ISIS തലവൻ അബു ഹുസൈൻ അൽ-ഖുറാഷി സിറിയയിൽ കൊല്ലപ്പെട്ടെന്ന് തുർക്കി പ്രസിഡന്റ്
- Published by:Vishnupriya S
- news18-malayalam
Last Updated:
തുർക്കിയുടെ എംഐടി രഹസ്യാന്വേഷണ ഏജൻസി നടത്തിയ ഓപ്പറേഷനിലാണ് ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ തലവൻ കൊല്ലപ്പെട്ടത്
തുർക്കിയുടെ എംഐടി രഹസ്യാന്വേഷണ ഏജൻസി നടത്തിയ ഓപ്പറേഷനിൽ ഐസിസ് (ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ) തലവൻ കൊല്ലപ്പെട്ടതായി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ പറഞ്ഞു. “സിറിയയിലെ എംഐടി നടത്തിയ ഒരു ഓപ്പറേഷനിൽ അബു ഹുസൈൻ അൽ ഖുറാഷി എന്ന രഹസ്യനാമത്തിൽ അറിയപ്പെടുന്ന ദായേഷിന്റെ നേതാവ് എന്ന് സംശയിക്കപ്പെടുന്നയാളെ കൊലപ്പെടുത്തി,” എന്നാണ് എർദോഗൻ അറിയിച്ചത്. നവംബർ 30 ന് ഐസിസ് തങ്ങളുടെ മുൻ നേതാവ് അബു ഹസൻ അൽ ഹാഷിമി അൽ ഖുറാഷിയുടെ മരണം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് സംഘടന അബു ഹുസൈൻ അൽ ഖുറാഷിയെ അദ്ദേഹത്തിന്റെ പകരക്കാരനായി നിയമിച്ചു.
വടക്കൻ സിറിയയിലെ ഒരു മാധ്യമപ്രവർത്തകൻ പറയുന്നതനുസരിച്ച് അഫ്രിനിന്റെ വടക്കുപടിഞ്ഞാറൻ പ്രദേശമായ ജിൻഡൈറസിൽ തുർക്കി രഹസ്യാന്വേഷണ സേനയും പ്രാദേശിക സൈനിക പോലീസും ചേർന്ന് ഒരു സോൺ പൂർണ്ണമായി അടച്ചുപൂട്ടിയിരുന്നു. ഇവിടെ ഉപേക്ഷിക്കപ്പെട്ട ഒരു ഫാം ഇസ്‌ലാമിക് സ്‌കൂളായി ഉപയോഗിക്കുന്നതായി പ്രദേശവാസികൾ അറിയിച്ചിരുന്നു. അവിടെയാണ് ഓപ്പറേഷൻ നടന്നത്. ആ സമയത്ത് അവിടെ ഉണ്ടായിരുന്ന ഐസിസ് തലവൻ ആ ഓപറേഷനിടെ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
advertisement
2020 മുതൽ വടക്കൻ സിറിയയിൽ തുർക്കി സൈനികർ നിലയുറപ്പിച്ചിട്ടുണ്ട്. കൂടാതെ സിറിയൻ സഹായ സേനയുടെ സഹായത്തോടെ വലിയ മേഖലകൾ അവർ നിയന്ത്രിക്കുകയും ചെയ്യുന്നു. മിഡിൽ ഈസ്റ്റിലും യൂറോപ്പിലും ഐസിസ് ആക്രമണത്തിന് തയ്യാറെടുക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ പകുതിയോടെ അമേരിക്ക വടക്കൻ സിറിയയിൽ നിരവധി തവണ ഹെലികോപ്റ്റർ റെയ്ഡ് നടത്തുകയുണ്ടായി. റെയ്ഡിനിടെ ഉണ്ടായ സംഘർഷത്തിൽ ഐഎസ് അംഗം അബ്ദുൽ ഹാദി മഹ്മൂദ് അൽ ഹാജി അലി കൊല്ലപ്പെട്ടതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചിരുന്നു.
advertisement
ഏപ്രിൽ 16 ന് സിറിയയിൽ ISIS തീവ്രവാദികൾ കുറഞ്ഞത് 41 പേരെ കൊലപ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ടവരിൽ 24 പേർ സാധാരണക്കാരായിരുന്നു. ഏപ്രിൽ ആദ്യവാരം യൂറോപ്പിൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്ത ഐസിസ് സീനിയർ ഖാലിദ് അയ്ദ് അഹ്മദ് അൽ-ജബൂരിയെ വധിച്ചതായും യുഎസ് സേന അവകാശപ്പെട്ടു. സമീപ വർഷങ്ങളിൽ ഐസിസ് യൂറോപ്പിൽ നിരവധി ഭീകരാക്രമണങ്ങൾ നടത്തിയിട്ടുണ്ട്. പ്രധാനമായും 2014 നും 2017 നും ഇടയിലാണ് ആക്രമണങ്ങൾ നടത്തിയത്. 2015 നവംബറിൽ പാരീസ് ആക്രമണം, 2016 മാർച്ചിൽ ബ്രസൽസ് ബോംബിംഗ്, 2016 ജൂലൈയിൽ നൈസ് ട്രക്ക് ആക്രമണം, 2016 ഡിസംബറിൽ ബെർലിൻ ട്രക്ക് ആക്രമണം, 2017 മേയിൽ മാഞ്ചെസ്റ്റർ അരീന ബോംബിംഗ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
advertisement
ഇത്തരം ആക്രമണങ്ങൾ യൂറോപ്പിലെ തീവ്രവാദ ഭീഷണിയെക്കുറിച്ചും അത്തരം ആക്രമണങ്ങൾ തടയാനുള്ള സുരക്ഷാ സേനയുടെ കഴിവിനെക്കുറിച്ചും വ്യാപകമായ ഭയവും ആശങ്കയും ഉളവാക്കിയിട്ടുണ്ട്. ഇറാഖിലും സിറിയയിലും ഭൂരിഭാഗം പ്രദേശത്തും ഐഎസിന് അതിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിട്ടും ആഗോളതലത്തിൽ ഐഎസിനെ അനുകൂലിക്കുന്ന ശൃംഖല ഉണ്ടാക്കി എടുക്കാനും ഒറ്റപ്പെട്ട ആക്രമണങ്ങൾ സംഘടിപ്പിക്കാനും അവർക്ക് കഴിയുന്നുണ്ട്.
2019 ഒക്ടോബറിൽ വടക്കുപടിഞ്ഞാറൻ സിറിയയിൽ യുഎസ് സൈനിക നടപടിയിൽ ഐസിസ് നേതാവ് അബൂബക്കർ അൽ-ബാഗ്ദാദി കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ മരണം ഐഎസിന് കനത്ത തിരിച്ചടിയായിരുന്നു. എന്നിരുന്നാലും ഈ സംഘം വീണ്ടും തീവ്രവാദ ആക്രമണങ്ങൾ നടത്തുകയും അതിന്റെ ആഗോള അനുബന്ധ ശൃംഖലകൾ നിലനിർത്തുകയും ചെയ്യുന്നുണ്ട്. ഇത് ലോകസമാധാനത്തിന് തന്നെ ഭീഷണിയാണെന്ന് വിലയിരുത്തപ്പെടുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 05, 2023 8:03 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ISIS തലവൻ അബു ഹുസൈൻ അൽ-ഖുറാഷി സിറിയയിൽ കൊല്ലപ്പെട്ടെന്ന് തുർക്കി പ്രസിഡന്റ്