ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമുകളെ ഈയിടെ ഐ സി സി രണ്ട് ഗ്രൂപ്പുകളായി തിരിച്ചപ്പോള്‍ ഇന്ത്യയും പാകിസ്ഥാനും ഒരു ഗ്രൂപ്പില്‍ വന്നത് ആരാധകരെ വളരെയധികം ആവേശത്തിലാക്കിയിരുന്നു. 2021 മാര്‍ച്ച് 20 വരെയുള്ള ടീം റാങ്കിങ് നോക്കിയാണ് ഗ്രൂപ്പിലേക്ക് ടീമുകളെ തെരഞ്ഞെടുത്തത്. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ എതിരാളികള്‍ പാകിസ്താന് ആണെന്നത് ഈ ആവേശം ഇരട്ടിയാക്കുകയും ചെയ്തു.
ഇപ്പോഴിതാ ഇന്ത്യ- പാകിസ്താന് സൂപ്പര്‍ പോരാട്ടത്തില്‍ 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ ആവര്‍ത്തിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് പാക് പേസര്‍ ഹസന് അലി. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ തകര്‍ത്ത് പാകിസ്താന് കിരീടം നേടിയതിനെ ഓര്‍മ്മിപ്പിച്ചായിരുന്നു ഹസന് അലിയുടെ പ്രതികരണം. അതിനുശേഷം നടന്ന 2018ലെ ഏഷ്യാ കപ്പിലും 2019ലെ ലോകകപ്പിലും ഇന്ത്യക്കായിരുന്നു ജയം. ലോകകപ്പ് മത്സരങ്ങളില്‍ പാകിസ്താന് ഇതുവരെ ഇന്ത്യയെ കീഴടക്കാനുമായിട്ടില്ല.
'ഒരിക്കല്‍ പോലും ക്രിക്കറ്റ് കളി കാണാത്തവര്‍ പോലും പലപ്പോഴും ഏറെ വാശിയേറിയ ഇന്ത്യ- പാകിസ്താന് മത്സരം കാണാനുള്ള മനസ്സ് കാണിക്കും. ഇന്ത്യക്ക് എതിരായ ലോകകപ്പിലെ മത്സരം ഏറെ നിര്‍ണായകമാണ്. എപ്പോഴും ഇന്ത്യന്‍ ടീമിനെതിരെ കളിക്കുമ്പോള്‍ ഇരട്ടി സമ്മര്‍ദ്ദമാണെങ്കിലും 2017ലെ ജയം മധുരമുള്ള ഒരു ഓര്‍മ്മയാണ്. അത് ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് ഉറച്ച വിശ്വാസം. ടീമിനായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്'- ഹസന് അലി തന്റെ അഭിപ്രായം വിശദമാക്കി.
ഈയിടെ ബൗളിംഗ് പരിശീലക സ്ഥാനത്ത് നിന്നും വിരമിച്ച വഖാര്‍ യൂനിസിന്റെ മാര്‍ഗനിര്‍ദേശം ലഭിക്കില്ലെന്നത് നിരാശജനകമാണെന്നും ഹസ്സന് അലി പറഞ്ഞു. 'അദ്ദേഹം പന്തെറിയുന്നത് കണ്ടാണ് ഞാന്‍ ബൗളിംഗ് പഠിച്ചത്. അതുകൊണ്ടുതന്നെ തീര്‍ച്ചയായും അദ്ദേഹത്തിന്റെ അസാസാന്നിധ്യം വലിയ നഷ്ടമാണ്. പക്ഷെ അത് പാക് ക്രിക്കറ്റ് ബോര്‍ഡ് കൈകാര്യം ചെയ്യേണ്ട വിഷയമാണ്. അതില്‍ കളിക്കാരെന്ന നിലയില്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല.'- ഹസന് അലി വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മില്‍ രാഷ്ട്രീയ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരുവരുടെയും നേര്‍ക്കുനേര്‍ പോരാട്ടങ്ങള്‍ ഇപ്പോള്‍ നടക്കാറുള്ളത്. അതുകൊണ്ട് തന്നെ ഇന്ത്യ - പാകിസ്താന് മത്സരങ്ങള്‍ അരങ്ങേറുന്ന ഐസിസി ടൂര്‍ണമെന്റുകള്‍ക്കായി ആരാധകര്‍ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. ഇത്തവണ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഇരുവരും നേര്‍ക്കുനേര്‍ വരുന്നത് കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. ഒക്ടോബര്‍ 17ന് ആരംഭിക്കുന്ന ടി20 ലോകകപ്പില്‍ 24നാണ് ഇന്ത്യ- പാകിസ്താന് ക്ലാസിക് പോരാട്ടം.
ഗ്രൂപ്പ് ഒന്ന്, രണ്ട് എന്നിങ്ങനെ തരംതിരിച്ചിട്ടുള്ള ഗ്രൂപ്പുകളില്‍, രണ്ടാമത്തെ ഗ്രൂപ്പിലാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യക്കും പാകിസ്ഥാനും പുറമെ ന്യുസിലന്‍ഡ്, അഫ്ഗാനിസ്താന്, ഗ്രൂപ്പ് എ റണ്ണറപ്പ്, ഗ്രൂപ്പ് ബി വിജയി എന്നിവരാണ് മറ്റു ടീമുകള്‍. ഗ്രൂപ്പ് ഒന്നില്‍ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എ വിജയി, ഗ്രൂപ്പ് ബി റണ്ണറപ്പ് എന്നീ ടീമുകളാണ് ഉള്‍പ്പെടുന്നത്. രണ്ടാമത്തെ ഗ്രൂപ്പിനെ അപേക്ഷിച്ച് ഒന്നാം ഗ്രൂപ്പിലെ പോരാട്ടങ്ങള്‍ക്ക് കടുപ്പമേറും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.