുന്‍ ബ്ലാസ്റ്റേഴ്‌സ് താരവും എ ടി കെ മോഹന്‍ ബഗാന്‍ (ATK Mohan Bagan) താരവുമായ സന്ദേശ് ജിങ്കാന്‍ (Sandesh Jhingan). എടികെ മോഹൻ ബഗാന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച വീഡിയോയാണ് വിവാദത്തിന് തിരിതെളിച്ചത്. മത്സരശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങവെയായിരുന്നു ജിങ്കാന്റെ വിവാദ പരാമർശം. ''ഔരതോം കി സാഥ് മാച്ച് ഖേല്‍ ആയാ ഹൂം'' (പെണ്‍കുട്ടികള്‍ക്കൊപ്പമുള്ള കളിക്ക് ശേഷമാണ് വരുന്നത്) എന്നാണ് ജിങ്കാന്‍ വീഡിയോയിൽ പറയുന്നത്. പരാമർശം സമൂഹ മാധ്യമങ്ങളിലും മറ്റും വലിയ പ്രതിഷധങ്ങൾക്ക് ഇടയാക്കിയതോടെയാണ് താരം മാപ്പ് പറഞ്ഞുകൊണ്ട് രംഗത്തെത്തിയത്. ജിങ്കാന്റെ വീഡിയോ മോഹൻ ബഗാൻ അവരുടെ സ്റ്റോറിയിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു.
മത്സരം സമനിലയായതിന്റെ നിരാശയിലാണ് അത്തരമൊരു പരാമർശം നടത്തിയതെന്നും അതിൽ ആരെയും വേദനിപ്പിക്കാൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ജിങ്കാൻ പറഞ്ഞു. 'എന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നു, ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ല. ഉറച്ച പോയിന്റുകൾ നഷ്ടപ്പെട്ടതിന്റെ നിരാശയിലായിരുന്നു. ആ സമയ൦, അത്തരമൊരു സാഹചര്യത്തിൽ പറഞ്ഞതാണ്. എന്നാൽ ഞാൻ പറഞ്ഞതിൽ നിന്നും ചിലത് അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നത് പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണ്.' - താരം പറഞ്ഞു.
When you are so driven to win all points for your team, it’s disappointing when you finish with just one. In the heat of the moment, we say a lot of things, and what’s being circulated should be seen in the same perspective.
— Sandesh Jhingan (@SandeshJhingan) February 20, 2022
കേരള ബ്ലാസ്റ്റേഴ്‌സിനെയോ ടീമിലെ താരങ്ങളെയോ ഉദ്ദേശിച്ചായിരുന്നില്ല തന്റെ പരാമർശമെന്നും ജിങ്കാൻ പറഞ്ഞു. 'ആദ്യം പറയേണ്ടത് പറയുന്നു, ഞാൻ നടത്തിയ പരാമർശം ഒരിക്കലും കേരള ബാസ്റ്റേഴ്സിന് എതിരായിരുന്നില്ല. നിങ്ങൾക്ക് അറിയാവുന്നത് പോലെ ഞാൻ എക്കാലത്തും എന്റെ എതിരാളികളെ ബഹുമാനിച്ചിട്ടുണ്ട്. അതിന് പുറമെ ബ്ലാസ്റ്റേഴ്സിൽ എനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്, ഇവയ്‌ക്കെല്ലാം പുറമെ ഒരുപാട് വർഷങ്ങൾ അവർക്ക് വേണ്ടി കളിച്ചിട്ടുള്ള താരമെന്ന നിലയ്ക്ക് ഞാൻ എന്തിന് ആ ക്ലബ്ബിനെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശം നടത്തണം.' - ജിങ്കാൻ പറഞ്ഞു.
വനിതകളെ ബഹുമാനിക്കുന്ന വ്യക്തിയാണ് താനെന്നും വനിതകൾക്കും അവരുടെ ഫുട്ബോളിനും വലിയ പിന്തുണ നൽകുവാനാണ് താൻ എക്കാലവും ശ്രമിച്ചിട്ടുള്ളതെന്നും താരം കൂട്ടിച്ചേർത്തു.
അതേസമയം, ജിങ്കാൻ മാപ്പ് പറഞ്ഞതിന് ശേഷവും താരത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ അവസാനിച്ചിട്ടില്ല. ജിങ്കാന്റെ മുൻ ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സ് താരത്തെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നത് ഒഴിവാക്കി. ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയും താരത്തിനെതിരെ ശക്തമായ രീതിയിൽ തന്നെ പ്രതിഷേധം ഉയർത്തി രംഗത്ത് വന്നിട്ടുണ്ട്. ജിങ്കാൻ നടത്തിയ പരാമർശം മോഹൻ ബഗാൻ അവരുടെ സ്റ്റോറിയിൽ നിന്ന് നീക്കിയത് താരത്തെ പുണ്യാളൻ ആക്കില്ലെന്നാണ് മഞ്ഞപ്പടയുടെ പരാമർശം.
@SandeshJhingan lost our respect. @KeralaBlasters bring back Jersey #21
Absolute disgrace to all sporting fraternity by disrespecting woman.@atkmohunbaganfc deleteing video can't make a man holy.@IndianFootball@WomensFootieIND@NikhilB1818
— Manjappada (@kbfc_manjappada) February 20, 2022
സംഭവം വിവാദമായതിന് പിന്നാലെ #BringBack21 എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ് ആയി. ജിങ്കാൻ ബ്ലാസ്റ്റേഴ്‌സ് വിട്ട ശേഷം താരം ക്ലബ്ബിൽ ധരിച്ചിരുന്ന ജേഴ്സി നമ്പറായ 21 ബ്ലാസ്റ്റേഴ്‌സ് റിട്ടയർ ചെയ്യിച്ചിരുന്നു. ഈ തീരുമാനം മരവിപ്പിച്ച് ജേഴ്സി തിരികെ കൊണ്ടുവരണം എന്നായിരുന്നു ഒരു കൂട്ടം ആരാധകർ ആവശ്യപ്പെട്ടത്.
ഇന്നലെ ഗോവയിലെ തിലക് മൈതാനിയിൽ ഏറ്റുമുട്ടിയ ഇരു ടീമുകളും ആവേശകരമായ പോരാട്ടത്തിനൊടുവിൽ സമനിലയിലാണ് പിരിഞ്ഞത്. കളിയുടെ അവസാന മിനിറ്റ് വരെ ഒരു ഗോളിന് മുന്നിലായിരുന്ന ബ്ലാസ്‌റ്റേഴ്‌സിനെ ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലെ ഗോളിലാണ് ബഗാൻ സമനിലയിൽ പിടിച്ചത്. ഫിൻലൻഡ് താരം ജോണി കൗകോയായിരുന്നു ജയമുറപ്പിച്ച് നിൽക്കുകയായിരുന്ന ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയിൽ തളച്ചത്. ഡേവിഡ് വില്യംസ് കൊൽക്കത്തയുടെ ആദ്യ ഗോൾ നേടിയപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ രണ്ട് ഗോളുകളും അഡ്രിയാൻ ലൂണയുടെ വകയായിരുന്നു. സമനിലയോടെ കേരള ബ്ലാസ്റ്റേഴ്സ് 27 പോയിന്റുമായി ലീഗില്‍ നാലാം സ്ഥാനത്താണ്. 30 പോയിന്റുള്ള കൊൽക്കത്ത രണ്ടാം സ്ഥാനത്ത് നിൽക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: ATK Mohun Bagan, Indian Football News, Isl, Kerala blasters, Sandesh Jhingan