പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ (ഇസിപി) പാകിസ്ഥാൻ തെഹ്‌രീക്-ഇ ഇൻസാഫ് (പിടിഐ) നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ ഇമ്രാൻ ഖാന്റെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി. ഇസ്ലാമാബാദിലെ തീവ്രവാദ വിരുദ്ധ കോടതി (എടിസി) യാണ് പാക് മുൻ പ്രസിഡന്റ് ഇമ്രാൻ ഖാന്റെ ജാമ്യാപേക്ഷ തള്ളിയത്. കേസുമായി ബന്ധപ്പെട്ട വിചാരണക്ക് ഇമ്രാൻ ഖാൻ ഹാജരായിരുന്നില്ല.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനെതിരായ പിടിഐയുടെ പ്രതിഷേധത്തിന്റെ കാരണങ്ങളും കേസിൽ മെഡിക്കൽ കാരണങ്ങളാൽ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന ഇമ്രാൻ ഖാന്റെ അഭ്യർത്ഥനയും എടിസി ജഡ്ജി രാജാ ജവാദ് അബ്ബാസ് ഹസനു മുന്നിൽ അഭിഭാഷകൻ നിരത്തിയിരുന്നു. എന്നാൽ ജഡ്ജി ഈ ആവശ്യം നിരസിക്കുകയും കോടതിയിൽ ഹാജരാകാൻ ഇമ്രാൻ ഖാനോട് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
ഖാൻ കോടതിയിൽ എത്താത്തതിനെത്തുടർന്നാണ് ജഡ്ജി വിധി പ്രഖ്യാപിച്ചത്. എടിസി കോടതിയുടെ വിധിക്കെതികെ ഇമ്രാൻ ഖാന് ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിക്കാനുള്ള അവസരമുണ്ട്. അറസ്റ്റ് ഒഴിവാക്കാൻ ഇപ്പോൾ ഖാനു മുന്നിലുള്ള വഴിയിതാണ്. ഇമ്രാൻ ഖാൻ അനുകൂലികളായ പാർട്ടി പ്രവർത്തകർ തെരുവുകളിലും ഇസിപി ഓഫീസുകൾക്ക് പുറത്തുമായി പാക്കിസ്ഥാനിലുടനീളം പ്രതിഷേധം നടത്തിയിരുന്നു. ഇതേത്തുടർന്നാണ് ഖാനെതിരെ കേസെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.