ബംഗ്ലാദേശില്‍ ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ സംഭവം; ഹിന്ദുക്കളുടെ സംരക്ഷണം ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയില്‍ അപേക്ഷ
- Published by:Rajesh V
- news18-malayalam
Last Updated:
ലോകമെമ്പാടുമുള്ള പീഡിപ്പിക്കപ്പെടുന്ന ഹിന്ദു ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ 'അന്താരാഷ്ട്രീയ ഹിന്ദു സേവാ സംഘം' ദിപു ദാസിന്റെ കൊലപാതകത്തിനെതിരെ ഐക്യരാഷ്ട്ര സഭയില്‍ അപേക്ഷ സമര്‍പ്പിച്ചു
ബംഗ്ലാദേശില്‍ ഒരുകൂട്ടം കലാപകാരികള്‍ ചേര്‍ന്ന് ഹിന്ദു യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വിവിധ സംഘടനകളില്‍ നിന്നും പ്രതിഷേധം ശക്തമാകുന്നു. വിദ്യാര്‍ത്ഥി നേതാവ് ഷെരീഫ് ഒസ്മാന്‍ ഹാദിയുടെ മരണത്തെ തുടര്‍ന്നാണ് ബംഗ്ലാദേശില്‍ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടത്. വിവിധയിടങ്ങളില്‍ പ്രതിഷേധക്കാര്‍ അക്രമം നടത്തുന്നതിനിടയില്‍ മതനിന്ദ ആരോപിച്ച് മൈമെന്‍സിംഗിലെ ഭാലുകയില്‍ ദിപു ചന്ദ്ര ദാസ് എന്ന യുവാവിനെ ജനക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു.
കൊലപാതകത്തിനുശേഷം അദ്ദേഹത്തിന്റെ ശരീരം മരത്തില്‍ കെട്ടിത്തൂക്കി കത്തിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തില്‍ ശക്തമായി പ്രതികരിച്ച് ഹിന്ദു സംഘടനകളും ന്യൂനപക്ഷ അവകാശ ഗ്രൂപ്പുകളും അന്താരാഷ്ട്ര നേതാക്കളും രംഗത്തെത്തി. രാജ്യത്ത് അശാന്തി പടരുന്ന സാഹചര്യത്തില്‍ ഉത്തരവാദിത്തം, നീതി, മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം എന്നിവയ്ക്കുള്ള ആഹ്വാനങ്ങളും വര്‍ദ്ധിച്ചുവരികയാണ്.
ലോകമെമ്പാടുമുള്ള പീഡിപ്പിക്കപ്പെടുന്ന ഹിന്ദു ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ 'അന്താരാഷ്ട്രീയ ഹിന്ദു സേവാ സംഘം' ദിപു ദാസിന്റെ കൊലപാതകത്തിനെതിരെ ഐക്യരാഷ്ട്ര സഭയില്‍ അപേക്ഷ സമര്‍പ്പിച്ചു. മതതീവ്രവാദം, ആള്‍ക്കൂട്ട ആക്രമണം, ന്യൂനപക്ഷ സമുദായങ്ങളെ ലക്ഷ്യംവച്ചുള്ള ഭരണപരമായ നിഷ്‌ക്രിയത്വം എന്നിവയുടെ വിശാലമായ രീതിയാണിതെന്നും സംഘടനകള്‍ ആരോപിച്ചു.
advertisement
മൗറീഷ്യസില്‍ നിന്നുള്ള ഹിന്ദു സംഘടനകളും കൊലപാതകത്തെ നിശിതമായി അപലപിച്ചിട്ടുണ്ട്. ദിപു ദാസിന്റെ ക്രൂരമായ കൊലപാതകവും തുടര്‍ന്ന് അദ്ദേഹത്തിന്റെ മൃതദേഹം കത്തിച്ചതിനെയും ശക്തമായി അപലപിക്കുകയും അഗാധമായ രോഷം പ്രകടിപ്പിക്കുകയും ചെയ്തുകൊണ്ട് മൗറീഷ്യസ് 'സനാതന്‍ ധര്‍മ്മ ക്ഷേത്ര ഫെഡറേഷന്‍' കഴിഞ്ഞ ദിവസം ബംഗ്ലാദേശ് ഹൈക്കമ്മീഷണര്‍ക്ക് കത്തയച്ചു.
മൗറീഷ്യസിലെയും ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെയും മനസ്സാക്ഷിയെ ഈ മനുഷ്യത്വരഹിതമായ പ്രവൃത്തി ഞെട്ടിച്ചുവെന്ന് ഫെഡറേഷന്‍ കത്തില്‍ പറഞ്ഞു. കൊലപാതകം ഒറ്റപ്പെട്ട കുറ്റകൃത്യമല്ലെന്നും ഒരു മതന്യൂനപക്ഷത്തെ സംരക്ഷിക്കുന്നതിലെ ഗുരുതരമായ പരാജയത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും സംഘടന ചൂണ്ടിക്കാട്ടി. അടിസ്ഥാന മനുഷ്യാവകാശങ്ങളുടെയും മത സ്വാതന്ത്ര്യത്തിന്റെയും മനുഷ്യ അന്തസ്സിന്റെയും ഗുരുതരമായ ലംഘനമാണിതെന്നും സംഘടന പറഞ്ഞു.
advertisement
ഹിന്ദുക്കള്‍ തുടരെത്തുടരെ ആക്രമത്തിന് വിധേയരാകുന്നത് എന്തുകൊണ്ടാണെന്നും ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങളുടെ സുരക്ഷയെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കത്തില്‍ ചോദിക്കുന്നുണ്ട്. മതം ആളുകളെ അപകടത്തിലാക്കുന്നത് എന്തുകൊണ്ടാണെന്നും സംഘടന ചോദിക്കുന്നു. മതനിരപേക്ഷത, സമത്വം, സഹിഷ്ണുത എന്നീ തത്വങ്ങളിലാണ് ബംഗ്ലാദേശ് സ്ഥാപിതമായതെന്നും മതപ്രേരിതമായ ആക്രമണങ്ങള്‍ ഈ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
"ദിപുവിന്റെ കൊലപാതകത്തില്‍ സുതാര്യവും നിഷ്പക്ഷവും സമയബന്ധിതവുമായ അന്വേഷണം വേണം. എല്ലാ കുറ്റവാളികളെയും വേഗത്തില്‍ അറസ്റ്റു ചെയ്ത് ശിക്ഷ ഉറപ്പാക്കണം. ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷയും തുല്യ പരിഗണനയും ഉറപ്പാക്കണം. മത തീവ്രവാദം, ആള്‍ക്കൂട്ട അക്രമം, വിദ്വേഷത്തിലുണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ എന്നിവയോട് യാതൊരു വിട്ടുവീഴ്ചയും കാണിക്കരുത്. അടിയന്തരവും കൃത്യവുമായ നടപടികള്‍ സ്വീകരിക്കണം", ഫെഡറേഷന്‍ കത്തില്‍ ആവശ്യപ്പെട്ടു.
advertisement
ഉറച്ച തീരുമാനത്തോടെ പ്രവര്‍ത്തിക്കുന്നതില്‍ പരാജയപ്പെടുന്നത് കുറ്റവാളികള്‍ക്ക് ധൈര്യം നല്‍കുമെന്നും ന്യൂനപക്ഷങ്ങളുടെ ജീവന്‍ നഷ്ടപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും കത്തില്‍ പറഞ്ഞു.
സംഭവത്തെ അപലപിച്ചുകൊണ്ട് യുഎസ് കോണ്‍ഗ്രസ് അംഗം രാജാകൃഷ്ണമൂര്‍ത്തിയും രംഗത്തെത്തി. ദിപു ദാസിന്റെ കൊലപാതകം തന്നെ അദ്ഭുതപ്പെടുത്തിയെന്നും അപകടകരവും അസ്ഥിരതയും അസ്വസ്ഥതയും നിറഞ്ഞ സാഹചര്യമാണ് ബംഗ്ലാദേശിലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തുകയും ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് പരമാവധി ശിക്ഷവാങ്ങികൊടുക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുക്കളെയും മറ്റ് മത ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ എല്ലാവര്‍ക്കും വേണ്ടി ഈ കലാപം അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
ദിപു ദാസിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ധാക്കയിലെ നാഷണല്‍ പ്രസ് ക്ലബ്ബിനു മുന്നില്‍ പ്രതിഷേധക്കാര്‍ ഒത്തുകൂടുകയും കൊലപാതകത്തെ അപലപിക്കുകയും ചെയ്തതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. മതതീവ്രവാദം വര്‍ദ്ധിക്കുന്നതിനെയും അവര്‍ കുറ്റപ്പെടുത്തി. ദിപു ദാസിന്റെ കൊലപാതകം ഒരു മതന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള പൂര്‍ണ്ണമായും നിരപരാധിയായ ഒരാളെ മതഭ്രാന്തന്മാര്‍ എങ്ങനെ ക്രൂരമായി കൊലപ്പെടുത്തി എന്ന് തുറന്നുകാട്ടിയെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
രാഷ്ട്രീയ നേതാക്കളില്‍ നിന്നും അധികാരികളില്‍ നിന്നും സംഭവത്തിന് വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ലെന്നും തുടര്‍ച്ചയായ നിശബ്ദത ന്യൂനപക്ഷ സമൂഹങ്ങള്‍ക്കിടയില്‍ ഭയവും അരക്ഷിതാവസ്ഥയും വര്‍ദ്ധിപ്പിക്കുമെന്നും അവര്‍ ആരോപിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Dec 22, 2025 4:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ബംഗ്ലാദേശില്‍ ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ സംഭവം; ഹിന്ദുക്കളുടെ സംരക്ഷണം ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയില്‍ അപേക്ഷ










