പിഎസ്ജിയിലും ഗോൾവേട്ടയ്ക്ക് തുടക്കമിട്ട് ലയണൽ മെസി; മാഞ്ചെസ്റ്റർ സിറ്റിക്കെതിരെ ഫ്രഞ്ച് ക്ലബിന് വേണ്ടി ആദ്യ ഗോൾ നേടി
- Published by:Rajesh V
- news18-malayalam
Last Updated:
മത്സരത്തിൽ പി എസ് ജി മാഞ്ചസ്റ്റർ സിറ്റിയെ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് തകർത്തു.
പാരീസ്: പുതിയ തട്ടകമായ പിഎസ്ജിയിലും ഗോൾവേട്ടക്ക് തുടക്കമിട്ട് ലയണൽ മെസി. ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്കെതിരായിരുന്നു ഫ്രഞ്ച് ക്ലബിനായി മെസിയുടെ ആദ്യ ഗോൾ. മത്സരത്തിൽ പി എസ് ജി സിറ്റിയെ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് തകർത്തു. ഇതോടെ കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ലീഗ് സെമിയിലേറ്റ തോൽവിക്ക് പകരം വീട്ടാൻ പി എസ് ജിക്കായി.
പാർക് ഡി പ്രിൻസസിൽ നടന്ന മത്സരത്തിൽ ആക്രമിച്ച് കളിച്ചാണ് ഇരുടീമുകളും തുടങ്ങിയത്.എട്ടാം മിനിറ്റിൽ തന്നെ പി എസ് ജി ലീഡ് നേടി. ഇഡ്രിസാ ഗയേയാണ് പി എസ് ജിയെ മുന്നിലെത്തിച്ചത്. താരത്തിന്‍റെ സീസണിലെ നാലാം ഗോളായിരുന്നു ഇത്. ആദ്യ പകുതിയിൽ പി എസ് ജി 1-0ന് മുന്നിലായിരുന്നു. സമനില ഗോൾ നേടാനുള്ള ഒരവസരം പോലും സിറ്റിക്ക് അനുകൂലമാക്കി മാറ്റാൻ സാധിച്ചില്ല.
advertisement
പി എസ് ജിയിൽ എത്തി മൂന്ന് കളികളിൽ ബൂട്ടണിഞ്ഞിട്ടും ഗോളോ അസിസ്റ്റോ സ്വന്തം പേരിൽ കുറിക്കാൻ മെസ്സിക്കായിരുന്നില്ല. ക്രോസ്ബാറിൽ തട്ടി മടങ്ങുന്ന മെസ്സിയുടെ ഗോൾശ്രമങ്ങൾ നിരാശയോടെ ആരാധകർക്ക് നോക്കിനിൽക്കേണ്ടി വന്നു. 74ാം മിനിറ്റിലായിരുന്നു ആരാധകരുടെ സ്വപ്നം സഫലമായത്.
ഒറ്റക്ക് നടത്തിയ മുന്നേറ്റം മെസ്സി തന്നെ ഫിനിഷ് ചെയ്യുകയായിരുന്നു. മൈതാനത്തിന്‍റെ വലത് വിങ്ങിലൂടെ നടത്തിയ മുന്നേറ്റത്തിനൊടുവിൽ മെസ്സി ബോക്സിന് പുറത്ത് നിന്ന് നൽകിയ പാസ് ബോക്സിനകത്തുണ്ടായിരുന്ന കിലിയൻ എംബാപ്പെ പുറംകാൽ കൊണ്ട് മെസ്സിക്ക് തന്നെ മടക്കി നൽകി. ഇടംകാൽ കൊണ്ട് വലയിലേക്ക് മെസി ചെത്തിയിടുകയായിരുന്നു.
advertisement
ഇതോടെ തുടർച്ചയായി 17 ചാമ്പ്യൻസ് ലീഗ് സീസണുകളിൽ ഗോൾ നേടുന്ന താരമെന്ന റെക്കോഡ് മെസി സ്വന്തമാക്കി. 16 സീസണുകളിൽ ഗോളടിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയും കരീം ബെൻസേമയുമാണ് പിന്നിൽ. ചാമ്പ്യൻസ് ലീഗിലെ മെസിയുടെ 121ാം ഗോളാണിത്. ശേഷം റിയാദ് മെഹ്റസിലൂടെ അക്കൗണ്ട് തുറക്കാൻ സിറ്റിക്ക് അവസരം ലഭിച്ചെങ്കിലും സമനില പിടിക്കാൻ അവർക്കായില്ല.
Also Read- ഗ്യാലറിയിലിരുന്ന് ഭാര്യയെ പരിചയപ്പെടുത്തി സുഹൃത്ത്; 'കല്ല്യാണം കഴിഞ്ഞതേ ഉള്ളല്ലേ' എന്ന് സഞ്ജു സംസൺ
advertisement
രണ്ട് മത്സരങ്ങളിൽ നിന്ന് ഒരുജയവും സമനിലയുമടക്കം നാലുപോയിന്‍റുമായി പി.എസ്.ജിയാണ് ഗ്രൂപ്പിൽ ഒന്നാമത്. നാലുപോയിന്‍റ് തന്നെയുള്ള ക്ലബ് ബ്രൂജ് രണ്ടാമതാണ്. മൂന്ന് പോയിന്‍റുമായി സിറ്റി മൂന്നാമതാണ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 29, 2021 10:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
പിഎസ്ജിയിലും ഗോൾവേട്ടയ്ക്ക് തുടക്കമിട്ട് ലയണൽ മെസി; മാഞ്ചെസ്റ്റർ സിറ്റിക്കെതിരെ ഫ്രഞ്ച് ക്ലബിന് വേണ്ടി ആദ്യ ഗോൾ നേടി