ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനാലം സീസണിന്റെ രണ്ടാം പാദ മത്സരങ്ങള്‍ സെപ്റ്റംബറില്‍ ആരംഭിക്കാനിരിക്കെ ആരാധകര്‍ക്ക് നിരാശ വാര്‍ത്ത. ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് രണ്ടാം പാദത്തിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമാകാന്‍ സാധ്യത. സെപ്റ്റംബര്‍ ആദ്യം ആരംഭിക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കയുടെ ശ്രീലങ്കന്‍ പര്യടനമാണ് താരങ്ങളുടെ ഐപിഎല്‍ പങ്കാളിത്തത്തിന് തിരിച്ചടിയായി മാറിയിരിക്കുന്നത്.
സെപ്റ്റംബര്‍ 2 ന് ആരംഭിക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ 3 വീതം ഏകദിന, ടി20 മത്സരങ്ങളും അടങ്ങിയിട്ടുണ്ട്. സെപ്റ്റംബര്‍ 12നാണ് മത്സരങ്ങള്‍ അവസാനിക്കുക. ശ്രീലങ്കന്‍ പര്യടനത്തില്‍ പങ്കെടുക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ കനത്ത സുരക്ഷാ ബബിളിനുള്ളിലായിരിക്കുമെങ്കിലും ബബിള്‍ ടു ബബിള്‍ ട്രാന്‍സ്ഫറിലൂടെ ഇവരെ യു എ ഇയില്‍ ഐപിഎല്‍ ടീമുകള്‍ക്കൊപ്പം ചേരുന്നതിന് യു എ ഇ സര്‍ക്കാര്‍ അനുവാദം നല്‍കുമോ എന്നതില്‍ തീരുമാനം ആയിട്ടില്ല.
ഐ പി എല്‍ കരാറുള്ള ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ - ഫാഫ് ഡുപ്ലെസിസ്, ലുങ്കി എംഗിഡി, ഇമ്രാന് താഹിര്‍, കാഗിസോ റബാഡ, ആന്‍ റിച്ച് നോര്‍ക്കിയ, മാര്‍ക്കോ ജാന്സന്, ക്വിന്റണ്‍ ഡികോക്ക്, എബി ഡിവില്ലിയേഴ്സ്, ക്രിസ് മോറിസ്, ഡേവിഡ് മില്ലര്‍.
ഐ പി എല്‍ രണ്ടാം പാദത്തിന്റെ മത്സരക്രമം ഈയിടെ ബി സി സി ഐ പുറത്തുവിട്ടിരുന്നു. ബി സി സി ഐ പുറത്തുവിട്ട മത്സരക്രമം പ്രകാരം ടൂര്‍ണമെന്റിലെ ബാക്കിയുള്ള മത്സരങ്ങള്‍ സെപ്റ്റംബര്‍ 19ന് ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സും എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലാണ് രണ്ടാം പാദത്തിലെ ആദ്യ മത്സരം. ഒക്ടോബര്‍ 15നാണ് ഫൈനല്‍.
Also read:
കശ്മീര്‍ പ്രീമിയര്‍ ലീഗിനെ ചൊല്ലി ഇന്ത്യ-പാക് ക്രിക്കറ്റ് ബോര്‍ഡ് തര്‍ക്കം; ലീഗില്‍ കളിക്കുന്നവര്‍ക്കെതിരെ നിലപാട് കടുപ്പിച്ച് ബി സി സി ഐ
യുഎഇയില്‍ നടക്കുന്ന മത്സരങ്ങളില്‍ കഴിഞ്ഞ പതിപ്പിലെ പോലെ ദുബായ്, ഷാര്‍ജ, അബുദാബി എന്നിവടങ്ങളിലായാണ് മത്സരം നടക്കുന്നത്. ഇതില്‍ ദുബായില്‍ 13, ഷാര്‍ജയില്‍ 10, അബുദാബിയില്‍ എട്ട് വീതം മത്സരങ്ങളും നടക്കും. ഇതില്‍ ആദ്യ ക്വാളിഫയര്‍ ഫൈനല്‍ എന്നിവ ദുബായിലും, എലിമിനേറ്റര്‍ രണ്ടാം ക്വാളിഫയര്‍ എന്നിവ ഷാര്‍ജയിലുമായും നടക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന മത്സരങ്ങള്‍ 3.30ന് ആരംഭിക്കും. 7.30നാണ് രണ്ടാം മത്സരം.
നേരത്തെ ഇന്ത്യയില്‍ പ്രതിസന്ധി സൃഷ്ടിച്ച കോവിഡ് ബയോബബിളിനുള്ളില്‍ താരങ്ങളിലേക്കും വ്യാപിച്ചതോടെയാണ് ബിസിസിഐ ഐപിഎല്‍ നിര്‍ത്തിവെക്കുന്നതായി പ്രഖ്യാപിച്ചത്. ടൂര്‍ണമെന്റ് നിര്‍ത്തിവെക്കുമ്പോള്‍ ഡല്‍ഹി, പഞ്ചാബ് എന്നീ ടീമുകള്‍ എട്ട് മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍ ബാക്കിയുള്ള എല്ലാ ടീമുകളും ഏഴ് മത്സരങ്ങളാണ് പൂര്‍ത്തിയാക്കിയിരുന്നത്. ഇതില്‍ 12 പോയിന്റുമായി ഡല്‍ഹി ക്യാപിറ്റല്‍സ് ആയിരുന്നു പോയിന്റ് ടേബിളില്‍ തലപ്പത്ത്. പത്ത് പോയിന്റ് വീതമുള്ള ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്ക്കുന്നു. പോയിന്റ് ടേബിളില്‍ നാലാമതുള്ള മുംബൈ ഇന്ത്യന്‍സിന് എട്ട് പോയിന്റാണുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.