പന്ത് ചുരണ്ടല്‍ വിവാദം; വാര്‍ണര്‍ ഒരു ആത്മകഥ എഴുതുന്നതാകും കൂടുതല്‍ നല്ലത്: സ്റ്റുവര്‍ട്ട് ബ്രോഡ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
വിവാദത്തില്‍ കൂടുതല്‍ പേരുകള്‍ പുറത്തു വരുമെന്നും കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി ചിലര്‍ക്കെങ്കിലും അറിവുണ്ടായിരിക്കാം എന്നും മുന്‍ ഓസ്‌ട്രേലിയന്‍ താരം ആദം ഗില്‍ക്രിസ്റ്റ് അഭിപ്രായപ്പെട്ടിരുന്നു
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ ഒട്ടാകെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു 2018ല്‍ നടന്ന കേപ് ടൗണിലെ പന്ത് ചുരണ്ടല്‍ വിവാദം. ഈയിടെ വിവാദത്തില്‍ ശിക്ഷിക്കപ്പെട്ട മൂന്നുപേരില്‍ ഒരാളായ ഓസിസ് താരം കാമറോണ്‍ ബാന്‍ക്രോഫ്റ്റ് ചില നിര്‍ണായക വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത് പിന്നെയും ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. സാന്‍ഡ് പേപ്പര്‍ വിവാദത്തില്‍ ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ക്കും പങ്കുണ്ടെന്നാണ് താരം വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ പുതിയ തെളിവുകള്‍ ആരുടയെങ്കിലും കൈവശമുണ്ടെങ്കില്‍ അത് ഗവേണിങ്ങ് ബോഡിയ്ക്ക് കൈമാറണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചിരുന്നു.
ക്രിക്കറ്റ് രംഗത്തെ ഒട്ടേറെ പേര്‍ ഇപ്പോള്‍ പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം ഡേവിഡ് വാര്‍ണര്‍ ആത്മകഥയെഴുതുകയാണെങ്കില്‍ അതില്‍ പന്ത് ചുരണ്ടല്‍ വിവാദത്തെക്കുറിച്ച് പരാമര്‍ശിക്കുമോ എന്നറിയാന്‍ ആകാംക്ഷയുണ്ടെന്ന് ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. 'ഓസ്‌ട്രേലിയന്‍ ടീമിനൊപ്പം ഞാന്‍ പന്തെറിഞ്ഞിട്ടില്ല. ജിമ്മി ആന്‍ഡേഴ്‌സണൊപ്പം പന്തെറിയുമ്പോള്‍ പന്തില്‍ എന്തെങ്കിലും തരത്തിലുള്ള അടയാളങ്ങളോ എന്റെ സീമില്‍ മില്ലി മീറ്റര്‍ വ്യത്യാസമോ വന്നാല്‍ അക്കാര്യം ജിമ്മി ആന്‍ഡേഴ്‌സണ്‍ എന്നോട് അപ്പോള്‍ തന്നെ ചൂണ്ടിക്കാണിക്കാറുണ്ട്. എന്തുകൊണ്ടാണ് സീമില്‍ വ്യത്യാസം വന്നതെന്നും പന്തിലെങ്ങനെയാണ് ഇങ്ങനെയൊരു അടയാളം വന്നതെന്നും അദ്ദേഹം ചോദിക്കും. റിവേഴ്‌സ് സ്വിംഗ് ലഭിക്കാതിരിക്കാനും ഇതുപോലെ നിരവധി കാരണങ്ങളുണ്ട്. അതിനെക്കുറിച്ചൊക്കെ ഞങ്ങളെല്ലാവരും ബോധവാന്‍മാരാണ്'- ബ്രോഡ് പറഞ്ഞു.
advertisement
വിവാദത്തില്‍ കൂടുതല്‍ പേരുകള്‍ പുറത്തു വരുമെന്നും കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി ചിലര്‍ക്കെങ്കിലും അറിവുണ്ടായിരിക്കാം എന്നും മുന്‍ ഓസ്‌ട്രേലിയന്‍ താരം ആദം ഗില്‍ക്രിസ്റ്റ് അഭിപ്രായപ്പെട്ടിരുന്നു. വിവാദം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ എക്കാലത്തും വേട്ടയാടുമെന്നും അത് പുസ്തകങ്ങളായി പുറത്തു വരുമെന്നും താരം അഭിപ്രായപ്പെട്ടു. ഈ വിവാദം ഇടയ്ക്കിടെ പൊങ്ങിവരാനുള്ള കാരണം ക്രിക്കറ്റ് ഓസ്‌ട്രേലിയ തന്നെയാണെന്നും ഗില്‍ക്രിസ്റ്റ് കുറ്റപ്പെടുത്തി.
advertisement
2018ല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് വിവാദത്തിന് ആസ്പദമായ സംഭവം. നായകന്‍ സ്മിത്തിന്റെ മൗനാനുമതിയില്‍ ഉപനായകന്‍ ഡേവിഡ് വാര്‍ണറുടെ നിര്‍ദേശത്താല്‍ ബാന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമം കാണിച്ചതായിരുന്നു വിവാദമായത്. ബാന്‍ക്രോഫ്റ്റിന് ഒമ്പത് മാസവും, സ്മിത്ത്, വാര്‍ണര്‍ എന്നിവര്‍ക്ക് 12 മാസവും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിലക്ക് നേരിട്ടിരുന്നു.
advertisement
വിലക്കു കാലാവധി പിന്നിട്ട് മൂവരും പിന്നീട് ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. സ്മിത്തിന് 2 വര്‍ഷത്തേക്ക് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും വിലക്ക് നേരിടേണ്ടി വന്നിരുന്നു. വിലക്കിന് ശേഷം ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും ഏകദിന ലോകകപ്പിലും ബാന്‍ക്രോഫ്റ്റ് ആഷസ് പരമ്പരയോടെയും ടീമില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ബാന്‍ക്രോഫ്റ്റ് നടത്തിയിരിക്കുന്ന വെളിപ്പെടുത്തലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയെ വീണ്ടും പ്രതിസന്ധിയിലാക്കിയത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 18, 2021 3:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
പന്ത് ചുരണ്ടല്‍ വിവാദം; വാര്‍ണര്‍ ഒരു ആത്മകഥ എഴുതുന്നതാകും കൂടുതല്‍ നല്ലത്: സ്റ്റുവര്‍ട്ട് ബ്രോഡ്