ദോഹ: ലോകകപ്പ് രണ്ടാം സെമിഫൈനലിൽ മൊറോക്കോയ്ക്കെതിരെ ഫ്രാൻസ് രണ്ടു ഗോളിന് മുന്നിലെത്തി. 79-ാം മിനിട്ടിൽ പകരക്കാരനായി എത്തിയ കോലോ മുവാനിയാണ് ഫ്രാൻസിന്‍റെ ലീഡുയർത്തിയത്. എംബാപ്പെയുടെ മുന്നേറ്റത്തിനൊടുവിലാണ് ഫ്രാൻസിന്‍റെ രണ്ടാം ഗോൾ. നേരത്തെ മൊറോക്കൻ പ്രതിരോധം പിളർത്തിയാണ് ഫ്രാൻസ് അഞ്ചാം മിനിട്ടിൽ ആദ്യ ഗോൾ നേടിയത്. തിയോ ഹെർണാണ്ടസാണ് ഫ്രാൻസിനുവേണ്ടി ലക്ഷ്യം കണ്ടത്. വരാനെ ഒരുക്കിയ ത്രൂബോളിൽനിന്ന് അന്‍റോയിൻ ഗ്രീസ്മാൻ നടത്തിയ മുന്നേറ്റത്തിനൊടുവിലാണ് ഹെർണാണ്ടസിന്‍റെ ഗോൾ. ഈ ലോകകപ്പിൽ മൊറോക്കോയുടെ ഗോൾവല കുലുക്കുന്ന ആദ്യ എതിർ ടീം കളിക്കാരനാണ് തിയോ ഹെർണാണ്ടസ്.
മത്സരത്തിന്‍റെ തുടക്കം മുതൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരു ടീമുകളും പുറത്തെടുത്തത്. പന്തടക്കത്തിൽ ആദ്യ മിനിട്ടുകളിൽ മൊറോക്കോ മുന്നിലെത്തിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ഗോൾ വഴങ്ങിയതോടെ ഫ്രാൻസ് പതുക്കെ കളിയിലേക്ക് തിരിച്ചുവരികയായിരുന്നു.
അതിനിടെ മൊറോക്കോയുടെ ഉനാഹിയുടെ തകർപ്പൻ ഷോട്ട് ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസ് രക്ഷപെടുത്തി. 17-ാം മിനിട്ടിൽ ഒലിവർ ജിറൂഡിന്‍റെ തകർപ്പൻ ഷോട്ട് മൊറോക്കോയുടെ ഗോൾപോസ്റ്റിൽ ഇടിച്ചുതെറിച്ചപ്പോൾ ഫ്രഞ്ച് ആരാധകർ സ്തംബ്ധരായിരുന്നു. പിന്നീട് സുവർണാവസരം എംബാപ്പെയും ജിറൂഡും ഒന്നിച്ച് പാഴാക്കുന്നതിനും അൽ ബയ്ത്ത് സ്റ്റേഡിയം സാക്ഷിയായി. ഒന്നാം പകുതിയുടെ അവസാന നിമിഷങ്ങളിൽ തുടർ ആക്രമണങ്ങളുമായി മൊറോക്കോ ഫ്രഞ്ച് ഗോൾമുഖത്ത് ഭീതി വിതച്ചു. 44-ാം മിനിട്ടിൽ യാനിക്കിന്‍റെ ഉജ്ജ്വല ബൈസിക്കിൾ കിക്ക് പോസ്റ്റിലിടിച്ച് തെറിക്കുകയും ചെയ്തു.
രണ്ടാം പകുതിയിലും മൊറോക്കോ നിരന്തരം ഇരമ്പിയാർത്തിയതോടെ ഫ്രഞ്ച് പ്രതിരോധം ശരിക്കും വിയർത്തു. മത്സരത്തിൽ നിറംമങ്ങിയ ജിറൂഡിന് പകരം രണ്ടാം പകുതിയിൽ തുറാമിനെ ഇറക്കിയതോടെയാണ് ഫ്രാൻസിന്‍റെ മുന്നേറ്റങ്ങൾക്ക് ജീവൻവെച്ചത്.
ലോകകപ്പിന്‍റെ കലാശപ്പോരിൽ അർജന്‍റീനയെ നേരിടുന്നതാരാണെന്ന് ഈ മത്സരഫലത്തോടെ വ്യക്തമാകും. ചരിത്രംകുറിച്ച് ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ടീമാകാൻ മൊറോക്കോ ശ്രമിക്കുമ്പോൾ 60 വർഷത്തിനിടെ ലോകകപ്പ് നിലനിർത്തുന്ന ആദ്യ ടീമായി മാറാനുള്ള പ്രയാണത്തിൽ ഫ്രാൻസിന് ഇന്ന് ജയം അനിവാര്യമാണ്.
ദിദിയർ ദെഷാംപ്‌സിന്റെ ഫ്രഞ്ച് പടയ്ക്ക് തന്നെയാണ് അൽ ബയ്‌ത്ത് സ്റ്റേഡിയത്തിൽ ഇന്ന് ഏവരും സാധ്യത കൽപ്പിക്കുന്നത്, എന്നാൽ ഈ ലോകകപ്പിൽ ഇതുവരെ ഒരു ഗോൾ മാത്രം വഴങ്ങിയ മൊറോക്കോ ഉയർത്തുന്ന വെല്ലുവിളി നിസാരമായിരിക്കില്ല.
2010ലെ ചാമ്പ്യൻമാരായ സ്‌പെയിനിനെ മൊറോക്കോ ഇതിനകം അട്ടിമറിക്കുകയും പോർച്ചുഗലിനെ വീഴ്ത്തുകയും ചെയ്തു. കൂടാതെ വമ്പൻമാരായ ബെൽജിയം, ക്രൊയേഷ്യ എന്നിവരെ വെള്ളംകുടിപ്പിക്കാനും മൊറോക്കോയ്ക്ക് കഴിഞ്ഞു.
Also Read- ലോകകപ്പിൽ ഒരു ഗോൾ മാത്രം വഴങ്ങി മൊറോക്കോ; കോളനിയാക്കി ഭരിച്ച ഫ്രാൻസിനെ വീഴ്ത്തുമോ?
ഫ്രാൻസ് മൊറോക്കോയുടെ കൊളോണിയൽ ശക്തിയായിരുന്നതിനാൽ ഇപ്പോഴും ഫ്രാൻസിൽ താമസിക്കുന്ന ഒരു ദശലക്ഷത്തിലധികം മൊറോക്കോക്കാർ അവർക്കായി ആർപ്പുവിളികളുമായി രംഗത്തിറങ്ങും. ഖത്തറിലെ സ്റ്റേഡിയത്തിലും മൊറോക്കോയ്ക്ക് പിന്തുണയുമായി ആയിരങ്ങൾ ഒഴുകിയെത്തും.
ഫ്രാൻസ് ലൈനപ്പ് ഇങ്ങനെ: ഹ്യൂഗോ ലോറിസ്-ഗോളി; ജൂൾസ് കൗണ്ടെ, റാഫേൽ വരാനെ, ഇബ്രാഹിമ കൊണേറ്റ്, തിയോ ഹെർണാണ്ടസ്; അന്റോയിൻ ഗ്രീസ്മാൻ, ഔറേലിയൻ ചൗമേനി, യൂസഫ് ഫൊഫാന; ഔസ്മാൻ ഡെംബെലെ, ഒലിവിയർ ജിറൂഡ്, കീലിയൻ എംബാപ്പെ
ഫ്രാൻസ് ഫോർമേഷൻ: 4-3-3
കോച്ച്: ദിദിയർ ദെഷാംപ്‌സ് (FRA)
മൊറോക്കോ ലൈനപ്പ് ഇങ്ങനെ: യാസിൻ ബൗനൂ; ജവാദ് എൽ യാമിക്, റൊമെയ്ൻ സൈസ്, നായിഫ് അഗേർഡ്; അച്രഫ് ഹക്കിമി, സോഫിയാൻ അംറബത്ത്, അസെദീൻ ഔനഹി, നൗസൈർ മസ്രോയി; ഹക്കിം സിയെക്, യൂസഫ് എൻ-നെസിരി, സോഫിയാൻ ബൗഫൽ
മൊറോക്കോ ഫോർമേഷൻ: 3-4-3
കോച്ച്: വാലിദ് റെഗ്രഗുയി (MAR)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.