ഹമാസ് കമാൻഡർ ഇബ്രാഹിം ബാരിയെ വധിച്ചെന്ന് ഇസ്രായേൽ; ഗാസയിലെ അഭയാർത്ഥി ക്യാമ്പിനു നേരെയും ആക്രമണം
- Published by:Naseeba TC
- news18-malayalam
Last Updated:
ബാലിയ അഭയാർത്ഥി ക്യാമ്പിൽ നടന്ന ആക്രമണത്തിൽ ഇതുവരെ 47 ഓളം മൃതദേഹങ്ങൾ കണ്ടെടുത്തതായാണ് റിപ്പോർട്ട്
ഗാസയിലെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പായ ജബാലിയ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ നിരവധിയാളുകൾ കൊല്ലപ്പെട്ടതായി ഹമാസിന്റെ കീഴിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒക്‌ടോബർ ഏഴിന് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തിൽ മുഖ്യ പങ്കുവഹിച്ച ഹമാസ് കമാൻഡർ ഇബ്രാഹിം ബാരിയെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് അഭയാർഥി ക്യാമ്പിൽ തങ്ങൾ ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെയും ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സിന്റെയും (ഐഡിഎഫ്) പ്രതികരണം. ജബാലിയ ബ്രിഗേഡിന്റെ കമാൻഡർ ഇബ്രാഹിം ബിയാരിയെ തങ്ങൾ വധിച്ചതായും ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ അറിയിച്ചു.
കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ലോഹക്കഷണങ്ങൾക്കിടയിൽ നിന്നുമാണ് സന്നദ്ധപ്രവർത്തകർ മൃതദേഹങ്ങളും പരിക്കു പറ്റിയവരെയും പുറത്തെത്തിച്ചതെന്ന് വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ജബാലിയ അഭയാർത്ഥി ക്യാമ്പിൽ നടന്ന ആക്രമണത്തിൽ ഇതുവരെ 47 ഓളം മൃതദേഹങ്ങൾ കണ്ടെടുത്തതായാണ് റിപ്പോർട്ട്.
“ഈ കൂട്ടക്കൊലകൾ അവസാനിപ്പിക്കാനും കുട്ടികളോടെങ്കിലും സഹതാപം കാണിക്കാനുമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്,” സംഭവത്തിൽ ഇരയായ ഒരാളുടെ മുത്തച്ഛൻ യൂസഫ് ഹിജാസി എഎഫ്‌പിയോട് പറഞ്ഞു.
advertisement
ആക്രമണത്തിൽ ഈ കെട്ടിടങ്ങൾക്ക് താഴെ സ്ഥിതി ചെയ്യുന്ന ഹമാസിന്റെ ഭൂഗർഭ താവളം ഇസ്രായേൽ തകർക്കുകയും നിരവധി ഹമാസ് ഭീകരർ കൊല്ലപ്പെട്ടതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. സംഭവത്തിൽ, 50 ലധികം പേർ മരിക്കുകയും 150 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് ഹമാസിന്റെ നേതൃത്വത്തിലുള്ള ഗസാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചത്. ക്യാമ്പിൽ ഇസ്രായേൽ നടത്തിയത് കൂട്ടക്കൊല ആണെന്നും ഇനിയും കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയേക്കാമെന്നും ഹമാസ് അറിയിച്ചു.
അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ അപലപിച്ച് ഈജിപ്ത് രംഗത്തെത്തി. പരിക്കേറ്റ പലസ്തീനികളെ ചികിത്സിക്കാൻ റഫ ക്രോസിംഗ് തുറക്കുമെന്നും ഈജിപ്ത് അറിയിച്ചു. ഹമാസും ഇസ്രായേലും തമ്മിലുള്ള സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് അതിർത്തി സാധാരണക്കാർക്ക് തുറന്നുകൊടുക്കാൻ ഈജിപ്ത് സമ്മതിക്കുന്നത്.
advertisement
ഇത്തരമൊരു ആക്രമണം മധ്യസ്ഥത വഹിക്കാനുള്ള ശ്രമങ്ങളെ ബാധിക്കുമെന്നും കൂടുതൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഖത്തർ മുന്നറിയിപ്പ് നൽകി. പ്രശ്നത്തിലെ പ്രധാന മധ്യസ്ഥരാണ് ഖത്തർ.
വടക്കൻ ഗാസയിൽ ഇസ്രായേലിന്റെ കരസേനയും ഹമാസും തമ്മിൽ ഒരു ദിവസം നീണ്ടു നിന്ന പോരാട്ടത്തിന് ശേഷമാണ് അഭയാർത്ഥി ക്യാമ്പിനു നേരെയുള്ള ആക്രമണം ഉണ്ടായത്. നൂറുകണക്കിന് പലസ്തീനികളാണ് തങ്ങളുടെ പ്രിയപ്പെട്ടവരെ തേടി സംഭവസ്ഥലത്ത് എത്തിയത്. 1.4 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ടായിരുന്ന അഭയാർത്ഥി ക്യാമ്പിൽ 116,000 പേരാണ് കഴിഞ്ഞിരുന്നത്. ഭൂകമ്പം ഉണ്ടാകുന്നതു പോലെയാണെന്ന് തങ്ങൾക്ക് ആദ്യം തോന്നിയതെന്ന് ക്യാമ്പിലെ താമസക്കാരിലൊരാൾ എഎഫ്പിയോട് പറഞ്ഞു.
advertisement
ഗാസയിൽ ആക്രമണ സംഭവങ്ങളും രക്തച്ചൊരിച്ചിലും വർധിച്ചു വരുന്നതിനെതിരെ പല ലോകനേതാക്കളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അഭയാർത്ഥി ക്യാമ്പിനു നേരേ നടന്ന ആക്രമണത്തിന് മണിക്കൂറുകൾക്ക് മുമ്പ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് നിലവിലെ സംഘർഷങ്ങളിൽ പെട്ട് ഇതുവരെ 8,525 പേരാണ് മരിച്ചത്. ഇതിൽ 3,542 കുട്ടികളും 2,187 സ്ത്രീകളും ഉൾപ്പെടുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
November 02, 2023 6:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഹമാസ് കമാൻഡർ ഇബ്രാഹിം ബാരിയെ വധിച്ചെന്ന് ഇസ്രായേൽ; ഗാസയിലെ അഭയാർത്ഥി ക്യാമ്പിനു നേരെയും ആക്രമണം