വിദേശ സിനിമകൾക്കും, വസ്ത്രധാരണത്തിനുമെതിരെ 'യുദ്ധം' പ്രഖ്യാപിച്ച് ഉത്തരകൊറിയ; നിയമ ലംഘകർക്ക് വധശിക്ഷ വരെ ലഭിച്ചേക്കാം
- Published by:Asha Sulfiker
- news18-malayalam
Last Updated:
സിനിമയിൽ മാത്രം ഒതുങ്ങുന്നതല്ല പുതിയ പരിഷ്കാരം. വിദേശ രീതിയിലുള്ള ഭാഷ, ഹെയർ സ്റ്റൈൽ, വസ്ത്ര ധാരണം എന്നിവയെ 'അപകടകരമായ വിഷം' എന്നാണ് കിം ജോങ് ഉൻ വിശേഷിപ്പിച്ചിരിക്കുന്നത്.
കിം ജോങ് ഉൻ എന്ന എകാധിപതിയുടെ ചെയ്തികളിലൂടെ എപ്പോഴും വാർത്തകളിൽ നിറയുന്ന രാജ്യമാണ് ഉത്തര കൊറിയ. അമ്പരപ്പിക്കുന്ന നിയമങ്ങള്‍ നിലവിലുള്ള രാജ്യത്ത്, ധാരാളം മനുഷ്യാവകാശ ലംഘനങ്ങളും നടക്കുന്നുണ്ട്. എല്ലാ തരത്തിലുള്ള വിദേശ സ്വാധീനങ്ങളെയും പുറത്ത് നിർത്താനുള്ള നിയമമാണ് അടുത്തിടെ ഉത്തര കൊറിയ നിർമ്മിച്ചിരിക്കുന്നത്. ഇതു പ്രകാരം വിദേശ സിനിമ കാണുന്നവർ, വിദേശ രീതിയിൽ വസ്ത്രം ധരിക്കുന്നവർ, വിദേശ ഭാഷ ഉപയോഗിക്കുന്നവർ തുടങ്ങിയവർ എല്ലാം ശിക്ഷിക്കപ്പെടും.
അമേരിക്ക, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള സിനിമകളുടെ ശേഖരം പിടിക്കപ്പെടുകയാണെങ്കിൽ വധശിക്ഷ വരെ ലഭിക്കാമെന്നാണ് റിപ്പോർട്ട് . ഇവ കാണുന്നതിനിടെയാണ് പിടികൂടുന്നത് എങ്കിൽ 15 വർഷത്തെ തടവാണ് അനുഭവിക്കേണ്ടി വരിക. സിനിമയിൽ മാത്രം ഒതുങ്ങുന്നതല്ല പുതിയ പരിഷ്കാരം. വിദേശ രീതിയിലുള്ള ഭാഷ, ഹെയർ സ്റ്റൈൽ, വസ്ത്ര ധാരണം എന്നിവയെ 'അപകടകരമായ വിഷം' എന്നാണ് കിം ജോങ് ഉൻ വിശേഷിപ്പിച്ചിരിക്കുന്നത്.
advertisement
നോർത്ത് കൊറിയയിലെ ദിനപത്രം റിപ്പോർട്ട് ചെയ്തത് പ്രകാരം കൊറിയൻ പോപ് താരങ്ങളുടെ സ്റ്റൈലിൽ മുടി വെട്ടുകയും വസ്ത്രം ധരിക്കുകയും ചെയ്തതിന് മൂന്ന് കൗമാരക്കാരായ കുട്ടികളെ റിഎഡ്യൂക്കേഷൻ ക്യാമ്പിലേക്ക് വിട്ടിരിക്കുകയാണ് ഉത്തരകൊറിയൻ ഭരണകൂടം. രാജ്യത്തെ ജീവിതം കൂടുതൽ ദുഃസഹമായതിനെ തുടർന്ന് പുറത്ത് നിന്നുള്ള വിവരങ്ങൾ രാജ്യത്തിനകത്ത് എത്താതിരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം നടപടി എന്നാണ് വിലയിരുത്തപ്പെടുന്നത്. ആണവ ആയുധങ്ങളോ, മിസൈലുകളോ ഉപയോഗിക്കാത്ത ഒരു യുദ്ധമാണ് കിം നടത്തുന്നത് എന്നും പറയുന്നു.
കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷമാണ് പുറം ലോകവുമായുള്ള നോർത്ത് കൊറിയയുടെ ബന്ധം ഏതാണ്ട് പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടത്. ചൈനയിൽ നിന്നുള്ള അവശ്യസാധനങ്ങളുടെ ഇറക്കുമതിയടക്കം ഇല്ലാതായി. ചില സാധനങ്ങളുടെ ഇറക്കുമതി ആരംഭിച്ചിട്ടുണ്ട് എങ്കിലും കയറ്റുമതി പൂർണ്ണമായും തന്നെ ഇല്ലാതായി. ധാരാളം പ്രശ്നങ്ങളുള്ള സമ്പദ്ഘടനയിൽ ഇത് വലിയ ആഘാതമുണ്ടാക്കി. സാമ്പത്തിക പ്രശ്നങ്ങൾക്ക് ഇടയിലും ആണവ പരീക്ഷണങ്ങളുമായി കിം മുന്നോട്ട് പോയി. വലിയ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്ന് പോകുന്നത് എന്ന് ഈ വർഷം ആദ്യം കിം തന്നെ തുറന്ന് പറയുന്ന സഹചര്യവും ഉണ്ടായിരുന്നു.
advertisement
വെല്ലുവിളി നിറഞ്ഞ സമയത്ത് കൂടുതൽ ശക്തമായ നിയമ നിർമ്മാണവുമായാണ് കിം ജോംഗ് ഉൻ മുന്നോട്ട് പോകുന്നതെന്ന് കഴിഞ്ഞ വർഷം വടക്കൻ കൊറിയയിൽ നിന്നും രക്ഷപ്പെട്ട് എത്തിയവരിൽ ഒരാളായ ചോയി ജോംഗ് ഉൻ പറയുന്നു. “വയറ് നിറഞ്ഞിരിക്കുന്ന സമയത്ത് ഒരു കൊറിയൻ സിനിമ കാണുന്നത് ആനന്ദമാണ് എന്നാൽ പട്ടിണിയിൽ കഴിയുന്ന സമയത്ത് അത് അങ്ങനെയാകില്ല” അദ്ദേഹം പറഞ്ഞു.
advertisement
ചൈന അതിർത്തി വഴിയാണ് വടക്കൻ കൊറിയയലേക്ക് വിദേശ സിനിമകൾ എത്തുന്നത്. പണ്ട് സിഡികളിൽ ആയിരുന്നു എങ്കിൽ യുഎസ്ബി വഴിയാണ് ഇന്ന് സിനിമ എത്തുന്നത്. പാസ് വേഡിൻ്റെ സംരക്ഷണമുള്ള ഇവ രണ്ട് മൂന്ന് തവണ തെറ്റായ പാസ് വേഡ് ടൈപ്പ് ചെയ്താൽ ഉള്ളടക്കം ഡിലീറ്റ് ചെയ്യപ്പെടുന്ന രീതിയിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. ഒറ്റത്തവണ തെറ്റായ പാസ് വേഡ് അടിച്ചാൽ ഉള്ളടക്കം നഷ്ടമാകുന്ന യുഎസ്ബി കളും ലഭ്യമാണ്.
മുമ്പ് സിഡികളിലായിരുന്ന സമയത്ത് യൂണിവേഴ്സിറ്റികളിലടക്കം റെയ്ഡ് നടത്തി വൻ തോതിൽ ഇവ പിടിച്ചെടുക്കുന്ന സംഭവം ഉണ്ടായിരുന്നു. പിടിക്കപ്പെടുന്ന ചിലരൊക്കെ കൈക്കൂലിയും മറ്റും നൽകി രക്ഷപ്പെടുകയും ചെയ്യുമായിരുന്നു. എന്നാൽ ഇപ്പോൾ നിയമം കർശനമാക്കിയതിലൂടെ ഇത് സാധ്യമാകില്ലെന്നാണ് പറയപ്പെടുന്നത്. മുമ്പ് ഒന്നും രണ്ടും വർഷമുളള തടവ് നൽകിയ സ്ഥാനത്ത് വധശിക്ഷ വരെ ലഭിക്കുന്ന കുറ്റമായാണ് വിദേശ സിനിമ കാണുന്നതിനെ കിം ജോങ് ഉൻ മാറ്റിയിരിക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 08, 2021 1:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
വിദേശ സിനിമകൾക്കും, വസ്ത്രധാരണത്തിനുമെതിരെ 'യുദ്ധം' പ്രഖ്യാപിച്ച് ഉത്തരകൊറിയ; നിയമ ലംഘകർക്ക് വധശിക്ഷ വരെ ലഭിച്ചേക്കാം


