സെൻട്രൽ ഇസ്രായേൽ: വീട് നിർമാണത്തിനായി കുഴിയെടുത്തപ്പോൾ കിട്ടിയത് അപൂർവ നിധി. സെൻട്രൽ ഇസ്രായേലിലാണ് അപൂർവ നിധിശേഖരം കണ്ടെത്തിയത്.
വീട് നിർമാണത്തിനായി സ്ഥലം വൃത്തിയാക്കാനെത്തിയ യുവാക്കളാണ് നിധി ആദ്യം കണ്ടത്. ഓഗസ്റ്റ് 18 നാണ് സ്ഥലത്ത് ഒരു കൂട്ടം യുവാക്കൾ ജോലിക്കായി എത്തിയത്. വീടുകൾ നിർമിക്കാനായി കണ്ടെത്തിയ സ്ഥലം വൃത്തിയാക്കാനെത്തിയതായിരുന്നു യുവാക്കൾ.
1,100 വർഷങ്ങൾക്ക് മുമ്പ് കുഴിച്ചിട്ട നാണയങ്ങളാണ് കണ്ടെത്തിയത്. പാത്രത്തിൽ ആണിയടിച്ച് ഭദ്രമായി അടച്ചുവെച്ച നിലയിലായിരുന്നു നിധി. പിന്നീട് എടുക്കാമെന്ന് കരുതി സൂക്ഷിച്ച് വെച്ചതാകാമെന്നാണ് പുരാവസ്തു ഗവേഷകരുടെ നിഗമനം.
എന്നാൽ നാണയങ്ങൾ കുഴിച്ചുവെച്ചയാൾ പിന്നീടത് എടുക്കാതിരുന്നതിന‍്റെ കാരണം എന്തായിരിക്കുമെന്നത് മാത്രം വലിയ ചോദ്യചിഹ്നമാകുന്നു.
മണ്ണ് ആഴത്തിൽ കുഴിച്ചപ്പോൾ നേർത്ത ഇലകൽ പോലെ എന്തോ ഒന്നാണ് ആദ്യം ശ്രദ്ധയിൽപെട്ടതെന്ന് നിധി കണ്ടെത്തിയ യുവാവ് പറയുന്നു. പിന്നീട് പരിശോധിച്ചപ്പോഴാണ് നാണയങ്ങളാണെന്ന് മനസ്സിലായത്. ഇതോടെ പുരാവസ്തു ഗവേഷകരെ വിവരം അറിയിക്കുകയായിരുന്നു.
അപൂർവമായ പുരാവസ്തു ശേഖരം കണ്ടെത്താൻ കഴിഞ്ഞത് വലിയ സന്തോഷമുണ്ടെന്നും യുവാവ്.
ഒമ്പതാം നൂറ്റാണ്ടിലെ അബ്ബാസിദ് ഖിലാഫത്ത് കാലത്തെ നാണയശേഖരമാണ് കണ്ടെത്തിയത്. 24 കാരറ്റുള്ള 425 സ്വർണനാണയങ്ങളാണ് കുടത്തിലുണ്ടായിരുന്നത്. ആ കാലത്ത് വലിയ തുകയുണ്ടാകുമായിരുന്ന ഇത്രയും സ്വർണ നാണയങ്ങൾ എന്തിനായിരിക്കും കുഴിച്ചിട്ടതെന്നാണ് ഗവേഷകരെ കുഴക്കുന്നത്.
വലിയ ആഢംബര വീട് സ്വന്തമാക്കാനുള്ള അത്രയും സമ്പാദ്യമാണ് ഒരു കുടത്തിൽ നിന്നും ലഭിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Israel