• HOME
 • »
 • NEWS
 • »
 • world
 • »
 • ഇംഗ്ലണ്ടിലും വെയിൽസിലും വിവാഹപ്രായം കൂട്ടി; പുതിയ നിയമം പ്രാബല്യത്തിൽ

ഇംഗ്ലണ്ടിലും വെയിൽസിലും വിവാഹപ്രായം കൂട്ടി; പുതിയ നിയമം പ്രാബല്യത്തിൽ

യുകെയിൽ പതിനാറോ പതിനേഴോ വയസ് പ്രായമുള്ളവർക്ക് മാതാപിതാക്കളുടെ സമ്മതത്തോടെ വിവാഹം കഴിക്കാൻ വ്യവസ്ഥയുണ്ടായിരുന്നു

 • Share this:

  ഇംഗ്ലണ്ടിലും വെയിൽസിലും വിവാഹം കഴിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 വയസായി ഉയർത്തുന്ന പുതിയ നിയമം തിങ്കളാഴ്ച പ്രാബല്യത്തിൽ വന്നു. യുവാക്കൾ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം ചെയ്യേണ്ടി വരുന്ന അവസ്ഥ ഇല്ലാതാക്കാനാണ് പുതിയ നിയമം കൊണ്ടുവന്നത്. ഇതുവരെ യുകെയിൽ പതിനാറോ പതിനേഴോ വയസ് പ്രായമുള്ളവർക്ക് മാതാപിതാക്കളുടെ സമ്മതത്തോടെ വിവാഹം കഴിക്കാൻ വ്യവസ്ഥയുണ്ടായിരുന്നു. യുകെയിലെ ദക്ഷിണേഷ്യൻ, ആഫ്രിക്കൻ കമ്മ്യൂണിറ്റികളിലെ ചില വിഭാഗങ്ങളിലാണ് പ്രധാനമായും ഈ രീതി നിലനിന്നിരുന്നത്.

  നിർബന്ധിത വിവാഹങ്ങൾക്കെതിരെ ക്യാംപെയ്ൻ നടത്തിയിരുന്ന സംഘടനകൾ പുതിയ നിയമത്തെ സ്വാഗതം ചെയ്ത് രം​ഗത്തെത്തി. ”നിർബന്ധിത വിവാഹങ്ങൾ ഇപ്പോഴും നമ്മുടെ സമൂഹത്തിലുണ്ട്. പുതിയ നിയമം യുവാക്കൾക്ക് സംരക്ഷണമാകും എന്നുറപ്പാണ്’, യുകെ ഡെപ്യൂട്ടി പ്രധാനമന്ത്രിയും നീതിന്യായ വകുപ്പ് സെക്രട്ടറിയുമായ ഡൊമിനിക് റാബ് ഇന്ത്യാ ടുഡേയോട് പറഞ്ഞു. പ്രായപൂർത്തിയാകാത്തവരെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നവർ ഇനി മുതൽ ഈ നിയമം വ്യവസ്ഥ ചെയ്യുന്ന ശിക്ഷ നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശൈശവവിവാഹം നടത്തിയതിന് കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്ക് ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കും. ചില സമുദായങ്ങൾ നടത്തുന്ന പരമ്പരാ​ഗതമായ ചില ആചാരങ്ങളും പുതിയ നിയമത്തിന്റെ പരിധിയിൽ വരും.

  18 വയസ് ആണ് പ്രായപൂർത്തിയാകുന്നതു സംബന്ധിച്ചും പൗരത്വ അവകാശങ്ങൾ നേടുന്നതു സംബന്ധിച്ചുമുള്ള പ്രായമായി പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നതെന്നും യുകെ സർക്കാർ പറഞ്ഞു. ഇതിനു മുൻപ് രാജ്യത്ത് നിർബന്ധിത വിവാഹങ്ങൾ കുറ്റകരമായിരുന്നെങ്കിലും പുതിയ നിയമം നിലവിൽ‌ വന്നതോടെ 18 വയസിന് താഴെയുള്ളവരുടെ വിവാഹം, അത് ഏത് സാ​ഹചര്യത്തിലായാലും കുറ്റകരമാണ്.

  Also Read- കുട്ടികളിലെ ലൈംഗിക വിദ്യാഭ്യാസം; അന്തിമ തീരുമാനം മാതാപിതാക്കളുടേതെന്ന് അയര്‍ലന്‍ഡ് വിദ്യാഭ്യാസ മന്ത്രി

  ”ശൈശവവിവാഹം സംബന്ധിച്ച ഈ നിയമനിർമാണം വലിയൊരു ചുവടുവെയ്പാണ്. അത്തരം സാഹചര്യങ്ങളിൽ പെട്ടുപോകുന്നവർക്ക് നിയമം സംരക്ഷണം നൽകും”, നിർബന്ധിത വിവാഹത്തിന് ഇരകളായവർക്കു വേണ്ടി പ്രവർത്തിക്കുന്ന കർമ നിർവാണ ചാരിറ്റി എന്ന സംഘടനയുടെ ഡയറക്ടർ നടാഷ റാട്ടു പറഞ്ഞു. ”കഴിഞ്ഞ വർഷം, നാഷണൽ ഹോണർ ബേസ്ഡ് അബ്യൂസ് ഹെൽപ്‍ലൈൻ ശൈശവ വിവാഹങ്ങൾക്കിരകളായ 64 പേരെയാണ് സഹായിച്ചത്. ഇത് വലിയൊരു പ്രശ്നം തന്നെയാണ്. ഈ കുറ്റകൃത്യം ചെയ്യുന്നവരെ കണ്ടെത്താനും അത് ബന്ധപ്പെട്ടവരെ അറിയിക്കാനും ശൈശവവിവാഹത്തിന് ഇരകളാകാൻ സാധ്യതയുള്ള കുട്ടികൾക്ക് സംരക്ഷണം നൽകാനും പുതിയ നിയമം സഹായിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു”, നടാഷ കൂട്ടിച്ചേർത്തു. ശൈശവ വിവാഹത്തെത്തുടർന്ന് പലപ്പോഴും പെൺകുട്ടികൾ ഗാർഹിക പീഡനം നേരിടേണ്ടി വരുന്നുണ്ടെന്നും പലരുടെയും വിദ്യാഭ്യാസവും തൊഴിലസവരങ്ങളും ഇല്ലാതാകുന്നുവെന്നും പലരിലും ഗുരുതരമായ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്നും നടാഷ പറഞ്ഞു.

  2030 ഓടെ ശൈശവവിവാഹം പൂർണമായും നിർത്തലാക്കുമെന്ന് ഐക്യരാഷ്ട്രസഭയിൽ ചെയ്ത പ്രതിജ്ഞ നിറവേറ്റാനാണ് പുതിയ നിയമം കൊണ്ടുവന്നതെന്ന് യുകെ ഗവൺമെന്റ് പറഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിലിൽ മാസമാണ് പുതിയ നിയമത്തിന് ‌പാർലമെന്റ് അം​ഗീകാരം നൽകിയത്.

  Published by:Anuraj GR
  First published: