കൊച്ചി: സിപിഎമ്മിനെതിരെ (CPM)രൂക്ഷ വിമർശനവുമായി എൽജെഡി (LJD) സംസ്ഥാന ജനറൽ സെക്രട്ടറി സലിം മടവൂർ. ശ്രേയാംസ് കുമാറിന്റെ കാലവധി കഴിഞ്ഞതോടെ ഒഴിവ് വന്ന രാജ്യസഭാ സീറ്റും നഷ്ടമായതിന് പിന്നാലെയാണ് വിമർശനം. തളർത്താനാണ് ശ്രമമെങ്കിൽ അത് നടക്കില്ലെന്ന തലക്കെട്ടോടെയാണ് ഫെയ്സ്ബുക്ക് പേജിൽ സലിം മടവൂരിന്റെ പോസ്റ്റ്.
ഫേയിസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ
തളർത്താനാണ് ശ്രമമെങ്കിൽ അത് നടക്കില്ല.
സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളെ തകർക്കാൻ എല്ലാ കാലത്തും ശത്രുക്കൾ ശ്രമിച്ചു വന്നിട്ടുണ്ട്. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ എന്നും അതിനെ അതിജീവിക്കാൻ ശ്രമിച്ചിട്ടുമുണ്ട്. ഇന്ന് കേരളത്തിൽ കൂടുതൽ പ്രാദേശിക സ്വാധീനമുള്ള സോഷ്യലിസ്റ്റ് പ്രസ്ഥാനം എന്ന നിലക്ക് എൽ.ജെ.ഡിയും ഇത്തരം എതിർപ്പുകൾ അതിജീവിക്കാൻ കരുത്തുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ്. അഞ്ച് വർഷക്കാലം ഒരു എം.എൽ.എ പോലുമില്ലാത്തതിന്റെ പേരിൽ പ്രാദേശികമായ ഫുട്പാത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ നിന്നു പോലും മാറ്റി നിറുത്തപ്പെട്ടപ്പോഴും ഞങ്ങൾ തളർന്നിട്ടില്ല.
മന്ത്രി സ്ഥാനം, എം പി സ്ഥാനം എന്നിവയിൽ അധിഷ്ഠിതമല്ല ചെറുതെങ്കിലും ഈ പ്രസ്ഥാനത്തിന്റെ നിലനിൽപെന്ന് ചൂണ്ടിക്കാട്ടിയെന്ന് മാത്രം. നിയമസഭാ തിരഞ്ഞെടുപ്പിൽ 137 നിയോജക മണ്ഡലങ്ങളിൽ ഏറിയും കുറഞ്ഞും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പിന്തുണ കൊടുത്തതിന് 3 സീറ്റിൽ ഞങ്ങളും മത്സരിച്ചിട്ടുണ്ട്. രണ്ടിടത്ത് തോറ്റു. ഒന്ന് ജയിച്ചു. കൽപറ്റയിൽ ശ്രേയാംസ് കുമാറിന്റെ പരാജയത്തെക്കുറിച്ച് ചില കമൻറുകൾ കണ്ടു. ശരിയാണ് ശ്രേയാംസ് തോറ്റു. പക്ഷേ കേരളത്തിൽ വി.എസ്, ഇ.കെ. നായനാർ, ആര്യാടൻ, കുഞ്ഞാലിക്കുട്ടി, വിജയരാഘവൻ, തുടങ്ങി എത്രയോ നേതാക്കൾ ജയിക്കുന്ന സീറ്റിൽ തോറ്റിട്ടുണ്ട്.
Also Read-
DYFI അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം CPM രാജ്യസഭാ സ്ഥാനാർഥി
ശ്രേയാംസ് കുമാർ തോറ്റത് വോട്ട് കൊണ്ട് LDF പുറകിലുള്ള സീറ്റിലാണ്. എങ്കിലും തോറ്റു എന്നത് യാഥാർഥ്യമാണ്. സി.പി.എം പ്രവർത്തകരും അനുഭാവികളും മാത്രം വോട്ടു ചെയ്താൽ ജയിക്കുന്ന കോഴിക്കോടും പാലക്കാട്ടും മുഹമ്മദ് റിയാസും വിജയ രാഘവനും പ്രദീപ് കുമാറും എം.ബി രാജേഷും പരാജയപ്പെട്ടതും ചരിത്രമാണ്. തിരഞ്ഞെടുപ്പിൽ ജയപരാജയങ്ങൾ സ്വാഭാവികമാണെന്ന് ചൂണ്ടിക്കാട്ടിയെന്നു മാത്രം. കേരളത്തിൽ എൽ.ജെ.ഡിക്ക് ഒരു മന്ത്രി സ്ഥാനത്തിന് അർഹതയുണ്ട് എന്നതിൽ തർക്കമില്ല. പക്ഷേ തന്നില്ല. മന്ത്രി സ്ഥാനം മാത്രമല്ല രാഷ്ട്രീയം എന്നത് കൊണ്ട് ഞങ്ങളത് കാര്യമാക്കുന്നുമില്ല. ഇപ്പോൾ രാജ്യസഭാ സീറ്റ് സി.പി.എം എടുത്താൽ അതിനെ കേരളത്തിൽ ഇപ്പോൾ എൽ.ഡി.എഫ് ജയിച്ച ഭൂരിപക്ഷം സീറ്റുകളിൽ ഒറ്റക്ക് സ്ഥാനാർഥികളെ വിജയിപ്പിക്കാൻ കരുത്തുള്ള രാഷ്ട്രീയ പാർട്ടിയുടെ നിലപാടായി കരുതാമായിരുന്നു.
പക്ഷേ 2024 ൽ ജോസ്.കെ. മാണിക്ക് സീറ്റ് നൽകാനാണ് ഇത്തവണ സി.പി.ഐക്ക് സീറ്റ് നൽകുന്നത്. സാമുദായിക സ്വാധീനമുള്ള 'കേരളാ കോൺഗ്രസിന് മുന്തിയ പരിഗണനയും മതേതര സോഷ്യലിസ്റ്റ് പ്രസ്ഥാനമായ എൽ.ജെ ഡിക്ക് അവഗണനയും നൽകുന്നത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ജീർണതയായേ കാണാൻ കഴിയൂ. ചിലർ പറയുന്നത് നിങ്ങൾ മുന്നണി വിട്ട് യുഡിഎഫിൽ പോയവരല്ലേ എന്നാണ് -ഒരു രാഷ്ട്രീയ പാർട്ടി നിലനിൽപ്പിന് മുന്നണി മാറുന്നത് ഇന്ത്യയിൽ സ്വാഭാവിക നടപടിയാണ്. കോൺഗ്രസുമായി ബംഗാളിലും തമിഴ് നാട്ടിലും ബീഹാറിലും സി.പി.എമ്മും സി.പി.ഐയും സഖ്യത്തിലാണ്.
അടിയന്തിരാവസ്ഥയെ പിന്തുണക്കുകയും ഇന്ദിരാഗാന്ധി ഭരണഘടന സസ്പെൻറ് ചെയ്ത് നിയമസഭകളുടെ കാലാവധി ജനാധിപത്യവിരുദ്ധമായി നീട്ടിയപ്പോൾ ഏഴ് വർഷം കേരളത്തിന്റെ മുഖ്യ മന്ത്രി പദത്തിൽ ഇരിക്കുകയും ചെയ്ത പാർട്ടിയാണ് സി.പി.ഐ. അവർ അത്തരം നടപടികളിൽ ഇതേവരേ തെറ്റ് ഏറ്റു പറഞ്ഞിട്ടുമില്ല. കേരളത്തിൽ 2009 ൽ ജനതാ ദളിന് സിറ്റിങ് സീറ്റ് നിഷേധിക്കപ്പെട്ടപ്പോൾ മിണ്ടാതെ എൽ ഡി എഫിൽ തുടർന്നാൽ പാർട്ടിയുണ്ടാവില്ല എന്ന സ്ഥിതി വന്നു. നിലനിൽപിന് എന്തെങ്കിലും ചെയ്തേ പറ്റു എന്ന സ്ഥിതി വന്നു. സ്വഭാവികമായും സി.പി.എം ബംഗാളിലും മറ്റും ചെയ്തത് പോലെ ജനതാദളും കോൺഗ്രസkമായി സഖ്യമുണ്ടാക്കി. അനുയോജ്യ സാഹചര്യത്തിൽ എൽ.ഡി.എഫിൽ തിരികെയെത്തുകയും ചെയ്തു. രാഷ്ട്രീയത്തിൽ വിരോധാഭാസങ്ങൾ ഇന്നത്തെ കാലത്ത് സ്വാഭാവികമാണ്.
Also Read-
കേരളത്തിൽ നിന്ന് പാർലമെന്റംഗമാകുന്ന രണ്ടാമത്തെ 'എ എ റഹീം'; കേന്ദ്രമന്ത്രിയായിരുന്ന റഹീമിനെ അറിയാമോ?
ഇന്നലെവരെ ബജറ്റ് വിറ്റുവെന്ന് പറഞ്ഞ കേരളാ കോൺഗ്രസ് മാണിയും അഴിമതിയുടെ പേരിൽ വി.എസ് ജയിലിലാക്കിയ ബാലകൃഷ്ണപിള്ളയുടെ പാർട്ടിയും എൽ ഡി എഫിലുണ്ട്. അവർക്കൊക്കെ കൊടുക്കാവുന്ന മന്ത്രി സ്ഥാനം എന്തുകൊണ്ട് എൽ.ജെ.ഡിക്ക് നിഷേധിക്കപ്പെട്ടു എന്ന് ചോദിച്ചാൽ വിരോധാഭാസം എന്ന ഒറ്റവാക്കേ ഉത്തരമായുള്ളൂ. മുകളിൽ സൂചിപ്പിച്ചത് പോലെ മന്ത്രി സ്ഥാനം നിഷേധിച്ചും എം.പി സ്ഥാനം നിഷേധിച്ചും ബോർഡ് കോർപറേഷനുകൾ നിഷേധിച്ചും ഈ പാർട്ടിയെ തളർത്തി നശിപ്പിക്കലാണ് ആരുടെയെങ്കിലും വികലമനസ്സിൽ രൂപപ്പെട്ട അജണ്ടയെങ്കിൽ അത് നടക്കാൻ പോകുന്നില്ല.
പാർട്ടി ചെറുതാകുന്നുണ്ട്. കഞ്ഞി വെള്ളം കുടിച്ചിട്ടായാലും എൽ.ജെ.ഡി കേരളത്തിൽ ശക്തമായ സാന്നിധ്യമായി നിലകൊള്ളും. അതിനുള്ള മനക്കരുത്ത് ഞങ്ങളുടെ പാവപ്പെട്ടവരും സാധാരണക്കാരുമായ സഖാക്കൾക്കുണ്ട്. നിങ്ങൾ തകർക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കുക .ഞങ്ങൾ അതിജീവിക്കാനും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.