'ടൈറ്റാനിക്' നിർമാണവുമായി ചൈന മുന്നോട്ട്; ചെലവ് 1000 കോടിയോളം രൂപ
Last Updated:
ഈ കപ്പൽ മാതൃക കാണാനെത്തുന്ന സഞ്ചാരികൾക്ക് 2000 യുവാൻ ചെലവിൽ ഒരു രാത്രി ഇതിനകത്ത് ചെലവഴിക്കാൻ കഴിയുമെന്നും സു ഷാജോൻ പറയുന്നു. ഈ മാതൃകയ്ക്ക് പ്രവർത്തനക്ഷമമായ ഒരു ആവി എഞ്ചിൻ ഉണ്ടാകുമെങ്കിലും ഇത് കടലിലേക്കിറക്കാൻ കഴിയുന്ന ഒന്നായിരിക്കില്ല.
ഒരിക്കലും മുങ്ങാൻ കഴിയാത്തത് എന്ന വിശേഷണത്തോടെ നിർമാതാക്കൾ അവതരിപ്പിച്ച ആർ എം എസ് ടൈറ്റാനിക് എന്ന അത്യാഢംബര കപ്പൽ 1912-ൽ അതിന്റെ കന്നിയാത്രയിൽ തന്നെ അറ്റ്ലാന്റിക് സമുദ്രത്തിൽ വെച്ച് ഒരു മഞ്ഞുമലയിൽ ഇടിച്ച് തകർന്നതും 1500-ലധികം യാത്രികർ മരണമടഞ്ഞതും ലോക ചരിത്രത്തിലെ പ്രധാനപ്പെട്ട അധ്യായങ്ങളിൽ ഒന്നാണ്. അതിനുശേഷം ആ കപ്പലിന്റെ കഥ ഇതിഹാസ സമാനമായി പറഞ്ഞുപോരാറുണ്ട്. എന്നാൽ, 1997ൽ ലിയോനാർഡോ ഡികാപ്രിയോയും കെയ്റ്റ് വിൻസ്‌ലെറ്റും അഭിനയിച്ച അതുല്യമായ ഒരു സിനിമയാക്കി ജെയിംസ് കാമറൂൺ ആ കപ്പൽ കഥയെ മാറ്റിയതോടെ ടൈറ്റാനിക്ക് അതിന്റെ അനശ്വരത സമ്പൂർണമാക്കി മാറ്റി.
ടൈറ്റാനിക് അപകടത്തിൽപ്പെട്ടിട്ട് ഒരു നൂറ്റാണ്ടിലധികം ആയെങ്കിലും ഇന്നും ആ കപ്പലിന്റെ കഥ ജനകീയമായി തുടരുന്നു. ഇപ്പോഴും ആഴക്കടൽ പര്യവേക്ഷകർ ടൈറ്റാനിക് തകർന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങളും ഗവേഷണങ്ങളും തുടരുന്നുമുണ്ട്.
അധികം വൈകാതെ തന്നെ വിനോദസഞ്ചാരികൾക്ക് ടൈറ്റാനിക്കിന്റെ ഉൾഭാഗം എങ്ങനെയിരിക്കും എന്നതിനെക്കുറിച്ച് നേരിട്ട് അനുഭവിക്കാൻ അവസരമൊരുക്കാൻ തയ്യാറെടുക്കുകയാണ് ചൈന. സു ഷാജോൻ എന്ന ചൈനീസ് നിക്ഷേപകനാണ് കൗതുകകരമായ ഈ സങ്കൽപ്പത്തെ യാഥാർഥ്യമാക്കാൻ പോകുന്നത്. ചൈനയിലെ ഒരു തീം പാർക്കിൽ ടൈറ്റാനിക് കപ്പലിന്റെ അതേ വലിപ്പമുള്ള ഒരു തനിപ്പകർപ്പിന്റെ നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഏതാണ്ട് 155 മില്യൺ ഡോളർ ചെലവഴിച്ചു കൊണ്ടാണ് ഈ നിർമാണ പ്രവർത്തനം നടക്കുന്നത്. വരും വർഷങ്ങളിൽ ഈ ഭീമാകാരൻ കപ്പൽ വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
advertisement
സു ഷാജോൻ ടൈറ്റാനിക്കിന്റെ കഥയുടെയും ആ ചലച്ചിത്രത്തിന്റെയും വലിയൊരു ആരാധകനാണ്. അങ്ങനെയാണ് സിചുവാൻ പ്രവിശ്യയിൽ 850 അടി നീളമുള്ള ടൈറ്റാനിക്കിന്റെ മാതൃക നിർമിക്കാൻ പണം ചെലവഴിക്കാൻ അദ്ദേഹം തീരുമാനിച്ചത്. കപ്പൽ നിർമാണം നടക്കുന്ന തീം പാർക്ക് ടൈറ്റാനിക്കിന്റെ തങ്ങളുടെ പതിപ്പിലൂടെ അതിന്റെ പ്രൗഢിയും ആഡംബരത്വവും പുനർനിർമിക്കാനുള്ള ശ്രമത്തിലാണ്. ഈ കപ്പൽ മാതൃക കാണാനെത്തുന്ന സഞ്ചാരികൾക്ക് 2000 യുവാൻ ചെലവിൽ ഒരു രാത്രി ഇതിനകത്ത് ചെലവഴിക്കാൻ കഴിയുമെന്നും സു ഷാജോൻ പറയുന്നു. ഈ മാതൃകയ്ക്ക് പ്രവർത്തനക്ഷമമായ ഒരു ആവി എഞ്ചിൻ ഉണ്ടാകുമെങ്കിലും ഇത് കടലിലേക്കിറക്കാൻ കഴിയുന്ന ഒന്നായിരിക്കില്ല.
advertisement
ക്യാബിനുകൾ മുതൽ വാതിലിന്റെ ഹാൻഡിലുകൾ വരെ ഓരോ ഭാഗവും യഥാർത്ഥ ടൈറ്റാനിക്കിന്റെ തനിപ്പകർപ്പ് ആയാണ് നിർമിക്കുന്നതെന്ന് സു ഷാജോൻ പറയുന്നു. ഈ പ്രധാന കപ്പൽ മാതൃകയ്ക്ക് പുറമെ ടൈറ്റാനിക് എന്ന സിനിമയിലെ പ്രസിദ്ധമായ സെലിൻ ഡയോണിന്റെ 'മൈ ഹാർട്ട് വിൽ ഗോ ഓൺ' എന്ന ഗാനം പ്ലേ ചെയ്യുന്ന രണ്ട് ടൂറിസ്റ്റ് ബസുകളും പാർക്കിൽ ഉണ്ടാകും. എന്നാൽ 2008ൽ 18 മില്യൺ ഡോളർ ചെലവിൽ നിർമിക്കപ്പെട്ട യു എസ് എസ് എന്റർപ്രൈസസിന്റെ മാതൃകയെപ്പോലെ ഇതും ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്ക പല ഭാഗങ്ങളിൽ നിന്നും ഉയരുന്നുണ്ടെന്ന് എ എഫ് പി റിപ്പോർട്ട് ചെയ്യുന്നു.
advertisement
Keywords: Titanic, China, Titanic Movie, Chinese Theme Park, ടൈറ്റാനിക്, ചൈന, ടൈറ്റാനിക് സിനിമ, ചൈനീസ് തീം പാർക്ക്
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 18, 2021 12:20 PM IST