താലിബാന് അഫ്ഗാന് ഭരണം പിടിച്ചെടുത്തതോടെ രാജ്യത്ത് അരാജകത്വം ഉടലെടുത്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അഫ്ഗാനിസ്ഥാനിലെ ക്രിക്കറ്റ് താരങ്ങളായ റാഷിദ് ഖാനും മുഹമ്മദ് നബിയും ഐപിഎല്ലില്‍ കളിക്കുമോയെന്ന ചോദ്യം ഉയരുന്നത്. ഈ സീസണിലെ ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബര്‍ 19 മുതല്‍ യുഎഇയില്‍ ആരംഭിക്കുന്നു. ഈ സാഹചര്യത്തിലാണ് ലെഗ് സ്പിന്നറായ റാഷിദ് ഖാന്റെയും ഓള് റൗണ്ടര്‍ മുഹമ്മദ് നബിയുടെയും ഐപിഎല്‍ പങ്കാളിത്തം ചര്‍ച്ചയാകുന്നത്.
ലീഗിന്റെ പതിനാലാം പതിപ്പിന്റെ ശേഷിക്കുന്ന മത്സരങ്ങളില്‍ രണ്ട് കളിക്കാരും ഉണ്ടാകുമെന്ന് ഇവര്‍ കളിക്കുന്ന ഫ്രാഞ്ചൈസിയായ സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്ഥിരീകരിച്ചിരിക്കുകയാണ്. എ എന്‍ ഐയോട് സംസാരിച്ച എസ് ആര് എച്ച് സി ഇ ഒ കെ.ഷണ്മുഖം രണ്ട് അഫ്ഗാനിസ്ഥാന് കളിക്കാര്‍ ടീമിന്റെ ഭാഗമാകുമെന്ന് പറഞ്ഞു. 'നിലവില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ സംസാരിച്ചിട്ടില്ല, പക്ഷേ അവര്‍ രണ്ടു പേരും ടൂര്‍ണമെന്റില്‍ ഉണ്ടാകും,' - എസ്ആര്‍എച്ച് പ്രതിനിധി പറഞ്ഞു.
റാഷിദ് ഖാനും മുഹമ്മദ് നബിയും ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് പ്രിയ്യപ്പെട്ടവരാണ്. നിലവാരമുള്ള സ്റ്റേഡിയങ്ങളുടെ അപര്യാപ്തത മൂലം നോയിഡയിലാണ് 2017 മുതല്‍ അഫ്ഗാന് ടീം പരിശീലനം നടത്തുന്നത്. ബേസ് ഗ്രൗണ്ട് ഇന്ത്യയിലാണെങ്കിലും അന്താരാഷ്ട്ര പ്രതിസന്ധി രൂപപ്പെട്ടതിനാല്‍ ടീമിന്റെ ഭാവി ഇനി തീരുമാനിക്കേണ്ടത് താലിബാനായിരിക്കും.
ഐപിഎല്ലിന് താരങ്ങളെ എത്തിക്കാന്‍ ബിസിസിഐ നേരിട്ട് ഇടപെട്ടേക്കുമെന്ന് നേരത്തെ സൂചന പുറത്തുവന്നിരുന്നു. നേരത്തെ താലിബാന് ഭരണം പിടിച്ചെടുക്കുമെന്ന് വ്യക്തമായതോടെ റാഷിദ് ഖാന് സഹായം അഭ്യര്‍ത്ഥിച്ച് ട്വീറ്റ് ചെയ്തിരുന്നു. ചെറിയ കാലയളവ് കൊണ്ട് ലോകക്രിക്കറ്റില്‍ സ്ഥാനമുറപ്പിച്ച ടീമുകളിലൊന്നാണ് അഫ്ഗാന് ടീം. കെനിയ, നമീബിയ, സിംബാബ്വെ, അയര്‍ലന്‍ഡ് തുടങ്ങിയ ടീമുകളെല്ലാം ലോകകപ്പിലെത്തിയതിനെക്കാള്‍ വേഗത്തിലായിരുന്നു അഫ്ഗാന്റെ രംഗപ്രവേശനം. താലിബാനെ വരവോടെ അഫ്ഗാന്റെ ഭാവി പ്രവചിക്കാനാവാത്ത സാഹചര്യത്തിലാണ്.
അതേസമയം പാകിസ്ഥാനുമായുള്ള സൂപ്പര്‍ ലീഗ് ഏകദിന പരമ്പര മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് അഫ്ഗാന് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. സെപ്റ്റംബര്‍ 1 മുതല്‍ നടക്കുന്ന പരമ്പര ശ്രീലങ്കയിലെ ഹമ്പന്തോട്ടയിലാണ് നടക്കുക. അഫ്ഗാന് ടീമിന്റെ മീഡിയ മാനേജര്‍ ഹിക്മത് ഹസനാണ് സ്ഥിരീകരണവുമായി രംഗത്തെത്തിയത്.
'പാകിസ്ഥാനുമായുള്ള പരമ്പര ഹമ്പന്തോട്ടയില് മുന്‍ നിശ്ചയപ്രകാരം നടക്കും. ഇതിനുപുറമെ ആഭ്യന്തര ടി20 ടൂര്‍ണമെന്റ് സംഘടിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. ടി20 ലോകകപ്പിന് ഒരുങ്ങാന്‍ ഈ ടൂര്‍ണമെന്റ് സഹായിക്കും. അഫ്ഗാനിസ്ഥാനില്‍ സ്ഥിതി വളരെ മോശമാണെങ്കിലും ക്രിക്കറ്റ് ടീം അംഗങ്ങള്‍ സുരക്ഷിതരാണ്, അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന താരങ്ങളുടെ കുടുംബങ്ങളെ രക്ഷിക്കാന്‍ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.'- ഹസന് പറഞ്ഞു.
ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാന് കളിക്കുമെന്ന് ഹിക്മത് ഹസന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ലോകകപ്പില്‍ ഗ്രൂപ്പ് രണ്ടിലാണ് അഫ്ഗാനിസ്ഥാന് ഉള്‍പ്പെട്ടിരിക്കുന്നത്. അഫ്ഗാനിസ്ഥാന് പുറമെ ഈ ഗ്രൂപ്പില്‍ ഇന്ത്യ, പാകിസ്താന്, ന്യൂസീലന്‍ഡ്, യോഗ്യതാ മത്സരം ജയിച്ചെത്തുന്ന രണ്ട് ടീമുകളും എന്നിവരും ഉണ്ടാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Afghanistan Cricket, IPL in UAE, Rashid Khan