• HOME
 • »
 • NEWS
 • »
 • world
 • »
 • സ്ത്രീകൾ പിസ്സയും സാൻഡ്‌വിച്ചും കഴിക്കുന്ന പരസ്യങ്ങൾക്ക് വിലക്ക്; വിചിത്രമായ സെൻസർഷിപ്പ് നിയമങ്ങളുമായി ഇറാൻ

സ്ത്രീകൾ പിസ്സയും സാൻഡ്‌വിച്ചും കഴിക്കുന്ന പരസ്യങ്ങൾക്ക് വിലക്ക്; വിചിത്രമായ സെൻസർഷിപ്പ് നിയമങ്ങളുമായി ഇറാൻ

നിലവില്‍ വരുന്ന പുതിയ ഇറാനിയന്‍ ടിവി സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ അനുസരിച്ച് പരസ്യങ്ങളില്‍ പിസ്സയും സാന്‍ഡ്വിച്ചുകളും കഴിക്കുന്നതിന് സ്ത്രീകളെ അനുവദിക്കില്ല

 • Last Updated :
 • Share this:
  പരസ്യങ്ങള്‍ വളരെയധികം സ്വാധീന ശക്തിയുള്ള ഒന്ന് തന്നെയാണ്. പരസ്യങ്ങള്‍ കണ്ട് പല ഉത്പന്നങ്ങളും വാങ്ങി കൂട്ടുന്നവരും ഏറെയാണ്. അതിനാല്‍ മാര്‍ക്കറ്റിങ്ങിനായി ആകര്‍ഷകമായ പരസ്യങ്ങള്‍ ഭൂരിഭാഗം നിര്‍മാതാക്കളും മത്സരിച്ച് നല്‍കാറുണ്ട്. സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ച് വിവിധ തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഒരു പുരുഷന്‍ ഒരു സ്ത്രീക്ക് ചായയോ കാപ്പിയോ നല്‍കുന്നത് കാണിക്കുന്ന ഒരു പരസ്യം നിരോധിക്കപ്പെടുമെന്നു നിങ്ങള്‍ കരുതുന്നുണ്ടോ? അല്ലെങ്കില്‍ പിസ്സയുടെയും പാനീയങ്ങളുടെയും പരസ്യങ്ങളില്‍ സ്ത്രീകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളായി തള്ളിക്കളയേണ്ട. ഇതൊക്കെ ഉള്‍പ്പെടുന്നതാണ് പുതിയ ഇറാനിയന്‍ ടിവി സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍. വിചിത്രമായി തോന്നാം എന്നാല്‍ ഈ നിയമങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  നിലവില്‍ വരുന്ന പുതിയ ഇറാനിയന്‍ ടിവി സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ അനുസരിച്ച് പരസ്യങ്ങളില്‍ പിസ്സയും സാന്‍ഡ്വിച്ചുകളും കഴിക്കുന്നതിന് സ്ത്രീകളെ അനുവദിക്കില്ല. പരസ്യങ്ങളില്‍ മാത്രമല്ല, ഒരു രംഗത്തുപോലും സ്ത്രീകളുടെ കയ്യില്‍ നിറമുള്ള പാനീയങ്ങള്‍ കാണരുത്. അത് മാത്രമല്ല, അവര്‍ ലെതര്‍ ഗ്ലൗസ് ധരിക്കുന്നതും നിര്‍ത്തലാക്കും.

  ഇറാനില്‍, ജോലിസ്ഥലവുമായി ബന്ധപ്പെട്ട ഒരു രംഗത്തും ഒരു സ്ത്രീയ്ക്കും പുരുഷന്‍ ചായയോ കാപ്പിയോ വിളമ്പുന്നത് ഒരു കാരണവശാലും ടിവിയില്‍ കാണിക്കരുത്. ഇത്തരത്തിലുള്ള എന്തെങ്കിലും രംഗം ഉള്‍പ്പെട്ടത് കണ്ടാല്‍, നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിന് കഴിയും.

  ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിംഗില്‍ (ഐആര്‍ഐബി) പിആര്‍ മേധാവി അമീര്‍ ഹുസൈന്‍ ഷംഷാദിയാണ് ഈ നിയമങ്ങള്‍ പ്രഖ്യാപിച്ചത്. പുതിയ നിയമങ്ങള്‍ അനുസരിച്ച് ഒരു സ്ത്രീയും ഒരു രംഗങ്ങളിലും ചുവന്ന നിറത്തിലുള്ള പാനീയം കുടിക്കുന്നത് കാണാന്‍ പാടില്ല.

  ഈ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍, സ്ത്രീകളെയും പുരുഷന്മാരെയും ഒരു ഗാര്‍ഹിക പശ്ചാത്തലത്തില്‍ കാണിക്കുന്ന ഏതെങ്കിലും ചിത്രങ്ങളോ ദൃശ്യങ്ങളോ ഉണ്ടെങ്കില്‍ അത് ആദ്യം ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിംഗില്‍ പ്രദര്‍ശിപ്പിച്ച് അനുമതി വാങ്ങേണ്ടതുണ്ട്. വീടിനുള്ളില്‍ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള ബന്ധം കാണിക്കുന്ന പരസ്യത്തിലെ ദൃശ്യങ്ങള്‍ക്കും നിരോധനം ഉണ്ടാകും എന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

  പ്രക്ഷേപകര്‍ക്കും ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്കും പുതിയ ഇറാനിയന്‍ ടിവി സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ ഓഡിറ്റ് ചെയ്ത ശേഷം സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ നിയമങ്ങള്‍ പാലിക്കപ്പെടാതിരിക്കുകയോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ഇറാനിയന്‍ സ്ട്രീമിംഗ് സൈറ്റുകള്‍ സെന്‍സര്‍ഷിപ്പ് ചെയ്യും.

  ഇറാനി ഹോം തിയേറ്ററിന്റെയും സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളുടെയും ലൈസന്‍സിന്റെയും നിരീക്ഷണത്തിന്റെയും ചുമതല ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റ് സത്ര എന്ന സഹായ കമ്പനിക്ക് നല്‍കി. സത്രയായിരിക്കും പുതിയ ഇറാനിയന്‍ ടിവി സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക.
  Published by:Jayashankar AV
  First published: