യുകെയിൽ വിദ്വേഷപ്രാസംഗികര്‍ക്ക് വിലക്ക്; പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക്

Last Updated:

രാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് തുരങ്കം വയ്ക്കാന്‍ ലക്ഷ്യമിട്ട് ആളുകള്‍ ഇവിടേക്ക് പ്രവേശിക്കുന്നത് തടയാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് ഋഷി സുനക്

പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള തീവ്രവാദ ഇസ്ലാമിക് കാഴ്ചപ്പാടുകളുള്ള വിദ്വേഷപ്രാസംഗികർക്ക് യുകെയിൽ വിലക്ക് ഏർപ്പെടുത്തുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്. യുകെയിലെ വര്‍ധിച്ചുവരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളിൽ ബ്രിട്ടീഷ് സര്‍ക്കാര്‍ ആശങ്കാകുലരാണെന്ന് ബ്രിട്ടീഷ് മാധ്യമമായ ഡെയ്‌ലി ടെലിഗ്രാഫ് റിപ്പോര്‍ട്ടു ചെയ്തു. വിദേശത്തുനിന്ന് എത്തുന്ന തീവ്രവാദ സ്വഭാവം പ്രകടിപ്പിക്കുന്ന അപകടകാരികളായ ആളുകളെ തിരിച്ചറിയാന്‍ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ നിയോഗിച്ചതായും അത്തരമാളുകളെ വിസ മുന്നറിയിപ്പ് പട്ടികയില്‍ ചേര്‍ക്കണമെന്ന് നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ പദ്ധതിപ്രകാരം ഈ പട്ടികയില്‍ ഉള്‍പ്പെട്ടവരെ യുകെയിലേക്ക് പ്രവേശിപ്പിക്കില്ല.
രാജ്യത്തിന്റെ ജനാധിപത്യ, ബഹുവിശ്വാസ മൂല്യങ്ങള്‍ തീവ്രവാദ ഭീഷണിയിലാണെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക് മുന്നറിയിപ്പ് നല്‍കി ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ പദ്ധതി നടപ്പിലാക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. രാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് തുരങ്കം വയ്ക്കാന്‍ ലക്ഷ്യമിട്ട് ആളുകള്‍ ഇവിടേക്ക് പ്രവേശിക്കുന്നത് തടയാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് 10 ഡൗണിങ് സ്ട്രീറ്റില്‍ നടത്തിയ പ്രസംഗത്തില്‍ സുനക് പറഞ്ഞു. വിസ ലഭിച്ച് രാജ്യത്തെത്തിയവര്‍ വിദ്വേഷം പടര്‍ത്തുകയോ ആളുകളെ ഭയപ്പെടുത്തുകയോ ചെയ്യുകയാണെങ്കില്‍ രാജ്യത്ത് തുടരാന്‍ അവരെ അനുവദിക്കുകയില്ലെന്ന് ആഭ്യന്തര സെക്രട്ടറി നിര്‍ദേശിച്ചിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.
advertisement
ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിനെതിരേ പ്രതിഷേധിക്കാന്‍ തെരുവിലിറങ്ങുന്ന പ്രകടനക്കാരോട് തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറുന്നില്ലെന്ന് ഉറപ്പാക്കാണമെന്നും ഋഷി സുനക് അഭ്യര്‍ഥിച്ചു. ''വിഭജന ശക്തികളെ ചെറുക്കാനും ഈ വിഷത്തെ അടിച്ചമര്‍ത്താനും എല്ലാവരും ഒന്നിച്ചുനില്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. നമ്മെ വിഭജിക്കാൻ ശ്രമിക്കുന്ന തീവ്രവാദികളെ ഒരുമിച്ച് നേരിടേണ്ടതുണ്ടെന്നും,'' അദ്ദേഹം പറഞ്ഞു. പലസ്തീന്‍ അനുകൂല പ്രതിഷേധത്തിനായി ശനിയാഴ്ച ആയിരക്കണക്കിന് ആളുകളാണ് ലണ്ടന്‍ തെരുവിൽ ഇറങ്ങിയത്. ക്രമസമാധാനം ലംഘിച്ചതിന് 12 പേരെ മെട്രോപൊളിറ്റന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
advertisement
രാഷ്ട്രീയ അക്രമങ്ങളെക്കുറിച്ച് സര്‍ക്കാരിന്റെ സ്വതന്ത്ര ഉപദേഷ്ടാവായ ലോര്‍ഡ് വാള്‍നി നടത്തിയ ഔദ്യോഗിക അവലോകനത്തില്‍ ഇസ്ലാമിസ്റ്റ് തീവ്രവാദികളുമായി ചേര്‍ന്ന് ഇടതുപക്ഷ ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്ന ഭീഷണി നേരിടണമെന്ന് മന്ത്രിമാരോട് ആവശ്യപ്പെട്ടതായി ഡെയ്‌ലി ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വാള്‍നി ഈ റിപ്പോര്‍ട്ട് യുകെ ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. ഈ മാസം അവസാനം ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമെന്നാണ് കരുതുന്നത്.
''നമ്മുടെ സമൂഹത്തില്‍ തീവ്രവാദത്തിന് സ്ഥാനമില്ല. നിയമം അനുസരിക്കുന്ന ഭൂരിപക്ഷത്തെ ഭീഷണിപ്പെടുത്തുന്നതിനോ തടസ്സപ്പെടുത്തുന്നതിനോ ഉള്ള തന്ത്രങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല,'' ആഭ്യന്തര വകുപ്പ് വക്താവ് പറഞ്ഞു. ''പ്രതിഷേധക്കാര്‍ അക്രമാസക്തരാകുന്നതും വെറുപ്പുളവാക്കുന്നതുമായ രീതിയില്‍ പെരുമാറുന്നതിനും അടുത്തിടെ ഞങ്ങള്‍ സാക്ഷ്യം വഹിച്ചു. തീവ്രവാദം, വിദേഷ കുറ്റകൃത്യം എന്നിവ കൈകാര്യം ചെയ്യുന്നതില്‍ പോലീസിന് ഞങ്ങളുടെ പൂര്‍ണപിന്തുണയുണ്ട്. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വം പരിഗണിക്കും. തക്ക സമയത്ത് പ്രതികരിക്കുകയും ചെയ്യും,'' വക്താവ് കൂട്ടിച്ചേര്‍ത്തു.
മലയാളം വാർത്തകൾ/ വാർത്ത/World/
യുകെയിൽ വിദ്വേഷപ്രാസംഗികര്‍ക്ക് വിലക്ക്; പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക്
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement