• HOME
 • »
 • NEWS
 • »
 • world
 • »
 • ലൈംഗിക അടിമയായിരുന്ന മുറാദും ഇരകളെ ചികിൽസിച്ച മുക്‌വെഗെയും

ലൈംഗിക അടിമയായിരുന്ന മുറാദും ഇരകളെ ചികിൽസിച്ച മുക്‌വെഗെയും

 • Last Updated :
 • Share this:
  2018-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്ക്കാരം പ്രഖ്യാപിച്ചു. ഡെനിസ് മുക് വേഗെ, നദിയ മുറാദ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. ഡെനിസ് മക്‌വേജ് കോംഗോ സ്വദേശിയും നദിയ മുറാദ് ഇറാഖ് സ്വദേശിയുമാണ്. യുദ്ധങ്ങളിലും സംഘർഷങ്ങളിലും സ്ത്രീകളെ ലൈംഗിക അടിമകളാക്കി ഉപയോഗിക്കുന്നവർക്കെതിരായ പോരാട്ടമാണ് ഇരുവരെയും പുരസ്ക്കാരത്തിന് അർഹമാക്കിയത്. ഇസ്ലാമിക് ഭീകരരുടെ തടവിൽനിന്ന് രക്ഷപെട്ട യസീദി വംശജയാണ് നദിയാ മുറാദ്. കോംഗോയിൽനിന്നുള്ള ഡോക്ടറാണ് ഡെനിസ് മുക്‌വെഗെ

  സമാധാന നൊബേൽ ഡെനിസ് മുക് വേഗെയ്ക്കും നദിയ മുറാദിനും

  ആരാണ് മുറാദ്?

  ഇറാഖിൽനിന്നുള്ള മനുഷ്യാവകാശ പ്രവർത്തക- ഇതാണ് ഇപ്പോൾ നദിയ മുറാദിന്‍റെ മേൽവിലാസം. എന്നാൽ ഒരിക്കലും ഓർക്കപ്പെടാൻ ഇഷ്ടപ്പെടാത്ത ഒരു ഭൂതകാലം അവർക്കുണ്ടായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ലൈംഗിക അടിമയാകേണ്ടിവന്ന നരക ജീവിതത്തിൽനിന്ന് രക്ഷപെട്ടാണ് മനുഷ്യാവകാശ പ്രവർത്തകയായി മുറാദ് മാറുന്നത്. 2014ലാണ് മൂവായിരത്തോളം വരുന്ന ഐസിസ് ലൈംഗിക അടിമകളിലൊരാളായി മുറാദും മാറുന്നത്. പിന്നീട് ഐസിസ് തടവിൽനിന്ന് രക്ഷപെട്ട മുറാദ് 2016 ജൂണിൽ അമേരിക്കൻ കോൺഗ്രസിൽ നടത്തിയ പ്രസംഗത്തിൽ അവരും അവരെപ്പോലുള്ളവരും നേരിട്ട കൊടിയദുരിതത്തെക്കുറിച്ച് വിശദീകരിച്ചു.

  ഐസിസിനെതിരെ നിലകൊണ്ടതിന്‍റെ പേരിൽ തന്‍റെ ആറു സഹോദരൻമാരെയും മാതാവിനെയും അവർ കൊലപ്പെടുത്തിയതായും മുറാദ് വിശദീകരിച്ചിരുന്നു. ഐസിസി തടവിൽനിന്ന് രക്ഷപെട്ട് മൊസൂളിലേക്ക് കടന്ന തനിക്ക് അഭയമൊരുക്കിയത് ഒരു മുസ്ലീം കുടുംബമാണെന്നും മുറാദ് വെളിപ്പെടുത്തിയിരുന്നു. ഐസിസ് തടവിൽനിന്ന് രക്ഷപെട്ട മുറാദ് ലൈംഗിക അടിമകളാകേണ്ടിവന്ന സ്ത്രീകളെ രക്ഷപെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളിലൂടെയാണ് ശ്രദ്ധേയയാകുന്നത്.

  2016ൽ ഇരുപത്തിമൂന്നാം വയസിൽ യു.എൻ ഗുഡ്വിൽ അംബാസിഡറായി മാറാനും അവർക്ക് സാധിച്ചു. മനുഷ്യക്കടത്തിനെതിരെ പ്രവർത്തിച്ച് ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ സ്ത്രീയാണ് നദിയ മുരാദ്.

  ആരാണ് മുക്‌വെഗെ?

  ഡെനിസ് മുക് വേഗെ ആഫ്രിക്കൻ രാജ്യമായ കോംഗോയിലെ പെൻസി ആശുപത്രിയുടെ ഡയറക്ടറും അറിയപ്പെടുന്ന സർജനുമാണ്. യുദ്ധങ്ങളിൽ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായ ആയിരക്കണക്കിന് പെൺകുട്ടികളെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്ന രക്ഷകനാണ് അദ്ദേഹം. ലൈംഗിക അതിക്രമങ്ങളിൽ‌ ഗുരുതരമായി പരിക്കേറ്റവരെ ചികിത്സിക്കുക മാത്രമല്ല, അവരെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരികയും പ്രത്യാശയുടെ പാഠങ്ങൾ പകർന്നുനൽകുകയും ചെയ്തു. ഇക്കാരണങ്ങൾ കൊണ്ട് 'സ്ത്രീകളുടെ പ്രശ്നപരിഹാരകൻ' എന്ന ഇരട്ടപ്പേരും കിട്ടി.

  ക്രൂരമായ ബലാത്സംഗത്തിന് വിധേയരായ സ്ത്രീകളുടെ യോനീവ്രണങ്ങളെ ശസ്ത്രക്രിയയിലൂടെ പൂർവസ്ഥിതിയിലാക്കുക മാത്രമല്ല, അവർക്ക് തുടർ ചികിത്സകളും കൗണ്‍സലിംഗും അദ്ദേഹത്തിന്റെ ആശുപത്രിയിൽ നൽകാറുണ്ട്.

  ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളും ഏറ്റവും ക്രൂരമായ അനുഭവമാണ് യോനീഭാഗത്തെ വ്രണങ്ങൾ. എവിടെ പോയാലും എല്ലാവരാലും വെറുക്കപ്പെടും. കുഷ്ഠരോഗത്തെക്കാൾ മോശമായ അവസ്ഥയാണത് - ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. സ്വന്തം ജീവൻപോലും പണയം വച്ചാണ് ഡെനിസ് മുക് വേഗെയും നദിയ മുറാദും ഇരകൾക്ക് നീതി ലഭ്യമാക്കാൻ പോരാടിയത്'- പുപരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് ബെറിസ് റെയ്സ് ആൻഡേഴ്സൺ പറഞ്ഞു.

  First published: