വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അടുത്ത സഹായി എറിക് ഗാർസെറ്റിയെ ഇന്ത്യയിലെ യു.എസ് അംബാസഡറാക്കുന്നതിന് സെനറ്റ് അംഗീകാരം നൽകി. രണ്ട് വർഷത്തിലേറെയായി ഒഴിഞ്ഞുകിടക്കുന്ന പ്രധാന നയതന്ത്ര പദവിയിലാണ് നിയമനം നടത്തിയത്.
52-കാരനായ ഗാർസെറ്റിയുടെ നാമനിർദ്ദേശം സ്ഥിരീകരിക്കാൻ ബുധനാഴ്ച സെനറ്റിൽ വോട്ടെടുപ്പ് നടന്നു. 52-42ന് ഗാർസെറ്റിയുടെ നാമനിർദേശം പാസാകുകയായിരുന്നു. ഏഴ് റിപ്പബ്ലിക്കൻമാരും ഭൂരിപക്ഷം ഡെമോക്രാറ്റുകളും ഗാർസെറ്റിയെ പിന്തുണച്ചു. എന്നാൽ മൂന്ന് ഡെമോക്രാറ്റുകൾക്കൊപ്പം ഭൂരിപക്ഷം റിപ്പബ്ലിക്കൻമാർ എതിർത്താണ് വോട്ട് ചെയ്തത്.
മുൻ ലോസ് ഏഞ്ചൽസ് മേയർ കൂടിയായ ഗാർസെറ്റിയുടെ നാമനിർദ്ദേശം 2021 ജൂലൈ മുതൽ യുഎസ് കോൺഗ്രസിന് മുമ്പാകെ തീർപ്പുകൽപ്പിക്കാതെ കിടക്കുകയായിരുന്നു. പ്രസിഡന്‍റ് ബൈഡൻ അഭിമാനപ്രശ്നമായി കണ്ട ഈ നിയമനം ഒടുവിൽ സെനറ്റിൽ വോട്ടെടുപ്പിനായി വിടുകയായിരുന്നു.
ഇന്ത്യയുമായി അമേരിക്കയ്ക്ക് നിർണായക പങ്കാളിത്തമുണ്ടെന്നും ഗാർസെറ്റി ശക്തവും ഫലപ്രദവുമായ അംബാസഡറായി മാറുമെന്നും പ്രസിഡൻറ് ബൈഡൻ വിശ്വസിക്കുന്നതായി പ്രിൻസിപ്പൽ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ഒലിവിയ ഡാൾട്ടൺ പിടിഐയോട് പറഞ്ഞു. “മേയർ ഗാർസെറ്റിയെ സ്ഥിരീകരിക്കാൻ വോട്ട് ചെയ്ത എല്ലാ സെനറ്റർമാരോടും പ്രസിഡന്റ് നന്ദി പറയുന്നു,” ഡാൽട്ടൺ പറഞ്ഞു.
“ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം ശക്തവും തന്ത്രപരവും സാമ്പത്തികവും സാംസ്കാരികവുമായ പ്രാധാന്യമുള്ള ഒന്നാണ്. ഈ പങ്കാളിത്തം ഭാവിയിൽ കൂടുതൽ ശക്തമായി മുന്നോട്ടുപോകും,” സെനറ്റ് ഇന്ത്യ കോക്കസിന്റെ കോ-ചെയർ സെനറ്റർ മാർക്ക് വാർണർ പറഞ്ഞു. “സെനറ്റ് ഇന്ത്യ കോക്കസിന്റെ കോ-ചെയർ എന്ന നിലയിൽ, ഒടുവിൽ സെനറ്റ് സ്ഥിരീകരിച്ച ഒരു അംബാസഡർ ന്യൂഡൽഹിയിൽ ഉണ്ടാകുമെന്നതിൽ എനിക്ക് സന്തോഷമുണ്ട്,” വാർണർ പറഞ്ഞു.
ബൈഡന്റെ അടുത്ത അനുയായി ഗാർസെറ്റിയെ വിജയിപ്പിക്കാൻ ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിക്ക് വേണ്ടത്ര പിന്തുണയില്ലാത്തതിനാൽ ഈ വിഷയം കഴിഞ്ഞ കോൺഗ്രസിന്റെ സമയത്ത് വോട്ടിനായി സെനറ്റിലേക്ക് എത്തിച്ചിരുന്നില്ല. മുൻ ഉപദേഷ്ടാവ് ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണങ്ങൾ മേയറായിരുന്ന സമയത്ത് ഗാർസെറ്റി ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ലെന്ന ചില സെനറ്റർമാരുടെ ആശങ്കകൾക്കിടയിലാണ് പ്രസിഡന്റ് ബൈഡന്റെ അനുയായിയുടെ നിയമനം വോട്ടെടുപ്പിൽ പാസായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.