ചൈന ദാരിദ്ര്യവും സാമ്പത്തിക പ്രതിസന്ധികളും സംബന്ധിക്കുന്ന വീഡിയോകൾ ഇന്റർനെറ്റിൽ നിന്ന് നീക്കം ചെയ്യുന്നെന്ന് റിപ്പോർട്ട്
- Published by:Vishnupriya S
- news18-malayalam
Last Updated:
രാജ്യത്തെ ദാരിദ്ര്യവും സാമ്പത്തിക പ്രതിസന്ധികളും മറച്ചുവെക്കാനുള്ള ശ്രമത്തിലാണ് ചൈന
രാജ്യത്തെ ദാരിദ്ര്യവും സാമ്പത്തിക പ്രതിസന്ധികളും മറച്ചുവെക്കാനുള്ള ശ്രമത്തിലാണ് ചൈനയെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ദാരിദ്ര്യവും സാമ്പത്തിക പ്രതിസന്ധികളും പ്രതിപാദിക്കുന്ന ഇന്റർനെറ്റിലെ വീഡിയോകൾ നിരീക്ഷിക്കാനും ഇവ നീക്കം ചെയ്യാനുമാണ് ചൈനയുടെ പുതിയ നീക്കമെന്ന് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ന്യൂയോർക്ക് ടൈംസിൽ വന്ന ഒരു റിപ്പോർട്ട് പ്രകാരം ദരിദ്രർ അഭിമുഖീകരിക്കുന്ന അവസ്ഥകളെക്കുറിച്ചുള്ള ഏത് ചർച്ചയും തടയാൻ ചൈനീസ് ഇന്റർനെറ്റ് റെഗുലേറ്റർ ഇപ്പോൾ അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്.
ഇത്തരത്തിലുള്ള വീഡിയോകളോ പോസ്റ്റുകളോ പ്രസിദ്ധീകരിക്കുന്നവരെ ശിക്ഷിക്കുമെന്ന് ചൈനയിലെ സൈബർസ്‌പേസ് അഡ്മിനിസ്‌ട്രേഷൻ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. മനഃപൂർവമായി ദുഃഖമുളവാക്കുന്ന കാര്യങ്ങൾ കൈകാര്യം ചെയ്യുക, ജനങ്ങളെ ധ്രുവീകരണത്തിന് പ്രേരിപ്പിക്കുക, പാർട്ടിയുടെയും സർക്കാരിന്റെയും പ്രതിച്ഛായ തകർക്കുന്ന തരത്തിൽ സാമ്പത്തികവും സാമൂഹികവുമായ വികസനം തടസ്സപ്പെടുത്തുന്ന ഹാനികരമായ കണ്ടന്റുകൾ ഉണ്ടാക്കുക എന്നിവയെല്ലാം ശിക്ഷാർഹമായ കുറ്റങ്ങൾ ആണത്രേ.
ജോലിയിൽ നിന്ന് വിരമിച്ച ഒരാളുടെ ഹൃദയസ്പർശിയായ ഒരു വീഡിയോ ഈയിടെ ചൈനയിൽ വൈറലായിരുന്നു. അവരുടെ ഏക വരുമാനമായ പ്രതിമാസ പെൻഷൻ തുക 100 യുവാൻ ($14.50) ആണെന്നും അതുകൊണ്ട് പലചരക്ക് സാധനങ്ങൾ മാത്രാം വാങ്ങാമെന്നുമാണ് വീഡിയോയുടെ ഉള്ളടക്കം. എന്നാൽ ഈ വീഡിയോ സർക്കാർ നീക്കം ചെയ്തു. മാത്രമല്ല ഒരു ചൈനീസ് ഗായകന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുകയും യുവാക്കൾക്കിടയിലെ വ്യാപകമായ നിരാശയെയും കുറഞ്ഞ തൊഴിൽ സാധ്യതകളെയും കുറിച്ച് പറഞ്ഞു എന്നാരോപിച്ച് അദ്ദേഹത്തിന്റെ ഗാനം നിരോധിക്കുകയും ചെയ്തു.
advertisement
അതേസമയം കഴിഞ്ഞ വർഷം തന്റെ കുടുംബത്തെ പോറ്റാൻ കഠിനാധ്വാനം ചെയ്യുന്ന ഒരു കുടിയേറ്റ തൊഴിലാളി ചൈനയിൽ വലിയതോതിൽ ശ്രദ്ധ നേടിയിരുന്നു. സർക്കാർ തന്നെയാണ് ഇയാളുടെ കഥ പുറത്തുവിട്ടത്തോടെയാണ് വൈറലായി മാറിയത്. ചൈനയിലെ ഏറ്റവും കഠിനാധ്വാനിയായ വ്യക്തി എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. എന്നാൽ പിന്നീട് അദ്ദേഹത്തെക്കുറിച്ചുള്ള ചർച്ചകൾ സെൻസർ ചെയ്യുകയും മാധ്യമപ്രവർത്തകർ അദ്ദേഹത്തിന്റെ ഭാര്യയെ സന്ദർശിക്കുന്നത് തടയാൻ പ്രാദേശിക അധികൃതർ അദ്ദേഹത്തിന്റെ വീടിന് പുറത്ത് കാവൽ നിൽക്കുകയുമാണ് ഉണ്ടായത്.
advertisement
2021 ൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് “ദാരിദ്ര്യത്തിനെതിരായ ചൈനയുടെ പോരാട്ടത്തിൽ സമഗ്ര വിജയം നേടിയതായി” പ്രഖ്യാപിച്ചിരുന്നു. എന്നാൽ പലരും ദരിദ്രരായി തുടരുകയോ ദാരിദ്ര്യരേഖയ്ക്ക് തൊട്ടുമുകളിൽ ജീവിക്കുകയോ ചെയ്യുന്നു എന്നതാണ് യാഥാർഥ്യം. ദാരിദ്ര്യം എന്ന വാക്ക് പോലും ചൈനയിൽ നിരോധിക്കുന്ന സ്ഥിതിയാണ്. ആ വാക്ക് പറയുന്നത് പോലും സർക്കാരിനെ രോഷം കൊള്ളിക്കുകയാണ്. പ്രായമായവരുടെയും ഭിന്നശേഷിക്കാരുടെയും കുട്ടികളുടെയും ദുഃഖകരമായ വീഡിയോകൾ ഇന്റർനെറ്റ് റെഗുലേറ്റർ സമ്പൂർണ്ണമായി നിരോധിച്ചു.
ചൈനയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ എല്ലാം പോസിറ്റീവായി മാത്രം നിലനിർത്താൻ സർക്കാർ ആഗ്രഹിക്കുന്നതാണ് നിരോധനത്തിന് പിന്നിലെ കാരണം എന്നാണ് അനുമാനിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി കഴിഞ്ഞ നാൽപ്പത് വർഷത്തിനിടെ എത്രയോ പേരെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയെന്ന് വീമ്പിളക്കുന്നുണ്ട് . എന്നാൽ മാവോ സേതുങ്ങിന്റെ കീഴിൽ രാജ്യത്തെ മുഴുവൻ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടത് എങ്ങനെയെന്ന് പറയാൻ അത് വിസമ്മതിക്കുന്നു എന്നത് വിരോധാഭാസം തന്നെയാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 09, 2023 1:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ചൈന ദാരിദ്ര്യവും സാമ്പത്തിക പ്രതിസന്ധികളും സംബന്ധിക്കുന്ന വീഡിയോകൾ ഇന്റർനെറ്റിൽ നിന്ന് നീക്കം ചെയ്യുന്നെന്ന് റിപ്പോർട്ട്