ഇന്ത്യൻ ഓൾ റൗണ്ടർ സ്റ്റുവർട്ട് ബിന്നി സജീവ ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ഇന്ത്യക്ക് വേണ്ടി കളിക്കാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് താരം തന്റെ വിരമിക്കൽ പ്രഖ്യാപനത്തിൽ പറഞ്ഞു. തന്നിലര്‍പ്പിച്ച വിശ്വാസത്തിന് ബിസിസിഐക്കും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും പരിശീലകര്‍ക്കും സെലക്‌ടര്‍മാര്‍ക്കും ക്യാപ്റ്റന്‍മാര്‍ക്കും താരം നന്ദി പറഞ്ഞു. കുടുംബത്തിന്‍റെ പിന്തുണയില്ലായിരുന്നെങ്കില്‍ ക്രിക്കറ്റ് കരിയറില്‍ ഒന്നും സാധ്യമാവുകയില്ലായിരുന്നു എന്നും സ്റ്റുവര്‍ട്ട് ബിന്നി കൂട്ടിച്ചേര്‍ത്തു. മുൻ ഇന്ത്യൻ ഓൾ റൗണ്ടർ റോജർ ബിന്നിയുടെ മകനാണ് സ്റ്റുവർട്ട് ബിന്നി.
37 കാരനായ സ്റ്റുവര്‍ട്ട് ബിന്നി ആറ് ടെസ്റ്റുകളിലും, 14 ഏകദിനങ്ങളിലും മൂന്ന് ടി20 മല്‍സരങ്ങളിലും ഇന്ത്യൻ ജേഴ്‌സിയിൽ ഇറങ്ങിയിട്ടുണ്ട്. 17 വര്‍ഷത്തോളം നീണ്ട ഫസ്റ്റ് ക്ലാസ് കരിയറില്‍ ഭൂരിഭാഗവും തന്റെ സംസ്ഥാനമായ കർണാടകയ്ക്ക് വേണ്ടിയാണ് കളിച്ചത്. ഫസ്റ്റ് ക്ലാസ് കരിയറില്‍ 4796 റണ്‍സും 146 വിക്കറ്റും പേരിലുണ്ട്. 2013-14 സീസണില്‍ 443 റണ്‍സും 14 വിക്കറ്റുമായി കര്‍ണാടകയുടെ രഞ്ജി വിജയത്തില്‍ നിര്‍ണായകമായി.
ഇന്ത്യൻ ജേഴ്‌സിയിൽ മൊത്തം 23 മത്സരങ്ങളിൽ കളത്തിലിറങ്ങിയ ബിന്നിയെ ഇന്ത്യൻ ആരാധകർ ഓർക്കുന്നത്, 2014ല്‍ ബംഗ്ലാദേശിനെതിരായ ഏകദിനത്തില്‍ നാല് റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ പ്രകടനമാണ്. ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം കുറിച്ച ബിന്നി അന്ന് ഇന്ത്യക്ക് അവിസ്മരണീയ ജയമാണ് നേടിക്കൊടുത്തത്. 105 റൺസിന് പുറത്തായി തോൽവി നേരിൽക്കണ്ട ഇന്ത്യയെ രക്ഷിച്ചെടുത്തത് ബിന്നിയുടെ ഈ പ്രകടനമായിരുന്നു. ബിന്നിയുടെ ബലത്തിൽ ബംഗ്ലാദേശിനെ 58 റൺസിന് പുറത്താക്കിയ ഇന്ത്യൻ സംഘം 47 റൺസിനാണ് വിജയിച്ചത്.
2015 ഏകദിന ലോകകപ്പ് സ്‌ക്വാഡിലുണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല. 2016ലാണ് അവസാനമായി ബിന്നി അന്താരാഷ്‌ട്ര മത്സരം കളിച്ചത്. ഐപിഎല്ലില്‍ 2010ല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു അരങ്ങേറ്റം. 2011 മുതല്‍ 2015 വരെ രാജസ്ഥാന്‍ റോയല്‍സിലെ സ്ഥിരാംഗങ്ങളിലൊരാളായി. ഒത്തുകളി വിവാദത്തെ തുടർന്ന് രാജസ്ഥാൻ റോയൽസിന് വിലക്ക് നേരിടേണ്ടി വന്നതോടെ 2016ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂറിന്റെ ഭാഗമാവുകയായിരുന്നു താരം. ഐപിഎല്ലില്‍ 95 മത്സരങ്ങളില്‍ 880 റണ്‍സും 22 വിക്കറ്റുമാണ് സമ്പാദ്യം.
കഴിഞ്ഞ ദിവസം ലീഡ്‌സ് ടെസ്റ്റില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റതിന് പിന്നാലെ, സ്റ്റുവര്‍ട്ട് ബിന്നിയുടെ ഭാര്യ മയാന്തി ലാംഗര്‍ ഇന്‍സ്റ്റഗ്രാമില്‍ ട്വീറ്റ് ചെയ്ത ചിത്രം ഏറെ ചര്‍ച്ചയായിരുന്നു. തലയില്‍ കൈവച്ചുനില്‍ക്കുന്ന ജയിംസ് ആന്‍ഡേഴ്‌സനു മുന്നിലൂടെ റണ്ണിനായി ഓടുന്ന സ്റ്റുവര്‍ട്ട് ബിന്നിയുടെ ചിത്രമാണ് മയാന്തി പോസ്റ്റ് ചെയ്തത്.
ടെസ്റ്റ് അരങ്ങേറ്റത്തില്‍ ഇംഗ്ലണ്ടിനെതിരെ 78 റണ്‍സെടുത്ത സ്റ്റുവര്‍ട്ട് ബിന്നിയുടെ ചിത്രമായിരുന്നു പോസ്റ്റ് ചെയ്തത്. ഇന്ത്യയുടെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാനായി സ്റ്റുവര്‍ട്ട് ബിന്നിയെ തിരികെ വിളിക്കണമെന്ന ആവശ്യമായി ഇത് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം. സജീവ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ച താരം പരിശീലന കരിയറിലേക്ക് ചുവട് മാറ്റിയേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.