1970കളില്‍ ഭീതിവിതച്ച ഫ്രഞ്ച് കൊലയാളി ചാള്‍സ് ശോഭ് രാജിനെ വിട്ടയയ്ക്കാന് നേപ്പാള്‍ സുപ്രീം കോടതി ഉത്തരവിട്ടു. വിനോദസഞ്ചാരത്തിനെത്തിയിരുന്ന ഏകദേശം 20ലധികം വിദേശവനിതകളെ ക്രൂരമായി കൊലപ്പെടുത്തിയയാളാണ് ചാള്‍സ് ശോഭ്രാജ്. ‘ബിക്കിനി കില്ലര്‍’ എന്ന പേരിലാണ് ഇയാള്‍ അറിപ്പെട്ടിരുന്നത്.
ബിക്കിനി കില്ലര്‍ എന്ന് അറിയപ്പെടാന്‍ കാരണം?
ഇന്ത്യന്‍ വംശജനായ അച്ഛന്റെയും വിയറ്റ്നാം സ്വദേശിയായ അമ്മയുടെയും മകനായിട്ടായിരുന്നു ചാള്‍സ് ശോഭ്രാജിന്റെ ജനനം. 1970കളില്‍ ഒരു സീരിയൽ കില്ലറായി ഇയാള്‍ മാറി. അക്കാലത്ത് തായ്ലന്റ് സര്‍ക്കാര്‍ ഇയാള്‍ക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ബിക്കിനി ധരിച്ച് പട്ടായ ബീച്ചിലെത്തിയ 6 വിദേശ വനിതകളെ കൊലപ്പെടുത്തിയ കേസിലായിരുന്നു വാറന്റ്. സമാനമായ കേസുകളില്‍ ഇയാള്‍ ഇന്ത്യയിലെ ജയിലുകളിലും തടവില്‍ കഴിഞ്ഞിട്ടുണ്ട്.
കൊലപാതക കുറ്റത്തിന് 21 വര്‍ഷം ചാള്‍സ് ശോഭ് രാജ് ഇന്ത്യന്‍ ജയിലില്‍ കിടന്നിരുന്നു. എന്നാല്‍ 1980കളില്‍ ജയില്‍ ചാടിയ ഇയാള്‍ വേഷം മാറി കുറച്ച് നാള് ഒളിവില്‍ കഴിഞ്ഞു. പിന്നീട് പിടിയിലാകുകയും ചെയ്തു. ഇന്ത്യയിലെ ശിക്ഷാ കാലാവധി കഴിഞ്ഞ ശേഷം ചാള്‍സ് നേരെ പോയത് ഫ്രാന്‍സിലേക്കാണ്. എന്നാല്‍ അവിടെ നിന്ന് 2003 ആയപ്പോഴേക്കും ഇയാള്‍ നേപ്പാളിലേക്ക് എത്തിയിരുന്നു. നേപ്പാളിലെ ഒരു ചൂതാട്ട കേന്ദ്രത്തില്‍ വെച്ചാണ് ചാള്‍സ് വീണ്ടും പൊലീസ് പിടിയിലാകുന്നത്. അമേരിക്കന്‍ സ്വദേശിയായ കോണി ജോ ബ്രോന്‍സിച്ചിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇയാളെ അന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ആ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്ന് ചാള്‍സ് പറഞ്ഞിരുന്നു. സംശയത്തിന്റെ പേരിലാണ് ചാള്‍സിനെ അറസ്റ്റ് ചെയ്തതെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകരും പറഞ്ഞു.
Also read: ഡച്ച് കോളനിവാഴ്ചയുടെ രണ്ടര നൂറ്റാണ്ടിനു ശേഷം അടിമകളാക്കിയവരോട് നെതർലാൻഡ് പ്രധാനമന്ത്രിയുടെ മാപ്പ്
ചാള്‍സ് ശോഭ്രാജ് എന്ന കൊലപാതകിയുടെ മാനസിക നില
1997ല്‍ ചാള്‍സ് ശോഭ് രാജുമായി സംസാരിക്കാന്‍ അവസരം ലഭിച്ചയാളാണ് ആന്‍ഡ്രൂ ആന്റണി. അന്നത്തെ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ അദ്ദേഹം ഗാര്ഡിയന് നല്കിയ അഭിമുഖത്തില്‍ വിശദമാക്കിയിരുന്നു. ഒരു നാര്‍സിസിസ്റ്റ് ആയിരുന്ന ചാള്‍സിനെ ഒരു സൈക്കോപാത്ത് എന്നേ വിശേഷിപ്പിക്കാനാകൂവെന്ന് ആന്റണി പറയുന്നു.
വിയറ്റ്നാം യുദ്ധം നടക്കുന്ന സമയത്താണ് ചാള്‍സ് ശോഭ് രാജ് എന്ന കൊടും കുറ്റവാളിയുടെ ജനനം എന്ന് ആന്റണി പറഞ്ഞു. അന്നത്തെ വിയറ്റ്നാമിലെ സൈഗണ്‍ പ്രവിശ്യയിലാണ് ഇയാള്‍ ജനിച്ചത്. ഇന്ത്യന്‍ വംശജനായിരുന്നു ചാള്‍സിന്റെ പിതാവ്. ഇയാളുടെ അമ്മ പിന്നീട് ഒരു വിയറ്റ്നാം സ്വദേശിയായ പട്ടാളക്കാരനെ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ പുതിയ കുടുംബത്തോടൊപ്പം കഴിയാന്‍ ചാള്‍സ് തയ്യാറായില്ല. ആഫ്രിക്കയിലേക്ക് പോകുന്ന കപ്പലുകളില്‍ കയറി നാടുവിടാനാണ് ഇയാള്‍ അന്ന് ശ്രമിച്ചിരുന്നത്. എന്നാല്‍ ആ ശ്രമങ്ങളെല്ലാം പാഴാകുകയായിരുന്നു.
പിന്നീട് പണത്തിനായി ചാൾസ് ചെറിയ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ തുടങ്ങി. ചെറിയ ചെറിയ കളവുകള്‍ നടത്തിയ ഇയാള്‍ പിന്നീട് തോക്ക് ചൂണ്ടി വീട്ടമ്മമാരില്‍ നിന്ന് പണം തട്ടുന്ന കുറ്റവാളിയായി മാറി. പാരീസായിരുന്നു കൗമാരക്കാലത്തെ ചാള്‍സിന്റെ പ്രധാന തട്ടകം. ചെറിയ കുറ്റകൃത്യങ്ങളില്‍ പെട്ട് അന്ന് ജയിലില്‍ എത്തിയ ചാള്‍സിനെ അവിടുത്തെ ഒരു ഉദ്യോഗസ്ഥന് ഉപദേശിക്കുകയും പുറത്തെത്തിയാല്‍ മാന്യമായി ജീവിക്കാന്‍ ഒരു തൊഴില്‍ ശരിയാക്കി തരാമെന്ന് പറയുകയും ചെയ്തു. പിന്നീട് ചാന്‍ഡല്‍ കോംപ്ഗന് എന്നൊരു പെണ്‍കുട്ടിയെ ചാള്‍സിന് പരിചയപ്പെടുത്തിക്കൊടുത്തതും ആ ജയില്‍ ഉദ്യോഗസ്ഥനായിരുന്നു. ചാള്‍സില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്താന്‍ ചാന്ഡലിന് സാധിച്ചു. അധികം വൈകാതെ അവര്‍ വിവാഹിതരാകുകയും ചെയ്തു.
ഹിപ്പി ട്രെന്‍ഡ് വ്യാപകമായ 1970കളിലാണ് ചാള്‍സ് തന്റെ യഥാര്‍ത്ഥ മുഖം പുറത്തെടുത്തത്. തെക്കനേഷ്യയിലേക്കും ഇന്ത്യയിലേക്കുമായി നിരവധിപേര്‍ സഞ്ചാരത്തിനായി എത്തുന്ന കാലമായിരുന്നു അത്. ഇത് സുവര്‍ണ്ണാവസരമായി കണ്ട ചാള്‍സ് സഞ്ചാരികളെ കൊള്ളയടിക്കാന്‍ ആരംഭിച്ചു. ആ കേസില്‍ ചാള്‍സിനെ ഗ്രീസിലെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ അവിടെ നിന്ന് ചാള്‍സ് വിദഗ്ധമായി രക്ഷപ്പെട്ടു. പിന്നീട് ചാള്‍സും അദ്ദേഹത്തിന്റെ പങ്കാളിയായ കോപ്ഗനും അഫ്ഗാനിസ്ഥാനില്‍ അറസ്റ്റിലാകുകയായിരുന്നു. തടവില്‍ വെച്ചാണ് ഈ ദമ്പതികള്‍ക്ക് ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. എന്നാല്‍ കോംപ്ഗനിനെയും കുഞ്ഞിനേയും അവരുടെ മാതാപിതാക്കള്‍ ഫ്രാന്‍സിലേക്ക് കൂട്ടിക്കൊണ്ടുപോയി. അന്ന് അഫ്ഗാനിസ്ഥാനിലെ ജയിലില്‍ ഒറ്റയ്ക്കായ ചാള്‍സ് അവിടെ നിന്ന് രക്ഷപ്പെടാനായി ജയില്‍ ഗാര്‍ഡിന് മയക്കുമരുന്ന് നല്കി. തുടര്‍ന്ന് ജയില്‍ ചാടിയ ഇയാള്‍ ഫ്രാന്‍സിലേക്ക് കടക്കുകയായിരുന്നു. തന്റെ കുഞ്ഞിനെ കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇതറിഞ്ഞ ചാള്‍സിന്റെ ഭാര്യ കുഞ്ഞിനെയും കൊണ്ട് അമേരിക്കയിലേക്ക് കടന്നു.
അതിന് ശേഷം ലോകം അറിയുന്ന കുപ്രസിദ്ധനായ കുറ്റവാളിയായി ചാൾസ് അറിയപ്പെടാൻ തുടങ്ങി. ഇന്ത്യയിലും നിരവധി കുറ്റകൃത്യങ്ങള്‍ ഇയാള്‍ നടത്തി.
മരിയ ആന്‍ഡ്രേ ലെക്കാര്ക്ക് എന്ന ഫ്രഞ്ച്-കനേഡിയന്‍ വംശജയായ നഴ്സ് ചാള്‍സിനെക്കുറിച്ച് എഴുതിയത് ഇങ്ങനെയാണ്.’ അവനെക്കൊണ്ട് എന്നെ സ്നേഹിപ്പിക്കാനുള്ള എല്ലാ വഴികളും ഞാന്‍ നോക്കി. എന്നാല്‍ പതിയെ പതിയെ ഞാന്‍ അവന്റെ അടിമയായി മാറുകയായിരുന്നു”, എന്നാണ് മരിയ പറഞ്ഞത്. ഇന്ത്യയിലേക്കുള്ള യാത്രയിലാണ് ചാള്‍സിനെ മരിയ പരിചയപ്പെടുന്നത്. പിന്നീട് ചാള്‍സിന്റെ സഹായിയായി ഇവര്‍ മാറി.
ചെയ്ത കൊലപാതകങ്ങള്‍ അംഗീകരിക്കാത്ത കൊലയാളി
ഇന്ത്യയിലേക്ക് 1976ലാണ് ചാള്‍സ് എത്തുന്നത്. അന്ന് തന്നെ തായ്ലന്റില് നടന്ന നിരവധി കുറ്റകൃത്യങ്ങളില്‍ പൊലീസ് തേടുന്ന കുറ്റവാളിയായിരുന്നു ശോഭ് രാജ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പാകിസ്ഥാനി ടാക്സി ഡ്രൈവറെ കൊന്ന കേസിലാണ് ഇയാള്‍ ആദ്യമായി പ്രതിപ്പട്ടികയിലെത്തുന്നത്. ഇതായിരുന്നു ചാള്‍സിന്റെ ആദ്യ കൊലപാതകമെന്ന് പൊലീസ് പറയുന്നു
എന്നാല്‍ 1975നും 76നും ഇടയ്ക്ക് ഇയാള്‍ 11ലധികം പേരെ കൊന്നിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. അതില്‍ അധികം പേരും വിനോദസഞ്ചാരത്തിനായി എത്തിയ വിദേശികളായിരുന്നു. തന്റെ വലയില്‍ വീഴുന്നവരെ ലഹരിമരുന്നുകള്‍ നല്കി പതിയെ പതിയെ കൊല്ലുന്ന രീതിയാണ് ഇയാള്‍ പിന്തുടര്ന്നിരുന്നത്. ഇയാളുടെ സുഹൃത്തായ മരിയ ലെക്കാര്ക്കും ഈ കൃത്യങ്ങളില്‍ ചാള്‍സിനെ സഹായിച്ചിരുന്നു.
എന്നാല്‍ എന്തിനാണ് നിരപരാധികളായ വിദേശ സഞ്ചാരികളെ ഇയാള്‍ കൊന്നതെന്ന കാര്യം ഇപ്പോഴും നിഗൂഢമായി തുടരുകയാണ്. ഏത് സാഹചര്യത്തിലും ഒരു നിഗൂഢ സ്വഭാവം നിലനിര്‍ത്തിയാണ് ചാള്‍സ് പെരുമാറിയിരുന്നത്. ഒരു കാര്യവും അയാള്‍ തുറന്ന് സമ്മതിച്ചതായി രേഖപ്പെടുത്തിയിട്ടില്ല. താന്‍ ഒരു കൊലപാതകവും ചെയ്തിട്ടില്ലെന്ന മട്ടിലായിരുന്നു ചാള്‍സ് ഓരോ തവണയും കോടതിയ്ക്ക് മുന്നിലെത്തിയത്.
താന്‍ ഒരു ഇരയാണെന്ന രീതിയിലായിരുന്നു ചാള്‍സ് പെരുമാറിയിരുന്നത്. വംശീയതയുടെ, സാമ്രാജ്യത്തിന്റെ എന്നിവയുടെയെല്ലാം ഇരയാണ് താനെന്ന രീതിയിലാണ് ചാള്‍സ് രംഗത്തെത്തിയിരുന്നത്. ചാള്‍സിന്റെ ജീവിതം പ്രമേയമാക്കി നിരവധി സിനിമകളും പുസ്തകങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഇയാളുടെ ജീവിതമാണ് ദി സെര്‍പന്റ് എന്ന നെറ്റ്ഫ്ളിക്സ് പരമ്പരയ്ക്ക് ആധാരമാക്കിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.