• HOME
  • »
  • NEWS
  • »
  • world
  • »
  • പണപ്പെരുപ്പം; യുകെയിൽ നേഴ്സുമാരും അധ്യാപകരും ഉൾപ്പെടെയുള്ളവർക്ക് ശമ്പളം കുറയുന്നു

പണപ്പെരുപ്പം; യുകെയിൽ നേഴ്സുമാരും അധ്യാപകരും ഉൾപ്പെടെയുള്ളവർക്ക് ശമ്പളം കുറയുന്നു

അതീവ പ്രധാനമായ വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും ഉയരുന്ന വിലയോട് കിടപിടിക്കാനുള്ള ശമ്പളം ലഭിക്കുന്നില്ല

  • Share this:

    യു കെ യിലെമ്പാടും കഴിഞ്ഞ കുറച്ചു മാസങ്ങളായി തൊഴിലാളികൾ സമരത്തിലാണ്. തങ്ങൾക്ക് ലഭിക്കുന്ന വേതനം കൊണ്ട് ജീവിക്കാൻ സാധിക്കുന്നില്ല എന്ന് പ്രഖ്യാപിച്ചാണ് വേതനം കൂട്ടണം എന്ന ആവശ്യവുമായി അവർ സമരം ചെയ്യുന്നത്.

    ഒരു തൊഴിൽ മേഖലയിൽ മാത്രം ഒതുങ്ങി നിൽക്കുന്നവയല്ല ഈ സമരങ്ങൾ. സമസ്ത മേഖലകളിലെയും തൊഴിലാളികളും ജീവനക്കാരും വേതന വർധന ആവശ്യപ്പെട്ട് സമരരംഗത്താണ്. മറ്റു പല രാജ്യങ്ങളിലുമെന്നത് പോലെ യു കെയിലും ഉയർന്ന പണപ്പെരുപ്പം മൂലം സകല സാധനങ്ങളുടെയും വില കുതിച്ചുയർന്നിരിക്കുകയാണ്. എന്നാൽ തൊഴിലാളികൾക്ക് ലഭിക്കുന്ന വേതനനിരക്കിൽ വന്നിട്ടുള്ള വ്യത്യാസങ്ങൾ ഈ പ്രതിസന്ധിയെ നേരിടാൻ പര്യാപ്തമല്ല എന്നാണ് ബിബിസി ഈയടുത്ത് നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. മറ്റു പ്രധാന കണ്ടെത്തലുകൾ ഇവയാണ്:

    അതീവ പ്രധാനമായ വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും ഉയരുന്ന വിലയോട് കിടപിടിക്കാനുള്ള ശമ്പളം ലഭിക്കുന്നില്ല. അധ്യാപകരും നഴ്സുമാരുമാണ് ഇത്തരത്തിൽ ഏറ്റവും രൂക്ഷമായ പ്രതിസന്ധി നേരിടുന്നതത്രെ. കഴിഞ്ഞ പതിറ്റാണ്ടിൽ യു കെയിലെ തൊഴിലാളികളുടെ ശരാശരി വാർഷിക വേതനം 25 ശതമാനത്തോളം ഉയർന്ന് 33,000 പൗണ്ടിൽ എത്തിയിരുന്നു. എന്നാൽ പണപ്പെരുപ്പ നിരക്ക് അതിലും ഉയർന്ന് നിൽക്കുന്നത് കൊണ്ട് ഈ വേതനം യഥാർത്ഥത്തിൽ ആവശ്യമുളളതിനെക്കാൾ 230 പൌണ്ട് കുറവാണ്.

    Also read: അമേരിക്കൻ വ്യോമസേനയുടെ തലപ്പത്ത് ഇനി ഇന്ത്യൻ വംശജൻ; ആരാണ് രവി ചൗധരി?

    ഈ കുറവ് ഏറ്റവും പ്രകടമായത് സ്കൂൾ അധ്യാപകരുടെ ശമ്പളത്തിലാണ്. വിലക്കയറ്റത്തിന് അനുപാതികമായി നോക്കിയാൽ അവർക്ക് ലഭിക്കുന്ന ശമ്പളത്തിൽ അയ്യായിരത്തോളം പൗണ്ടിന്റെ കുറവുണ്ട്. ജൂനിയർ ഡോക്ടർമാരുടെ അവസ്ഥയും മറ്റൊന്നല്ല. നഴ്സുമാരുടെ ശമ്പളത്തിലും ഈ വിടവ് ദൃശ്യമാണ്. മെഡിക്കൽ രംഗത്ത് ഏറ്റവും മോശം അവസ്ഥ ആംബുലൻസ് ഡ്രൈവർമാർക്കും എമർജൻസി മെഡിക്കൽ ടെക്നീഷ്യൻമാർക്കുമാണ്.

    സർക്കാർ വകുപ്പുകളിൽ ചെറിയ ജോലികൾ ചെയ്യുന്ന ജൂനിയർ സിവിൽ സർവന്റ്സിന്റെ ശമ്പളം മെച്ചമാണ്. പണപ്പെരുപ്പം മാത്രം കൊണ്ട് കൂടുന്നതിനെക്കാൾ 1300 പൗണ്ട് അധികം വേതനം അവർക്ക് ഇപ്പോൾ തന്നെ കിട്ടുന്നുണ്ട്. സ്വൽപം കൂടെ ഉയർന്ന തലത്തിൽ ഉള്ള അസോസിയേറ്റ് റാങ്ക് കാരുടെ കാര്യത്തിൽ ഈ അധിക തുക 2400 പൗണ്ടാണത്രെ.

    സീനിയർ ഡോക്ടർമാരെ ഇക്കാര്യം ബാധിച്ചിട്ടില്ല. അതിനാൽ തന്നെ നടന്ന സമരങ്ങളിൽ ഒന്നും തന്നെ അവർ പങ്കെടുത്തിട്ടുമില്ല. സത്യത്തിൽ യു കെ യിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന രണ്ട് ശതമാനത്തിലാണ് സീനിയർ ഡോക്ടർമാർ പെടുന്നത്.

    വലിയ സമരങ്ങൾ നടന്ന മറ്റൊരു വകുപ്പ് റയിൽവേ ആണ്. ഇവിടെ ലോക്കോ പൈലറ്റുമാരുടെ ശമ്പളം മെച്ചപ്പെട്ടതാണ് എങ്കിലും മറ്റ് ജീവനകാരുടെ കാര്യം പരുങ്ങലിൽ ആണത്രേ .

    ഈ സാഹചര്യങ്ങൾ കാരണം വരും ദിവസങ്ങളിലും യുകെ തൊഴിലാളി സമരങ്ങളുടെ തീച്ചുളയിലായേക്കും എന്നും ഇനിയും ഏറെ യൂണിയനുകൾ വേതന വർദ്ധനവ് ആവശ്യപ്പെട്ട് സമരാഹ്വാനം നടത്തിയേക്കും എന്നും ആണ് ബി ബി സിയുടെ ഈ പഠനം സൂചിപ്പിക്കുന്നത്.

    Published by:user_57
    First published: