കത്തോലിക്കാ ബിഷപ്പ് (Catholic bishop) റൊളാൻഡോ അൽവാരസിനെ (Bishop Rolando Alvarez) നിക്കരാഗ്വൻ കോടതി 26 വർഷം തടവുശിക്ഷക്കു വിധിച്ചു. നിക്കരാഗ്വേ പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെയും സർക്കാരിന്റെയും കടുത്ത വിമർശകനാണ് ബിഷപ്പ് റൊളാൻഡോ അൽവാരസ്. അമേരിക്കയിലേക്ക് നാടുകടക്കാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് നടപടി. നിക്കരാഗ്വേയിലെ മതഗൽപ്പ (Matagalpa) രൂപതാദ്ധ്യക്ഷനായ ബിഷപ്പ് അൽവാരസിനെ രാജ്യദ്രോഹം, ദേശീയ അഖണ്ഡത തകർക്കൽ, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ജയിലിലടച്ചത്. ബിഷപ്പിനു മേൽ പിഴ ചുമത്തുമെന്നും നിക്കരാഗ്വൻ പൗരത്വം റദ്ദാക്കുമെന്നും കോടതി അറിയിച്ചു.
“നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യത്തിന് ഉദാഹരണമാണിത്. ബിഷപ്പ് റൊളാൻഡോ അൽവാരസിനെതിരായ നടപടി യുക്തിരഹിതവും ന്യായീകരിക്കാൻ ആകാത്തതുമാണ്”, മുൻപ് മിയാമിയിലേക്ക് നാടുകടത്തപ്പെട്ട നിക്കരാഗ്വൻ ബിഷപ്പ് സിൽവിയോ ബെയ്‌സ് ട്വീറ്റ് ചെയ്തു. ബിഷപ്പ് അൽവാരസ് ജയിൽ മോചിതനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീട്ടുതടങ്കലിലാക്കിയിരുന്ന ബിഷപ്പ് അൽവാരസിനെ മറ്റ് ഇരുന്നൂറോളം തടവുകാർക്കൊപ്പം അമേരിക്കയിലേക്കുള്ള വിമാനത്തിൽ കയറ്റാൻ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. വിദേശ ശക്തികളുടെ ക്രിമിനൽ കൂലിപ്പടയാളികളാണ് ഈ തടവുകാരെന്ന് പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗ ആരോപിച്ചു.
Also read: ആകാശത്ത് 40,000 അടി ഉയരത്തിൽ അജ്ഞാത പേടകം; വെടിവെച്ച് വീഴ്ത്തി അമേരിക്ക
കഴിഞ്ഞ ഓഗസ്റ്റിലാണ് നിക്കരാഗ്വൻ പോലീസ് ബിഷപ്പ് അൽവാരസിനെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തോടൊപ്പം മറ്റ് നാല് വൈദികരെയും രണ്ട് സെമിനാരി വിദ്യാർത്ഥികളെയും കാത്തലിക് ടെലിവിഷൻ ചാനലിന്റെ ക്യാമറാമാനെയും അറസ്റ്റ് ചെയ്തിരുന്നു.
രാജ്യദ്രോഹക്കുറ്റം ചുമത്തിയും തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചു എന്നാരോപിച്ചും നിക്കരാഗ്വേയിൽ ഈ മാസം ഏഴുപേരെ പത്തു വർഷത്തെ തടവു ശിക്ഷക്ക് വിധിച്ചിരുന്നു. ഇവരെയെല്ലാം വ്യാഴാഴ്ച വാഷിംഗ്ടണിലേക്കുള്ള വിമാനത്തിൽ കയറ്റി നാടു കടത്തി. കത്തോലിക്കാ നേതാക്കൾ തന്നെ അട്ടിമറിക്കാൻ ശ്രമിക്കുന്നതായി പ്രസിഡന്റ് ഒർട്ടെഗ ആരോപിക്കുന്നു. കത്തോലിക്കാ കന്യാസ്ത്രീകളെയും മിഷനറിമാരെയും നിക്കരാഗ്വേ സർക്കാർ പുറത്താക്കുകയും കത്തോലിക്കാ റേഡിയോ സ്റ്റേഷനുകളും ടെലിവിഷൻ സ്റ്റേഷനുകളും അടച്ചുപൂട്ടുകയും ചെയ്തിരുന്നു.
ബിഷപ് അൽവാരസിനെ ജയിലിലടച്ച സംഭവത്തിൽ താൻ അത്യധികം വേദനിക്കുന്നതായി ഫ്രാൻസിസ് മാർപാപ്പ പ്രതികരിച്ചു. നിക്കരാഗ്വയിലെ സംഘർഷം പരിഹരിക്കാൻ തുറന്നതും ആത്മാർത്ഥവുമായ സംഭാഷണം ആവശ്യമാണെന്നും കഴിഞ്ഞ ആഗസ്റ്റിൽ ബിഷപ്പ് അൽസാരസിന്റെ അറസ്റ്റിനു ശേഷം മാർപാപ്പ പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.